സ്റ്റുഡിയോയിലെ ഇരുവരുമൊത്തുള്ള ചിത്രം വൈറലാകുന്നു. നാടാകെ കത്തുമോ? 'കേരളവും തമിഴ്നാടും കത്തും' എന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. തെന്നിന്ത്യൻ സംഗീതലോകത്തെ സെൻസേഷൻ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനൊപ്പമുള്ള റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചെങ്കിലും ഇരുവരും ഒരു വിശദീകരണവും നൽകിയിട്ടില്ല. അതോടെ വമ്പൻ മ്യൂസിക്കൽ സർപ്രൈസ് അണിയറയില്‍ ഒരുങ്ങുന്നുവെന്ന ആവേശത്തിലാണ് ആരാധകർ. സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന ചർച്ചകളില്‍, അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന 'ഡിസി' എന്ന ചിത്രത്തിനായാണ് ഈ ഡ്രീം കോമ്പോ ഒന്നിക്കുന്നതെന്നാണ് സൂചന.

ലോകേഷ് കനകരാജ് നായകനാകുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സ്റ്റുഡിയോ ചിത്രം വമ്പന്‍ പ്രതീക്ഷകൾക്കാണ് വഴിവെച്ചിരിക്കുന്നത്‌. 'കേരളവും തമിഴ്നാടും ഒരുമിച്ച് കത്തിക്കാനുള്ള ടെൻഡർ എടുത്തോ?', 'ഇത് ഉറപ്പായും മറ്റൊരു ചാർട്ട് ടോപ്പറാകും', 'എന്തോ വമ്പൻ സംഭവം വരാനിരിക്കുന്നു' തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

തമിഴിൽ വേടന് വലിയ സ്വീകാര്യത നേടിക്കൊടുത്തത് 'ബൈസൺ കാലമാടൻ' എന്ന ചിത്രത്തിലെ 'റെക്ക റെക്ക' ഗാനമാണ്. വേടനും അറിവും ചേർന്ന് ആലപിച്ച ആ ഗാനം ചാർട്ടുകളിൽ ഒന്നാമതെത്തിയിരുന്നു. നിവാസ് കെ. പ്രസന്ന സംഗീതം നൽകിയ ആ ട്രാക്ക് തമിഴ് സംഗീതാസ്വാദകർക്കിടയിൽ വേടന്റെ ജനപ്രീതി ഉയർത്തുകയും ചെയ്തു.

തിയേറ്ററുകളെ ആവേശത്തിലാഴ്ത്തുന്ന ബിജിഎമ്മുകളുടെയും ചാർട്ട് ടോപ്പർ ഗാനങ്ങളുടെയും സൃഷ്ടാവായ അനിരുദ്ധും, വ്യത്യസ്ത റാപ്പ് ശൈലിയിലൂടെ യുവാക്കളുടെ പ്രിയങ്കരനായ വേടനും ഒന്നിച്ചാൽ അത് മറ്റൊരു സംഗീത വിസ്മയമാകുമെന്നാണ് ആരാധക പ്രതീക്ഷ. ഔദ്യോഗിക പ്രഖ്യാപനത്തിനായി കട്ട വെയ്റ്റിങാണ് ആരാധകര്‍.

ENGLISH SUMMARY:

Anirudh Ravichander and Vedan's studio picture has gone viral, sparking immense anticipation for a massive musical surprise. Fans are convinced that this collaboration will set both Kerala and Tamil Nadu ablaze with a chart-topping hit.