യൂട്യൂബറുടെ ചോദ്യത്തിന് ചുട്ടമറുപടിയുമായി പ്രിയ വാര്യർ. കാവി വസ്ത്രം ധരിച്ചതിനെ ചോദ്യം ചെയ്ത യൂട്യൂബർക്ക് പ്രിയ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രിയ ബ്രാൻഡ് അംബാസഡറായ ഒരു ഉൽപ്പന്നത്തിന്‍റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. ആ ബ്രാൻഡിന്‍റെ നിറം കാവിയാണ്. അതുകൊണ്ട് തന്നെ ബ്രാൻഡിനോട് ചേർന്നു നിൽക്കുന്ന കാവി നിറത്തിലുള്ള ഒരു മനോഹരമായ ഔട്ട്ഫിറ്റ് അണിഞ്ഞാണ് പ്രിയ ചടങ്ങിന് എത്തിയത്.
പരിപാടിക്കിടെ ഒരു യൂട്യൂബർ പ്രിയയോട് ചോദിച്ചത് ഇങ്ങനെ - ബോട്ടിലിന് എന്തുകൊണ്ടാണ് ഈ കാവി നിറം തിരഞ്ഞെടുത്തത്? ആകർഷകമായ നിറമായതുകൊണ്ടാണോ? നിങ്ങൾ ഇന്ന് കാവി വസ്ത്രം ധരിക്കാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ? പ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു–‘എന്‍റെ പൊന്നു ചേട്ടാ...ഇത് വർഷങ്ങളായി ഈ ബ്രാൻഡിന്‍റെ കളറാണ്. ഞാൻ ഈ ബ്രാൻഡിന്‍റെ അംബാസഡറാണ്. അപ്പോൾ ആ ബ്രാൻഡിനെ റെപ്രസെന്‍റ് ചെയ്യുമ്പോൾ ആ കളറിനോട് ചേർന്നു നിൽക്കുന്ന ഡ്രസ്സ് ഇടുന്നതല്ലേ ശരി?.
പ്രിയയുടെ മറുപടി ഏതായാലും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ വൈറലാണ്. കാവി വിവാദത്തിൽ പ്രിയ നൽകിയ ഈ മറുപടിക്ക് വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.