humakhureshi

കെജിഎഫിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് തരംഗമായ കന്നട സൂപ്പര്‍ താരം യഷ് നായകനാകുന്ന 'ടോക്സിക്ക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്' തിയറ്ററിലേക്കെത്താന്‍ ഒരുങ്ങുകയാണ്. മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ട്രെയിലറും ടീസറും ഇതിനോടകം വലിയ തരംഗവുമായിയിരിക്കുകയാണ്. ടോക്സിക്കില്‍ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് നായിക ഹുമ ഖുറേഷിയുടെ വാക്കുകളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. 

ജൂലൈ മൂന്നിന് റിലീസ് ചെയ്ത ബോളിവുഡ് ചിത്രം 'ബേബി ഡു ഡൈ ഡു'വിന്‍റെ പ്രമോഷന്‍ വേളയിലാണ് കരിയറില്‍ വനിതാ സംവിധായകരുടെ സിനിമയില്‍ ജോലി ചെയ്യുന്ന അനുഭവത്തെക്കുറിച്ച് ഹുമ ഖുറേഷി മനസ് തുറന്നത്. 'ടോക്സിക്' പോലെ ഒരു സിനിമ ഇതിനു മുന്‍പ് ആളുകള്‍ കണ്ടിട്ടില്ലെന്നാണ് ചിത്രത്തെക്കുറിച്ച് നടി പറഞ്ഞത്. സംവിധായിക ഗീതു മോഹൻദാസിനെ പ്രശംസിച്ചും ഹുമ ഖുറേഷി സംസാരിച്ചു. 

huma1

"ഗീതു മോഹൻദാസിന്‍റെ സിനിമകള്‍ എല്ലാം അതിശയകരമാണ്. അവരുടെ സിനിമകൾക്ക് അന്താരാഷ്ട്ര അംഗീകാരവും ലഭിച്ചിട്ടുണ്ട്. ടോക്സിക്കിലേക്ക് വിളിക്കുമ്പോള്‍ ഒരു വനിതാ ചലച്ചിത്ര സംവിധായികയുടെ സാധ്യതയെക്കുറിച്ച് ഞാൻ ആവേശഭരിതനായിരുന്നു", സംവിധായിക ഗീതു മോഹന്‍ദാസിനെക്കുറിച്ച് ഹുമ ഖുറേഷി പറഞ്ഞു. 

സിനിമാ മേഖലയിൽ വനിതാ സംവിധായകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഹുമ പറഞ്ഞു. "സിനിമാ മേഖലയില്‍, പ്രത്യേകിച്ച് വാണിജ്യ സിനിമകളില്‍ വനിതാ  സംവിധായകര്‍ക്ക് ജോലി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം പല പുരുഷ അഭിനേതാക്കളും വനിതാ സംവിധായകയുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ മടിക്കുന്നവരാണ്."

എന്നാല്‍ യാഷ് പോലെ ഒരു സൂപ്പർസ്റ്റാറിനെ നായകനാക്കി ഗീതു മോഹൻദാസ് ഇത്രയും വലിയ സിനിമ സംവിധാനം ചെയ്യുന്നത് അവര്‍ ഇരുവരുടെയും ഇടയിൽ വളരെ ആരോഗ്യകരമായ സഹകരണമുണ്ട് എന്നതിനാലാണെന്നും ഹുമ കൂട്ടിച്ചേര്‍ത്തു. "ഗീതു മോഹന്‍ദാസ് ഒരുക്കിയ  ചിത്രം എല്ലാവരെയും ഞെട്ടിക്കും. ഇത്രയും വലിയ താരനിരയിലുള്ള നടിമാർ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, എന്തോ വലിയ കാര്യം സംഭവിക്കും" എന്ന പ്രതീക്ഷയും ഹുമ പങ്കുവെച്ചു. 

'ഗ്യാങ്സ് ഓഫ് വസിപൂര്‍' സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ബോളിവുഡില്‍ തന്‍റേതായ മേല്‍വിലാസം സൃഷ്ടിച്ച താരമാണ് ഹുമ ഖുറേഷി. മമ്മൂട്ടിയുടെ നായികയായി വൈറ്റ് എന്ന മലയാള ചിത്രത്തിലും ഭാഗമായിട്ടുണ്ട്.  രജനികാന്തിനൊപ്പം കാലാ, അജിത്തിനൊപ്പം വലിമൈ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും തിളങ്ങിയ താരത്തിന്‍റെ ആദ്യ കന്നട ചിത്രമാണ് ടോക്സിക്ക്. ഹുമ ഖുറേഷിക്കൊപ്പം നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, കിയാര അദ്വാനി തുടങ്ങിയ ഒരുപിടി നായികമാരാണ് ടോക്സിക്കില്‍ അണിനിരക്കുന്നത്. 

‘ലേഡീസ് ആന്‍ഡ് ലേഡീസ്‘ എന്ന പേരില്‍ അവസാനം പുറത്തിറങ്ങിയ ടോക്സിക്കിന്‍റെ ടീസര്‍ സമീപകാലത്ത് വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഫീമെയില്‍ ഗേസിനെ പറ്റി പറയുന്നു എന്ന് അവകാശപ്പെടുന്ന ചിത്രത്തിന്‍റേതായി പുറത്തുവന്ന വിഡിയോകളിലെല്ലാം മെയില്‍ ഗേസിന്‍റെ താല്‍പര്യമാണ് കാണുന്നത് എന്നായിരുന്നു സൈബറിടത്തെ നിരീക്ഷണം. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയമാണ് ചിത്രീകരിച്ച ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഓഗസ്റ്റ് 26 ന് റിലീസ് ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 

ENGLISH SUMMARY:

Toxic is an upcoming gangster action film starring Kannada superstar Yash and directed by Malayalam filmmaker Geethu Mohandas. Huma Qureshi, who plays a key role, has shared her excitement about working with a female director in a big-budget project, praising Geethu Mohandas's vision and the unique nature of the film.