യുഎഇയിൽ പ്രമേഹബാധിതരുടെ എണ്ണം 2050-ഓടെ 19 ലക്ഷമായി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിലവിൽ രാജ്യത്ത് 13 ലക്ഷത്തോളം പേർക്ക് രോഗമുണ്ടെന്നും ഇതുവഴി പ്രതിവർഷം 900 കോടി ദിർഹത്തിന്റെ വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
രോഗം വന്ന ശേഷം ചികിത്സിക്കുന്നതിന് പകരം നേരത്തെ തന്നെ കണ്ടെത്തി പ്രതിരോധിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2026 മുതൽ 2030 വരെയുള്ള ദേശീയ പ്രമേഹ- അമിതവണ്ണ നിയന്ത്രണ പദ്ധതി യുഎഇ നടപ്പിലാക്കുന്നുണ്ട്. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പരിശോധനകൾ ഊർജ്ജിതമാക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാരിന്റെ നീക്കം.
എന്താണ് പ്രമേഹം?
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്ന ഉപാപചയ രോഗമാണ് പ്രമേഹം. ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉല്പാദിപ്പിക്കാനോ ഉല്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനോ കഴിയാത്തതാണ് കാരണം. അമിതമായ ദാഹം, വിശപ്പ്, ക്ഷീണം, ശരീരഭാരം കുറയുക, തുടർച്ചയായ മൂത്രശങ്ക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
മരണനിരക്കുയര്‍ത്തുന്നതില്‍ ഹൃദ്രോഗത്തിന് തുല്യമാണ് പ്രമേഹവും. കൃത്യമായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക്, വൃക്കയുടെ തകരാർ, കാഴ്ചയ്ക്ക് മങ്ങൽ, നാഡികൾക്ക് തകരാർ, അകാലമരണം എന്നിവയ്ക്ക് കാരണമായേക്കാം. എന്നാല്‍ കൃത്യമായ ചികിത്സയ്ക്കൊപ്പം ആഹാരക്രമീകരണം കൂടി നടത്തിയാൽ പ്രമേഹം നിയന്ത്രിക്കാൻ കഴിയും. ഇതിനായി ഭക്ഷണത്തിൽ ഏറെ ശ്രദ്ധ വേണം. നാരുകളടങ്ങിയ പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടാതെ ചിട്ടയായ വ്യായാമത്തിലൂടെയും പ്രമേഹത്തെ നിയന്ത്രണത്തിൽ ആക്കാൻ കഴിയും.