യു.എ.ഇയിലെ പ്രവാസി മലയാളികൾക്കായി ഒരുക്കുന്ന 'റെമിറ്റ്ലി-ഓണ മാമാങ്കം 2026'ന്റെ ഭാഗമായുള്ള അത്തച്ചമയ ഘോഷയാത്രയ്ക്കും മത്സരങ്ങൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ ആറിന് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മെഗാ ഓണാഘോഷത്തിൽ നടൻ കുഞ്ചാക്കോ ബോബൻ, റാപ്പർ വേടൻ, പിന്നണി ഗായിക ശ്വേതാ മോഹൻ തുടങ്ങിയ വൻ താരനിര അണിനിരക്കും. ഇക്വിറ്റി പ്ലസ് അഡ്വെർടൈസിങ്ങും ഹിറ്റ് 96.7 എഫ്.എമ്മും ചേർന്ന് സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ സ്പോൺസർ റെമിറ്റ്‌ലിയാണ്. 

ഓണമാമാങ്കത്തിന് മുന്നോടിയായുള്ള വിവിധ മത്സരങ്ങൾ ഓഗസ്റ്റ് 29, 30 തീയതികളിൽ പ്രസന്റിങ് സ്പോൺസറായ മാർക്ക് ആൻഡ് സേവിന്റെ മുഹൈസിന, അജ്മാൻ അൽ തല്ലാഹ് ഔട്ട്ലെറ്റുകളിലാണ് അരങ്ങേറുന്നത്. പൂക്കള മത്സരം, ഫാൻസി ഡ്രസ്, സിനിമാറ്റിക് ഡാൻസ്, തിരുവാതിര എന്നിവയ്ക്കൊപ്പം സഹപ്രായോജകരായ ജിജിസ് പെൻസ് ഒരുക്കുന്ന പെയിന്റിങ് മത്സരവും കെവിൻസ് പായസ പാചക മത്സരവും നടക്കും. മിസ്റ്റർ മലയാളി, മലയാളി മങ്ക, വടംവലി മത്സരങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. 

ദുബായിൽ ഇതാദ്യമായി സംഘടിപ്പിക്കുന്ന വർണാഭമായ അത്തച്ചമയ ഘോഷയാത്ര, ഓഗസ്റ്റ് 30 ന് വൈകിട്ട് ആറുമണിക്ക് മുഹൈസിന മാർക്ക് ആൻഡ് സേവിൽ നടക്കും. റോബോട്ടിക് ആനകൾ, ശിങ്കാരിമേളം, പുലിക്കളി, ഒപ്പന, ദഫ്മുട്ട്, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്രയൊരുക്കുന്നത്.

ആഘോഷത്തിന്റെ വരവറിയിച്ച് ദുബായ്, ഷാർജ നിരത്തുകളിലിറങ്ങിയ ഓണമാമാങ്കം ബ്രാൻഡഡ് ആർ.ടി.എ ബസുകൾ സ്പോട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നവർക്ക് കുഞ്ചാക്കോ ബോബനൊപ്പം ഓണസദ്യ കഴിക്കാൻ അവസരവുമുണ്ട്. സെപ്റ്റംബർ ആറിന് ഷാർജ എക്സ്പോ സെന്ററിലെ വേദിയിൽ ബെന്നറ്റ് ആൻഡ് ദ ബാൻഡ്, ശബരീഷ് പ്രഭാകർ, സുധീർ പറവൂർ എന്നിവരുടെ പ്രകടനങ്ങളും അരങ്ങേറും. ടിക്കറ്റുകൾ district.ae, platinumlist.net എന്നീ പ്ലാറ്റ്‌ഫോമുകൾ വഴി ബുക്ക് ചെയ്യാം. പരിപാടിയുടെ മീഡിയ പാർട്ണർമാർ മഴവിൽ മനോരമയും മനോരമ ന്യൂസും മനോരമ മാക്സുമാണ്.

ENGLISH SUMMARY:

Onam Mamankam 2026 is set to be a grand celebration for Malayali expats in the UAE, featuring a spectacular Athachamayam procession and various competitions. The event, sponsored by Remitly and organized by Equity Plus Advertising and Hit 96.7 FM, promises a star-studded lineup including Kunchacko Boban and music artists.