കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാര്‍ എന്ന സിനിമ പരാജയപ്പെട്ടതിന് പിന്നാലെ നിര്‍മാതാവ് ഹസീബിന് നേരിട്ട സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങളെ പറ്റി സഹോദരിയും നടിയുമായ ഉഷ ഹസീന സംസാരിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ജയറാമിന്റെ വാക്ക് വിശ്വസിച്ചാണ് ഹസീബ് കോടികൾ മുടക്കി സിനിമ നിർമ്മിച്ചതെന്നും എന്നാല്‍ സിനിമ പരാജയപ്പെട്ടതിന് ശേഷം ഒന്നു ഫോണ്‍ വിളിച്ചുപോലും ചോദിച്ചിട്ടില്ലെന്നും ഉഷ ആരോപിച്ചിരുന്നു.
ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് നിര്‍മാതാവ് ആലപ്പി അഷ്റഫ്. ഹാപ്പി സര്‍ദാറിന്‍റെ പരാജയശേഷം മറ്റൊരു സിനിമക്കായി ഹസീബ് ജയറാമിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ ജയറാം മറ്റ് കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. കടത്താല്‍ വലഞ്ഞ് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹസീബിനെ മമ്മൂട്ടിയാണ് സഹായിച്ചതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
'ഉഷയ്ക്ക് രണ്ട് സഹോദരന്മാരാണുള്ളത്. രണ്ടുപേരും സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അനുജൻ ഹസീബ് അറിയപ്പെടുന്ന ഒരു നിർമാതാവാണ്. 'ഹാപ്പി സർദാർ' എന്ന ചിത്രത്തോടെ ഹസീബിന്റെ സിനിമാ നിർമാണ പ്രവർത്തനങ്ങൾക്ക് എന്നെന്നേക്കുമായി തിരശ്ശീല വീണു. ഒപ്പം അദ്ദേഹത്തിന്റെ മാനസിക, ശാരീരിക, സാമ്പത്തിക സ്ഥിതിയും തകർന്നടിഞ്ഞു. ഈയൊരു അവസ്ഥയിലേക്ക് ഹസീബിനെ എത്തിച്ച സംഭവങ്ങളെക്കുറിച്ച് സഹോദരിയായ ഉഷ സോഷ്യൽ മീഡിയയിലൂടെ ചില വെളിപ്പെടുത്തലുകൾ നടത്തുകയുണ്ടായി.
ഒന്നുമില്ലായ്മയിൽനിന്ന് സിനിമയിലെത്തി, കഠിനാധ്വാനത്തിലൂടെ സ്വന്തമായൊരു സാമ്രാജ്യം കെട്ടിപ്പടുത്ത ആളായിരുന്നു ഹസീബ്. സിനിമാ നിർമാണം കൂടാതെ മറ്റുള്ളവർക്ക് ഫൈനാൻസ് അറേഞ്ച് ചെയ്തു കൊടുക്കലും സാറ്റലൈറ്റ് അവകാശം വാങ്ങിക്കൊടുക്കലുമൊക്കെയായി സിനിമയിൽ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു. ആലപ്പുഴയിൽ അത്യാധുനികമായ ഒരു ഭവനവും ആഡംബര വാഹനങ്ങളും ഗോൾഡ് ഷോപ്പുമൊക്കെയായി രാജകീയമായി വാഴുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു ഇരുട്ടടി അദ്ദേഹത്തിന് ഏൽക്കുന്നത്. ഒരു നിർമാതാവ് പണം മുടക്കിയ ശേഷം പകുതിക്ക് വച്ച് ഉപേക്ഷിച്ചുപോയ ഒരു പ്രോജക്റ്റ് ഏറ്റെടുക്കാൻ ഹസീബ് നിർബന്ധിതനായി. അതുവരെ വലിയ താരമൂല്യമുള്ള ചിത്രങ്ങൾ മാത്രം ചെയ്തിരുന്ന ഹസീബ്, ആദ്യമായി പുതുമുഖ സംവിധായകരുടെ ഒരു ചിത്രം ഏറ്റെടുത്തു. കാളിദാസ് ജയറാം നായകനായ 'ഹാപ്പി സർദാർ' ആയിരുന്നു ആ ചിത്രം.
ഞാൻ ഹസീബിനോട് ചോദിച്ചു, എല്ലാം ബിസിനസ്സ് കണ്ണോടെ മാത്രം നോക്കുന്ന നീ എന്തിനാണ് ഈ പടം ഏറ്റെടുത്തതെന്ന്. അതിന് ഹസീബ് പറഞ്ഞ മറുപടി ജയറാമിന്റെ മേലുള്ള വിശ്വാസമായിരുന്നു. ‘എന്റെ മകന്റെ പടം ഹസീബ് ഏറ്റെടുക്കണം, എന്ത് സംഭവിച്ചാലും ഞാൻ ഒപ്പമുണ്ടാകും, എന്തുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം’ എന്ന് ജയറാം നൽകിയ ഉറപ്പായിരുന്നു ആ വിശ്വാസം. പലരും ഹസീബിനെ വിളിച്ച് ഇതിൽ ചെന്ന് തലവയ്ക്കരുതെന്ന് വിലക്കിയെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ല. അങ്ങനെ കോടികൾ വാരിയെറിഞ്ഞ് പഞ്ചാബ്, ഹരിയാന, ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലായി ഷൂട്ടിങ് പൊടിപൊടിച്ചു.
പണം തികയാതെ വന്നപ്പോൾ മാർവാടികളുടെ കയ്യിൽനിന്ന് വട്ടിപ്പലിശയ്ക്ക് ഫൈനാൻസ് എടുത്തു. അങ്ങനെ നാലിടങ്ങളിൽനിന്നാണ് പണം കടം വാങ്ങിയത്. ഒടുവിൽ വലിയ ആഘോഷത്തോടെ റിലീസ് ചെയ്ത പടം എട്ടുനിലയിൽ പൊട്ടി. പോസ്റ്റർ ഒട്ടിച്ച പണം പോലും തിരികെ ലഭിച്ചില്ല. ആ മാനസികാഘാതത്തിൽ ഹസീബും തകർന്നുപോയി. ഏതാണ്ട് 10 കോടി രൂപയോളമാണ് ഈ ഒറ്റച്ചിത്രം കാരണം അദ്ദേഹത്തിന് ബാധ്യത വന്നത്. കടം കയറി തകർന്ന ഒരു നിർമാതാവിന് പിന്നീട് ആരാണ് ഡേറ്റ് കൊടുക്കുക? തന്റെ കഷ്ടപ്പാടിൽ ഹസീബ് ഏറെ പ്രതീക്ഷയോടെ ജയറാമിനെ സമീപിച്ചു. 'ആടുപുലിയാട്ടം' എന്ന ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളത്തെയും കൂട്ടിയാണ് ഹസീബ് പോയത്. അതിന്റെ രണ്ടാം ഭാഗത്തിനുള്ള കഥ റെഡിയാണെന്നും ഡേറ്റ് നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ, ‘ഡേറ്റിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരും’ എന്ന അഴകുഴമ്പൻ മറുപടിയാണ് ജയറാം നൽകിയത്. അക്കാലത്ത് ജയറാമിന് വലിയ തിരക്കുകളോ പടങ്ങളോ ഉണ്ടായിരുന്നില്ല. പണമില്ലാത്ത തന്നെ ഒഴിവാക്കാനാണ് ജയറാം അങ്ങനെ പറഞ്ഞതെന്ന് ഹസീബിന് മനസ്സിലായി.
സ്വന്തം മകന്റെ കാര്യത്തിനുവേണ്ടി പറഞ്ഞ വാക്കുകളെല്ലാം ജയറാം അപ്പാടെ വിഴുങ്ങി. തകർന്നിരിക്കുന്ന ഹസീബിന് ജയറാം അയച്ച വോയ്‌സ് മെസ്സേജ് ഇങ്ങനെയായിരുന്നു: ‘എല്ലാം നല്ലതിനാണ്, ഇതും നല്ലതിനാണ് എന്ന് കരുതുക, ദൈവം സഹായിക്കും, ഞാൻ പ്രാർഥിക്കാം.’ അവിടെയും ജയറാം വാക്ക് പാലിച്ചില്ല, കടക്കാർ വന്ന് ഹസീബിനെ വരിഞ്ഞുമുറുക്കി. അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം ജപ്തിയുടെ വക്കിലെത്തി. ഹസീബ് എല്ലാ കാര്യങ്ങളും എന്നോട് പങ്കുവയ്ക്കാറുണ്ടായിരുന്നു. ഒരിക്കൽ വേദനയോടെ അദ്ദേഹം എന്നോട് പറഞ്ഞു: ‘ഗോകുലം ഗോപാലേട്ടന്റെ കയ്യിൽനിന്ന് വാങ്ങിയ ഫൈനാൻസിന്റെ മുതൽ ഞാൻ എങ്ങനെയെങ്കിലും കൊടുക്കാം, അതിന്റെ പലിശയൊന്ന് ഒഴിവാക്കിത്തരാൻ ജയറാമേട്ടനോട് ഒന്ന് പറയാമോ? ജയറാം പറഞ്ഞാൽ ഗോപാലേട്ടൻ കേൾക്കും.’ ജയറാം അത് ഏറ്റെങ്കിലും പിന്നീട് ചെയ്തുതന്നില്ല. ഞാൻ അപ്പോൾ ഹസീബിനോട് പറഞ്ഞു: ‘ഞാൻ ജയറാമിനെ കുറ്റം പറയില്ല, കാരണം ഞാൻ ഉൾപ്പെടെ എല്ലാവരും നിന്നെ വിലക്കിയതല്ലേ ആ പടം ചെയ്യരുതെന്ന്. നീ കേൾക്കാതെ ക്ഷണിച്ച് വരുത്തിയ വിധിയാണിത്.’
ഹസീബിന്റെ അനുജൻ ഹനീസ് 20 വർഷത്തിലേറെയായി പല പ്രമുഖ സംവിധായകരുടെയും കൂടെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുന്ന മിടുക്കനായ ടെക്നീഷ്യനാണ്. അവനെ ഒരു സ്വതന്ത്ര സംവിധായകനാക്കണമെന്നത് ജ്യേഷ്ഠനായ ഹസീബിന്റെ വലിയ ആഗ്രഹമായിരുന്നു. ഞാൻ പലവട്ടം പറഞ്ഞിട്ടും സ്വന്തം അനുജന് വേണ്ടി ഒരു പടം ചെയ്യാൻ ഹസീബിന് സാധിച്ചില്ല. അവിടെയാണ് ജയറാമിന്റെ മകന് വേണ്ടി സർവതും ചെയ്തുകൊടുത്ത് അദ്ദേഹം തകർന്നത് എന്ന് ഓർക്കണം. കടുത്ത മാനസികാഘാതം മൂലം പക്ഷാഘാതം പിടിപെട്ട് 30 ദിവസത്തോളമാണ് ഹസീബ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടന്നത്. എറണാകുളം ലേക്‌ഷോർ ഹോസ്പിറ്റലിൽ ഒരേസമയം രണ്ട് മേജർ ഓപ്പറേഷനുകൾക്ക് അദ്ദേഹം വിധേയനായി. അന്ന് നടൻ മമ്മൂട്ടിയാണ് ഡോക്ടർമാരെ വിളിച്ച് ഹസീബിന്റെ ജീവൻ രക്ഷിക്കാനുള്ള അടിയന്തര ഇടപെടലുകൾ നടത്തിയത്. ഒടുവിൽ പതിനൊന്നര ലക്ഷം രൂപയുടെ ഹോസ്പിറ്റൽ ബില്ല് സെറ്റിൽ ചെയ്തത് നിർമാതാക്കളായ ബാദുഷയും ആന്റോ ജോസഫും ചേർന്നാണ്.
ഇത്രയും ഗുരുതരമായ അവസ്ഥയിലൂടെ ഹസീബ് കടന്നുപോയിട്ടും, ഇതിനെല്ലാം കാരണക്കാരനായ വ്യക്തി ഇതൊന്നും അറിഞ്ഞതുമില്ല, ആ വഴിക്ക് വന്നതുമില്ല. തന്റെ സഹോദരന്റെ ഈ അവസ്ഥ കണ്ടും കേട്ടും സഹികെട്ടപ്പോഴാണ് സഹോദരിയായ ഉഷാ ഹസീന കാര്യങ്ങൾ തുറന്നുപറഞ്ഞ് ജയറാമിനെതിരെ പ്രതികരിച്ചത്. ഉഷ അങ്ങനെയാണ്, പ്രതികരിക്കേണ്ടിടത്ത് അവർ പ്രതികരിക്കും. അവിടെ വലിപ്പച്ചെറുപ്പമോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ അവർ നോക്കാറില്ല. അതുകൊണ്ടുതന്നെ ഉഷയ്ക്ക് ശത്രുക്കളും കൂടുതലാണ്. അവരിന്ന് പലരുടെയും കണ്ണിലെ കരടും പേടിസ്വപ്നവുമാണ്. സത്യസന്ധമായ കാര്യങ്ങൾക്ക് വേണ്ടി ഉഷ നടത്തുന്ന ഈ പോരാട്ടങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും,' ആലപ്പി അഷ്റഫ് പറഞ്ഞു.