padmapriya-revathy

TOPICS COVERED

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച്  നടിമാരായ രേവതിയും പത്മപ്രിയയും. ‘അമ്മ’യ്ക്ക് ഇരുവരും രാജിക്കത്ത് നല്‍കി. നേരത്തെ സംഘടനയ്ക്ക് പുറത്തുപോയി പ്രതിഷേധിച്ചെങ്കിലും ഇരുവരും രാജിക്കത്ത് നല്‍കിയിരുന്നില്ല. എഎംഎംഎയിൽ നടക്കുന്ന വിവാദപരമ്പരയുമായി ബന്ധപ്പെട്ടല്ല രാജി എന്ന് ഇരുവരും വ്യക്തമാക്കി. തങ്ങളുടെ രാജി തിടുക്കത്തിൽ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണവുമല്ലന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ രേവതിയും പത്മപ്രിയയും പറഞ്ഞു. 

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ആവശ്യം ലളിതമായിരുന്നു. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്ല്യ പരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങൾ എല്ലാവരേയും ഒരുമിപ്പിക്കും എന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. ഉത്തരം മൗനവും അകൽച്ചയുമായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുകളിൽ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളിൽ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങൾ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ രാജികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിൻ്റെ മുഖങ്ങൾ മാറും. രീതികൾ മാറും. എന്നാൽ അസമത്വത്തിൻ്റെ ഘടനകൾ മാറ്റമില്ലാതെ തുടരുകയാണ്.

എഎംഎംഎ രൂപം കൊണ്ടത് എല്ലാവരേയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്. എന്നാൽ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളിൽ നിന്ന് ക്രമേണ സംഘടനയെ ദുർബലപ്പെടുത്തി. ഈ ഘട്ടത്തിൽ അത് ഞങ്ങളുടെ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ല, ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനമാണ്.

മുമ്പ് നേരിട്ട അതേ പോരാട്ടങ്ങൾ സ്ത്രീകൾക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാൻ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ല. മികവുറ്റ ചലച്ചിത്ര ശ്രമങ്ങൾക്കായ് ഞങ്ങൾ യാത്ര തുടരും, സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാനും, നീതിയുക്തമായ തൊഴിൽ മേഖല ഉറപ്പാക്കാനും. ഞങ്ങൾക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തിനോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തിൽ നിന്നും രേഖപ്പെടുത്തുന്നു. സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉറച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങൾ വിട പറയുന്നു.

ENGLISH SUMMARY:

Revathi and Padmapriya have resigned from the actress association AMMA, citing a decade of unmet demands for a safe and equitable workplace. Their resignation is a declaration of self-respect and a step towards a better future for women in Malayalam cinema.