yash-nayanthara

‘ടോക്സിക്; എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സി’ലെ രണ്ടാമത്തെ ഗാനം പുറത്ത്. ‘തബാഹി’ എന്ന ഗാനത്തിന് ലഭിച്ച പ്രേക്ഷസ്വീകാര്യതക്ക് പിന്നാലെയാണ്, രണ്ടാമത്തെ ഗാനമായ ‘മധുമോഹിനി’ പുറത്തിറങ്ങിയിരിക്കുന്നത്. യഷും താര സുതാരിയയുമാണ് ഈ ഗാനത്തില്‍ പ്രധാനമായും അഭിനയിച്ചിരിക്കുന്നത്. നയന്‍താരയും കിയാര അദ്വാനിയും ഏതാനും രംഗങ്ങളില്‍ എത്തുന്നുണ്ട്.  കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ഗാനം പ്രണയത്തിന്റെ പുതിയ ഭാവമാണ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്.  

ഞങ്ങളുടെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്ന ഒരു ഗാനമാണന്നാണ് ‘മധുമോഹിനി‘യെക്കുറിച്ച് സംഗീതസംവിധായകൻ തനിഷ്ക് ബാഗ്ചി പറഞ്ഞത്. അർസ്ലാനും ഫഹീമും ഞാനും വീണ്ടും ഒന്നിച്ചെത്തിയ ഗാനമാണിത്. ‘ടോക്സിക്’ പോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഇതിനെ കൂടുതൽ പ്രത്യേകമാക്കുന്നു. അതോടൊപ്പം, അതുല്യപ്രതിഭയായ സിദ്ധാർത്ഥ് ബസ്രൂറുമായി സഹകരിക്കാനായതിലും ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. റായയുടെയും റെബെക്കയുടെയും കഥാപാത്രങ്ങളുടെ വൈകാരിക യാത്രയെ ഈ ഗാനം മനോഹരമായി അവതരിപ്പിക്കുന്നു. പ്രണയം, ആകാംക്ഷ, പ്രണയത്തിന്റെ അതുല്യ നിമിഷങ്ങൾ എന്നിവയെ അതിസുന്ദരമായി ആവിഷ്കരിക്കുന്ന ഗാനമാണിത്. ഈ ഗാനം ഒരുക്കുമ്പോൾ ഞങ്ങൾ അനുഭവിച്ച അതേ ഹൃദയസ്പർശിയായ വികാരങ്ങൾ പ്രേക്ഷകരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു,  തനിഷ്ക് ബാഗ്ചി പറഞ്ഞു.

വേദനയെക്കുറിച്ച് മാത്രമുള്ള ഗാനമല്ല. രണ്ട് ആളുകൾക്കിടയിൽ പറയാതെ അവശേഷിക്കുന്ന എല്ലാ വികാരങ്ങളെയും കുറിച്ചുള്ള ഗാനമാണിതെന്ന് ഗായകൻ സിദ്ധാർത്ഥ് ബസ്രൂർ പറഞ്ഞു. ആകാംക്ഷയും നിസ്സഹായതയും ഗാനത്തിലുടനീളം ഒഴുകുന്നുണ്ട്. അതുകൊണ്ടുതന്നെ, വേദനയെ മാത്രം പ്രതിഫലിപ്പിക്കുന്നതിനേക്കാൾ ആ വികാരങ്ങളുടെ ആത്മാർത്ഥത, ശബ്ദത്തിലൂടെ പ്രകടമാക്കാനാണ് ഞാൻ ശ്രമിച്ചത്. ഈ ഗാനം വികാരനിർഭരമാണെങ്കിലും, അതിനൊപ്പം ക്രമേണ ശക്തിപ്പെടുന്ന ഒരു തീവ്രതയും അതിലുണ്ട്. അതാണ് ഈ ഗാനത്തിന്റെ പ്രത്യേകതയെന്നും സിദ്ധാർത്ഥ് ബസ്രൂർ പറഞ്ഞു.

തനിഷ്ക് ബാഗ്ചി, അർസ്ലാൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനത്തിന് അഞ്ച് ഭാഷകളിലുമുള്ള പതിപ്പുകൾക്ക് ശബ്ദം നൽകിയിരിക്കുന്നത് സിദ്ധാർത്ഥ് ബസ്രൂറാണ്. പ്രമോദ് മറവാന്തെ (കന്നഡ), അർസ്ലാൻ നിസാമി, സയ്യിദ് മുറാദ് ഗിലാനി (ഹിന്ദി), രാമജോഗയ്യ ശാസ്ത്രി (തെലുങ്ക്), വിഘ്നേഷ് ശിവൻ (തമിഴ്), രാജീവ് ഗോവിന്ദൻ (മലയാളം) എന്നിവരാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. യഷ്, നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’.  

യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ സംവിധാനം ഗീതു മോഹൻദാസാണ്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.  

ENGLISH SUMMARY:

This Malayalam article announces the release of the second single, "Madhumohini," from Geetu Mohandas's upcoming multilingual film "Toxic: A Fairy Tale for Grown-Ups." It features quotes from music composer Tanishk Bagchi and singer Siddharth Basrour, detailing the song's emotional depth, romantic nuances, and the collaborative effort behind its multi-language versions. The track prominently stars Yash alongside Tara Sutaria, with cameo appearances by Nayanthara and Kiara Advani. Finally, the piece notes that the high-profile film, backed by KVN Productions and Monster Mind Creations, is slated for a worldwide theatrical release on August 26, 2026.