നടി അഹാന കൃഷ്ണയുടെ കുടുംബവുമായി ബന്ധപ്പെട്ട് അടുത്തിടെ വലിയ വിവാദങ്ങളായിരുന്നു നടന്നത്. അഹാനയും അമ്മ സിന്ധുവും സഹോദരി പുത്രി തന്‍വിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണുണ്ടാക്കിയത്. തന്‍വിയുടെ വിഡിയോയില്‍ ആരോപണങ്ങളുമായി അമ്മൂമ്മ വസന്തയും പ്രത്യാരോപണങ്ങളുമായും അഹാനയും സിന്ധു കൃഷ്ണയും രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങളില്‍ പ്രതികരിക്കുകയാണ് സംവിധായകനും നിര്‍മാതാവുമായ ആലപ്പി അഷ്റഫ്.
പ്രായത്തിൽ കവിഞ്ഞ പക്വതയും കാര്യശേഷിയുമുള്ള ഒരു കുട്ടിയായിട്ടാണ് അഹാനയെ തനിക്ക് തോന്നിയിരുന്നതെന്നും എന്നാൽ ഇപ്പോൾ നടക്കുന്ന ചില കാര്യങ്ങൾ കേട്ടപ്പോൾ ആ ധാരണ തെറ്റായിരുന്നോ എന്ന് തോന്നിപ്പോവുകയാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. ഇന്നിപ്പോൾ അഹാന തന്റെ കുടുംബത്തിൽ നടക്കുന്ന ആശ്വാസ്യമല്ലാത്ത ചില കാര്യങ്ങൾ പൊതുമധ്യത്തിൽ വന്നു വിളമ്പിയപ്പോൾ ‘അയ്യേ, ഈ കുട്ടി എന്താണ് ഇങ്ങനെ?’ എന്ന് തോന്നിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
'നമ്മുടെ ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന ചില സംഭവങ്ങൾ നമ്മെ നല്ല അവസ്ഥയിലേക്കും ചിലപ്പോൾ മോശപ്പെട്ട അവസ്ഥയിലേക്കും നയിച്ചേക്കാം. അത്തരം ഒരു അനുഭവം ഞാൻ ഓർത്തുപോവുകയാണ്. കൃഷ്ണകുമാർ ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു ജീവിതാനുഭവം ഞാനുമായി പങ്കുവച്ചിരുന്നു. താനൊന്നുമല്ലാതിരുന്ന അവസ്ഥയിൽ റോഡരികിലുള്ള ഒരു ഗ്രൗണ്ടിൽ കൂട്ടുകാരും ഒത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ, റോഡരികിലൂടെ പോയ ഒരു കാർ ബ്രേക്ക് ഡൗൺ ആകുന്നു. അന്യരെ സഹായിക്കാൻ സന്മനസ്സുള്ള കൃഷ്ണകുമാർ ആ കാറിന്റെ അരികിലേക്ക് എത്തി അദ്ദേഹത്തെ സഹായിക്കുന്നു. ഒടുവിൽ കാർ തള്ളി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞപ്പോൾ കാറിലുണ്ടായിരുന്ന ആൾ കൃഷ്ണകുമാറിനോട് എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. തനിക്ക് ഒരു പണിയുമില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു കാർഡ് എടുത്ത് കൊടുത്തിട്ട്, തന്നെ സഹായിച്ച സുമുഖനായ ആ ചെറുപ്പക്കാരനോട് തന്റെ ഓഫിസിൽ വന്നു കാണൂ എന്ന് പറഞ്ഞ് കാർ വിട്ടുപോയി.
ആ കാർഡിലേക്ക് നോക്കിയ കൃഷ്ണകുമാറിന് ആശ്ചര്യവും അതിലേറെ സന്തോഷവും തോന്നി. കാരണം താൻ സഹായിച്ച ആൾ ദൂരദർശന്റെ ഡയറക്ടർ ആയിരുന്നു! അദ്ദേഹത്തെ ചെന്ന് കണ്ടതോടെ, ആ ഒരൊറ്റ സംഭവത്തോടെ കൃഷ്ണകുമാറിന്റെ ജീവിതം അടിമുടി മാറിമറിഞ്ഞു. അങ്ങനെ ദൂരദർശനിൽ നിന്നും സീരിയലിലേക്കും, സീരിയലിൽ നിന്നും സിനിമയിലേക്കും, സിനിമയിൽ നിന്നും ബിജെപിയിലേക്കും, ബിജെപിയിൽ നിന്നും എൻ.എഫ്.ഡി.സി. (NFDC) ചെയർമാൻ സ്ഥാനത്തേക്കും അദ്ദേഹം എത്തിപ്പെട്ടു.
നാഷ്നൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം എന്ന് പറയുന്നത് നിസ്സാരമായ ഒരു പദവിയല്ല; ഇന്ത്യൻ സിനിമാ രംഗത്തെ ഉന്നതമായ ഒരു പദവിയാണ്. അഭിനയമികവ് കൊണ്ടൊന്നും അത്ര പേരെടുത്ത ഒരു നടനല്ല കൃഷ്ണകുമാർ. എന്നാൽ ഭാഗ്യം കൊണ്ടും അർപ്പണ മനോഭാവം കൊണ്ടും ജീവിതപ്പടവുകൾ ഓരോന്നും വിജയിച്ചു കയറിയ ആളാണ് അദ്ദേഹം. ഞാൻ ഇതിവിടെ എടുത്തു പറയാനുള്ള കാരണം, ചില അപ്രതീക്ഷിത സംഭവങ്ങൾ നമ്മുടെ ജീവിതഗതി തന്നെ മാറ്റിമറിക്കും എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ്.
അതുപോലെ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങൾ കാരണം 'എയറിൽ' പോയ കൃഷ്ണകുമാറിന്റെ മകൾ അഹാനയ്ക്ക് ഇതുവരെ തിരിച്ചിറങ്ങാൻ ആയിട്ടില്ല. അഹാനയുടെ ഇമേജിനെ തകർക്കാൻ കരുക്കൾ നീക്കിയത് അഹാന പാലുകൊടുത്തു വളർത്തിയ ഒരു പാമ്പാണെന്നാണ് അഹാന തന്നെ പറയുന്നത്. അത് മറ്റാരുമല്ല, തന്റെ സ്വന്തം ചെറിയമ്മയുടെ മകളായ തൻവിയാണ്. അഹാന മുൻകൈയെടുത്ത് സഹായിച്ചു തുടങ്ങിയ തൻവിയുടെ ചാനലിന് റീച്ച് കൂട്ടാനും സബ്സ്ക്രിപ്ഷൻ കൂട്ടാനും അഹാനയെത്തന്നെ ബലിയാടാക്കി അമ്മൂമ്മയുടെ പരാതികളും പരിഭവങ്ങളും നിറഞ്ഞ കഥനകഥകളുമായിട്ടാണ് ഇതിന് തുടക്കം കുറിച്ചത്.
എന്നാൽ ഇന്നത് ചീഞ്ഞുനാറി ദുർഗന്ധം വമിക്കുന്ന കുടുംബകഥകളിലേക്ക് വഴിമാറി. കുടുംബത്തിലെ പലരുടെയും സ്വകാര്യ ജീവിതകഥകൾ പൊതുവിടത്തിൽ ചർച്ചയ്ക്കായി ഇട്ടുകൊടുത്തു. ഇതിലിപ്പോൾ അമ്മൂമ്മ മാത്രമല്ല അമ്മയും, അപ്പച്ചിയും, അപ്പൂപ്പനും, ചെറിയമ്മയും, അവരുടെ മകളുമൊക്കെ കഥാപാത്രങ്ങളായി എത്തി അരങ്ങ് തകർത്തുകൊണ്ടിരിക്കുകയാണ്.
ഇതിനിടയിൽ എപ്പോഴോ ഒരു വെടിനിർത്തൽ കരാർ ഉണ്ടാക്കി ദുർഗന്ധം വമിക്കുന്ന ചില വോയിസ് ക്ലിപ്പുകളും വിഡിയോകളും പിൻവലിച്ചപ്പോൾ എല്ലാത്തിനും ഒരു പര്യവസാനം ഉണ്ടായി എന്ന് പലരും കരുതി. അന്ന് പലരും എന്നോട് ചോദിച്ചു, "അഹാന വിഷയത്തെക്കുറിച്ച് ഒരു വിഡിയോ ചെയ്യാത്തത് എന്താണ്?" എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, "അതെല്ലാം രമ്യമായി അവസാനിച്ചില്ലേ, ഇനി ഞാനായിട്ട് എന്തിനാണ് അതിനെ കുത്തിപ്പൊക്കുന്നത്?" എന്ന്. എന്നാൽ ഇത് വരാനിരിക്കുന്ന ഒരു വലിയ കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയായിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.
സമാധാനത്തോടെയും അതിലുപരി ആശ്വാസത്തോടെയും പഴയപടി കാര്യങ്ങൾ വന്നുകൊണ്ടിരിക്കുമ്പോഴാണ് സിന്ധു കൃഷ്ണയുടെ ഭാഗത്തുനിന്നും അനവസരത്തിൽ ഒരു വെടിപൊട്ടിക്കുന്നത്. "അമ്മ എന്റെ അച്ഛനോടും എന്നോടും അഹാനയോടും ചെയ്ത കൊടുംക്രൂരതയുടെയും ചെറ്റവർത്തമാനത്തിന്റെയും സിസിടിവി ഫുട്ടേജ് തെളിവ് സഹിതം എന്റെ കൈവശമുണ്ട്. അതൊരിക്കലും ഞാൻ പുറത്തുവിടില്ല, അത്രത്തോളം ഗുരുതരമായ പ്രശ്നങ്ങൾ അതിലുമുണ്ട്."
എന്നാൽ ഇപ്പോൾ ഈ വിഡിയോയും അതിൽ സിന്ധു കൃഷ്ണ നടത്തിയിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളും സോഷ്യൽ മീഡിയയിലൂടെ കേൾക്കാത്തവരും കാണാത്തവരും ഉണ്ടോ എന്ന് സംശയമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് വലിയ രീതിയിൽ വൈറൽ ആയിരിക്കുകയാണ്. രണ്ടു കയ്യും കൂട്ടിയടിക്കാതെ ശബ്ദമുണ്ടാകില്ലല്ലോ. അമ്മയ്ക്ക് ലോകപരിചയവും വിവരവുമൊക്കെ കുറവാണ്. തന്നെയുമല്ല അമ്മയുടെ ഇത്തരം ടോക്സിക് ആയ സ്വഭാവം നിങ്ങൾക്ക് അറിയാവുന്നതുമല്ലേ? അത് അവരുടെ വിവരക്കേടായി കണ്ട് അതിനെ തള്ളിക്കളഞ്ഞിരുന്നുവെങ്കിൽ, ശ്രദ്ധിക്കാതിരുന്നെങ്കിൽ ഈ നാണക്കേടൊക്കെ ഒഴിവാക്കാമായിരുന്നില്ലേ? വയസ്സാംകാലത്ത് ഇത്തരം അമ്മമാരെ തിരുത്താൻ ശ്രമിക്കുന്നത് മണ്ടത്തരമല്ലേ? എന്ത് പ്രകോപനം നേരിട്ടാലും സിന്ധു തന്റെ നിലവാരം വിട്ട് സംസാരിക്കരുതായിരുന്നു, പ്രവർത്തിക്കരുതായിരുന്നു.
കുടുംബപ്രശ്നങ്ങളൊക്കെ തീർത്ത് നാളെ ഒരുപക്ഷേ നിങ്ങളൊക്കെ ഒന്നായേക്കാം. എന്നാൽ നിങ്ങളുടെ പേരിനും പ്രശസ്തിക്കും കുടുംബത്തിനും ഏറ്റ ഇമേജ് തകർച്ച ഒരിക്കലും പൂർണമായി തേഞ്ഞുമാഞ്ഞു പോകില്ല. ഇത്തരം കുടുംബവഴക്കുകൾ പൊതുമധ്യത്തിൽ അലക്കുന്നതിന് മുൻപ് വലിയൊരു പദവിയിലിരിക്കുന്ന കൃഷ്ണകുമാറിനെക്കുറിച്ചെങ്കിലും ഒന്ന് ഓർക്കാമായിരുന്നു. ഇനിയും പുതിയ പുതിയ വെളിപ്പെടുത്തലുകളും ആരോപണ പ്രത്യാരോപണങ്ങളും ഉയർത്തി പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കാതെ, ബുദ്ധിപൂർവം ചിന്തിച്ചും ക്ഷമിച്ചും എല്ലാം ഒന്ന് അവസാനിപ്പിക്കാൻ സിന്ധുവും അഹാനയും ശ്രമിക്കേണ്ടതാണ്. അതിന് നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു,' ആലപ്പി അഷ്റഫ് പറഞ്ഞു.