കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാര്‍ സിനിമക്ക് ശേഷം നിര്‍മാതാവ് ഹസീബിന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞ് നടിയും സഹോദരിയുമായി ഉഷ ഹസീന. ജയറാമിന്റെ വാക്ക് വിശ്വസിച്ചാണ് ഹസീബ് കോടികൾ മുടക്കി സിനിമ നിർമ്മിച്ചതെന്നും എന്നാല്‍ സിനിമ പരാജയപ്പെട്ടതിന് ശേഷം ഒന്നു ഫോണ്‍ വിളിച്ചുപോലും ചോദിച്ചിട്ടില്ലെന്നും മൈ മീഡിയ ഒര്‍ജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ ഉഷ ആരോപിച്ചു.
'ജയറാമിനെ വെച്ച് 'ഗ്രാൻഡ്ഫാദർ' എന്ന സിനിമ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മകൻ കാളിദാസ് ജയറാമിനെ നായകനാക്കി 'ഹാപ്പി സർദാർ' എന്ന സിനിമ നിർമ്മിക്കുന്നത്. ഈ സിനിമ തുടങ്ങുമ്പോൾ തന്നെ ഇത് ചെയ്യരുതെന്ന് ഞങ്ങളെല്ലാവരും മുന്നറിയിപ്പ് നൽകി. പക്ഷേ അത് ചെയ്തതുകൊണ്ട് സാമ്പത്തികം മാത്രമല്ല, അവന്‍റെ ആരോഗ്യവും കൂടി പോവുന്ന അവസ്ഥയുണ്ടായി. താൻ കൂടെയുണ്ടാകും എന്ന ജയറാമിന്റെ ഉറപ്പും വിശ്വാസിച്ചാണ് ഹസീബ് സിനിമ ചെയ്തത്.
പിന്തിരിപ്പിക്കാന്‍ നോക്കിയപ്പോഴും ഞാന്‍ ജയറാമേട്ടന് കൊടുത്ത വാക്കാണെന്നാണ് ഹസീബ് പറഞ്ഞത്. നമുക്ക് ഇവരെയൊക്കെ അറിയാവുന്നതാണ്. വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചുപോകുന്ന ബന്ധമായിരുന്നു. ആ ആള്‍ ഈ സിനിമ പരാജയപ്പെട്ടതിന് ശേഷം ഒന്നു ഫോണ്‍ വിളിച്ചുപോലും ചോദിച്ചിട്ടില്ല. പഞ്ചാബ് വരെ പോയി ചിത്രീകരിച്ച ആ സിനിമ പ്രതീക്ഷിച്ച വിജയം കണ്ടില്ല. സിനിമ വലിയ പരാജയമായി മാറുകയും ഹസീബിന് വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടാവുകയും ചെയ്തു. അതോടെ ഒരു സിനിമ മാത്രമല്ല, ജീവിതവും തകർന്നു.
സാമ്പത്തിക നഷ്ടം ഹസീബിനെ മാനസികമായും തളർത്തി. പിന്നീട് ലിവർ സംബന്ധമായ അസുഖങ്ങൾ വരികയും സ്ട്രോക്ക് വന്ന് കിടപ്പിലാവുകയും ചെയ്തു. മരണത്തിൽ നിന്നാണ് അദ്ദേഹം രക്ഷപ്പെട്ട് വന്നത്. ആ ദിവസങ്ങളിൽ സിനിമയിലെ വിജയകുമാർ, ബാദുഷ, സുബൈർ തുടങ്ങി പലരും കാണാൻ എത്തി. പക്ഷേ ജയറാം ഫോണ്‍ വിളിക്കുകയോ കാണാനോ പോലും വന്നില്ല.
പിന്നീട് മകളുടെ വിവാഹസമയത്ത് ജയറാം ഹസീബിനെ വിളിച്ചു. ഹസീബിന്‍റെ സംസാരം തിരിയാഞ്ഞിട്ട് എന്തുപറ്റി എന്ന് ജയറാം മെസേജ് അയച്ചു. സ്ട്രോക്കിനെക്കുറിച്ച് തനിക്ക് ആരും പറഞ്ഞില്ലെന്നും, കേരളത്തിലെത്തിയാൽ നേരിൽ കാണാമെന്നും ശബ്ദസന്ദേശത്തിൽ പറഞ്ഞു. എന്നാൽ ഇന്നുവരെ വന്നിട്ടില്ല. ഒരു സഹായവും ചെയ്തിട്ടില്ല. ആ പടം കൊണ്ട് ഹസീബിന് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായി,' ഉഷ പറഞ്ഞു.
'കണ്ണനോട് എപ്പോഴും പറയാറുണ്ട്, നിന്റെ അച്ഛന്റെ ഒറ്റ വാക്കിന്റെ പേരിലാണ് അങ്കിൾ ഇത്രയും പൈസ മുടക്കി നിനക്ക് വേണ്ടി കളഞ്ഞത്. ഈ പടം ചെയ്തതെന്ന കാര്യം മറക്കരുത്" എന്നൊക്കെ ജയറാം പറയുന്ന കോൾ റെക്കോർഡിങ്ങും പുറത്തായിട്ടുണ്ട്.