Image from the video

Image from the video

TOPICS COVERED

  • എന്തുകൊണ്ട് ആകാശനീലയില്‍ നിന്നും കാവിയിലേക്ക്? ജേഴ്സി നിറംമാറ്റത്തില്‍ ഹോക്കി ഇന്ത്യയ്ക്കു പറയാനുള്ളത്...

 2026 എഫ്ഐഎച്ച് പുരുഷ ഹോക്കി ലോകകപ്പിനു മുന്നോടിയായി ജേഴ്സിയു‌ടെ നിറം മാറ്റിയ നടപടിയെ ന്യായീകരിച്ച് ഹോക്കി ഇന്ത്യ. രാജ്യത്തിന്റെ പരമ്പരാഗത നിറമായ ആകാശനീല ജേഴ്സിക്കു പകരം കാവി നിറത്തിലുള്ള ജേഴ്സിയിട്ടാണ് ഇത്തവണ ടീം കളത്തിലിറങ്ങുക. എന്തുകൊണ്ട് ജേഴ്സി മാറുന്നുവെന്നുള്ള ഹോക്കി ഇന്ത്യയുടെ ന്യായീകരണമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ആരാധകരില്‍ നിന്നും മുന്‍ ഹോക്കി താരങ്ങളില്‍ നിന്നുമുള്‍പ്പെടെ വലിയ തോതിലുള്ള വിമര്‍ശനം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വിശദീകരണം നടത്തി ഹോക്കി ഇന്ത്യ രംഗത്തെത്തുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരൻ രാസ്ക്വിൻഹ ഉള്‍പ്പെടെയുള്ളവരാണ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്. ഇന്ത്യന്‍ ഹോക്കിയു‌ടെ സ്വത്വവും പാരമ്പര്യവും നീല ജേഴ്സിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഐഡന്റിറ്റിയുടെ പ്രതീകമായിരുന്നുവെന്നും ഈ മാറ്റം തീര്‍ത്തും രാജ്യത്തിനു നാണക്കേടാണെന്നും രാസ്ക്വിന്‍ഹ പ്രതികരിച്ചു. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഈ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. 

എന്നാല്‍ േജഴ്സിമാറ്റം വെറുതേയെടുത്ത തീരുമാനമല്ലെന്നും സാങ്കേതിക കാരണങ്ങളാലാണെന്നും ഹോക്കി ഇന്ത്യ പ്രസ്താവനയിലൂടെ പറയുന്നു. കളിക്കാരുമായും പരിശീലകരുമായും സപ്പോര്‍ട്ടിങ് ജീവനക്കാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

ജേഴ്സിമാറ്റത്തിന്റെ കാരണങ്ങള്‍

മൈതാനത്തിലെ ദൃശ്യവ്യക്തതയാണ് മാറ്റത്തിന്റെ പ്രധാന കാരണമെന്നാണ് ഹോക്കി ഇന്ത്യ പറയുന്നത്. രാജ്യാന്തര മത്സരങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത് നീല നിറത്തിലുള്ള കൃത്രിമ ടര്‍ഫുകളാണെന്നും ഇത് കളിക്കാരുടെ ജേഴ്സിയുമായി കലര്‍ന്നു പോകുന്നുവെന്നും ഹോക്കി ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. നിറത്തിലുള്ള ഈ സാദൃശ്യം മത്സരത്തിനിടെ കളിക്കാർക്ക് അതിവേഗം പരസ്പരം തിരിച്ചറിയുന്നതിന് തടസമാകുന്നുണ്ടെന്നും സപ്പോര്‍ട്ടിങ് സ്റ്റാഫുള്‍പ്പെടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  

നീല നിറത്തിനു പകരം മഞ്ഞയോ കാവിയോ ഉപയോഗിക്കാനാണ് പരിശീലകരും താരങ്ങളും നിർദേശിച്ചത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് കാവിനിറം സ്ഥിരീകരിച്ചതെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കുന്നു. അതേസമയം സാങ്കേതിക കാരണങ്ങള്‍ക്കു പുറമേ ദേശീയ പതാകയിലെ പ്രധാന നിറമായ കാവി ധീരതയേയും ത്യാഗത്തേയും സൂചിപ്പിക്കുന്നുവെന്നും ഇതും ഈ തിരഞ്ഞെടുപ്പിനു കാരണമായെന്നും പ്രസ്താവനയിലുണ്ട്. 

ഇത്തരം വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും ജേഴ്സി മാറ്റം ഇതാദ്യമായല്ലെന്നും ഹോക്കി ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. 2014-ലെ എഫ്ഐഎച്ച് ലോകകപ്പിനായി ഇന്ത്യ മഞ്ഞ ജേഴ്സി ധരിച്ചാണ് കളത്തിലിറങ്ങിയത്. 2018ലാണ് ഇന്ത്യ ആകാശ നീല ജേഴ്സിയിലേക്ക് മാറിയതെന്നും ഹോക്കി ഇന്ത്യ കൂട്ടിച്ചേര്‍ക്കുന്നു. 51 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ രണ്ടാമതൊരു ലോകകപ്പ് കിരീടം ഇന്ത്യയിലേക്കെത്തിക്കാനുള്ള തീവ്ര തയാറെടുപ്പിലാണ് ടീം ഇന്ത്യ. ഹര്‍മന്‍പ്രീത് സിങ്ങിന്റെ നായകത്വത്തിലാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്. ഓഗസ്റ്റ് 15 മുതല്‍ ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്സിലുമായാണ് മത്സരം നടക്കുക. 

hy Hockey India Replaced Sky Blue with Saffron Jersey for 2026 FIH World Cup:

Hockey India has defended its decision to replace the national team's iconic sky-blue jersey with a saffron one ahead of the 2026 FIH Men's Hockey World Cup. The move faced heavy criticism from fans and former players, including ex-captain Viren Rasquinha, who called the blue jersey an irreplaceable symbol of Indian hockey's identity. Hockey India clarified that the change was made purely on technical grounds, as blue jerseys blend into modern blue artificial turfs, hindering visual clarity for players on the pitch. Selected after consultations with coaches and players, the saffron color also represents courage from the national flag, continuing a history of jersey color updates like the yellow kits used in 2014.