ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ നടി കിയാര അദ്വാനിക്കെതിരെ കടുത്ത സൈബർ ആക്രമണം. കന്നഡ താരം യഷിനൊപ്പമുള്ള 'തബാഹി' ഗാനത്തിലെ രംഗങ്ങളാണ് ഒരു വിഭാഗം പ്രേക്ഷകരെ കിയാരയ്ക്കെതിരെ തിരിച്ചത്. വിവാഹിതയും അമ്മയുമായ കിയാര എന്തിനാണ് ഇത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം. എന്നാൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യഷിന് ഇതേ രംഗങ്ങളുടെ പേരിൽ സമാനമായ വിമർശനങ്ങളോ വിദ്വേഷമോ നേരിടേണ്ടി വന്നിട്ടില്ല. ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹതാരമായ നടി ഹുമ ഖുറേഷി. സിനിമ പുറത്തിറങ്ങുമ്പോൾ അവസാന ചിരി അതിൽ പ്രവർത്തിച്ച സ്ത്രീകളുടേതായിരിക്കുമെന്ന് ഹുമ പറഞ്ഞു. ചിത്രം തന്നെ വിമർശകരുടെ വായടപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കിയാരയ്ക്കെതിരായ ട്രോളുകൾ "അറപ്പുളവാക്കുന്നതാണ്" എന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഹുമ ഖുറേഷി പറഞ്ഞു. ഇരുവരും വിവാഹിതരാണെങ്കിലും, ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ യഷിനേക്കാൾ വലിയ വിമർശനമാണ് കിയാര നേരിടേണ്ടി വന്നതെന്ന് അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഹുമയുടെ പ്രതികരണം. "സിനിമ പുറത്തിറങ്ങുമ്പോൾ അതിൽ പ്രവർത്തിച്ച നടിമാരും സംവിധായികയുമടക്കമുള്ള സ്ത്രീകളാണ് വിജയിക്കാൻ പോകുന്നത്. വാക്കുകൾ കൊണ്ട് ആളുകളുടെ ചിന്താഗതി മാറ്റാൻ കഴിയില്ല. അതിനാൽ ഇതിലൊന്നും പ്രതികരിച്ച് സമയം കളയുന്നതിൽ അർഥമില്ല. സിനിമ തന്നെ അതിനുള്ള മറുപടി നൽകട്ടെ. ഈ ലോകം വളരെ ദയയുള്ളതാണെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ സോഷ്യൽ മീഡിയ അങ്ങനെയല്ല." — ഹുമ പറഞ്ഞു.
'ടോക്സിക്' ചിത്രത്തിലെ ആദ്യ ഗാനമായ 'തബാഹി' പുറത്തിറങ്ങിയതുമുതൽ കിയാരയ്ക്കെതിരായ വിമർശനങ്ങൾ അവരുടെ വ്യക്തിജീവിതത്തെയും ദാമ്പത്യത്തെയും വരെ ലക്ഷ്യമിടുന്ന തരത്തിലേക്ക് മാറുകയായിരുന്നു. കിയാരയുടെ ഭർത്താവും നടനുമായ സിദ്ധാർഥ് മൽഹോത്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെയും സമാനമായ കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
നേരത്തെ ചിത്രത്തിൽ അഭിനയിക്കുന്ന ബ്രിട്ടീഷ് നടൻ ബെനഡിക്റ്റ് ഗാരറ്റും കിയാരയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു."യഷും വിവാഹിതനാണ്. അദ്ദേഹത്തിനും കുട്ടികളുണ്ട്. പിന്നെന്തുകൊണ്ടാണ് സ്ത്രീക്ക് മാത്രം അധിക്ഷേപം നേരിടേണ്ടി വരുന്നത്? യാഥാർഥ്യം മനസ്സിലാക്കൂ. അവർ അഭിനേതാക്കളാണ്. കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും, യഥാർഥത്തിൽ പ്രണയത്തിലല്ലെങ്കിലും അങ്ങനെയാണെന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നതാണ് അവരുടെ ജോലി. മനുഷ്യാനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന കഥകളാണ് അവർ പറയുന്നത്." — എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'കെ.ജി.എഫ്' പരമ്പരയ്ക്ക് ശേഷം യഷിന്‍റെ സിനിമാരംഗത്തേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം 'ടോക്സിക്'. യഷിനൊപ്പം കിയാര അദ്വാനി, നയൻതാര, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. 'A Fairy Tale for Grown-Ups' എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. ചിത്രം ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.