അമ്മ (AMMA) വിവാദത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയ അന്‍സിബ ഹസന്‍ ഉള്‍പ്പെടെയുള്ള നടിമാര്‍ക്കെതിരെ വിമര്‍ശനവുമായി നടി യമുന റാണി. നടിമാരുടെ വാര്‍ത്താസമ്മേളനം കോമഡി ഷോയാണെന്നും ഈ ചക്കളത്തി പോര് അവസാനിപ്പിക്കണമെന്നും യമുന റാണി പറഞ്ഞു. ഒരുമിച്ച് ചായ കുടിച്ച് പറഞ്ഞുതീര്‍ക്കേണ്ട പ്രശ്നമാണ് ഇതെന്നും ഇങ്ങനെ പോയാല്‍ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് വരില്ലെന്നും അവര്‍ പറഞ്ഞു.
'ഇന്ന് രാവിലെ ഒരു കോമഡി ഷോ കണ്ടുകൊണ്ടാണ് എന്‍റെ സുപ്രഭാതം ആരംഭിച്ചത്. അതിന് പശ്ചാത്തലം പറയാം. രണ്ട് ഉറ്റ സുഹൃത്തുക്കള്‍ തമ്മിലുള്ള പടലപിണക്കം. ഒരു ഫോണ്‍കോളിലൂടെയോ ഒരുമിച്ചിരുന്ന് കോഫി കുടിച്ചോ തീരാവുന്ന ഒരു വിഷയം. ആ ചെറിയ തീപ്പൊരിയെ ചിലരെല്ലാം കൂടി എടുത്ത് അമ്മ എന്ന മഹാസംഘടനയുടെ നടുക്ക് കൊണ്ട് വച്ചു. അതിനെ വലിയ തീയാക്കി മാറ്റി. ഒരു ഭരണസമിതിയെ മുഴുവന്‍ താഴെയിറക്കാന്‍ സാധിച്ചു.
പക്ഷേ ഇതൊന്നുമല്ല കോമഡി. അതിന്‍റെ ഊര്‍ജത്തിലാവണം, ഇന്നിപ്പോള്‍ കേരള സര്‍ക്കാരിനേയും ആഭ്യന്തര മന്ത്രിയേയും പൊലീസ് വിഭാഗത്തെ മുഴുവന്‍ പത്രസമ്മേളനത്തിലൂടെ വെല്ലുവിളിച്ചിരിക്കുകയാണ്. സംഘടിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്താണീ നടക്കുന്നത്. ഇങ്ങനെ പോയാല്‍ ജനങ്ങള്‍ സംഘടിക്കും.
ഈ ചക്കളത്തി പോരാട്ടം ഇനി വേണ്ട. കയ്യിലിരിക്കുന്ന കാശ് കൊടുത്ത് സിനിമ കാണണ്ട എന്ന് ജനങ്ങള്‍ അങ്ങ് തീരുമാനിക്കും. അതോടെ ഇതെല്ലാം അവസാനിക്കും. തിയേറ്ററില്‍ പോയി ജനങ്ങള്‍ സിനിമ കാണാതിരുന്ന ഒരു കാലം ഉണ്ടായിരുന്നെന്ന് മറക്കരുത്. അതുകൊണ്ട് ഇതെല്ലാം അവസാനിപ്പിക്കുന്നതല്ലേ നല്ലത്. ബുദ്ധിയും വിവേകവുമുള്ളവര്‍ അതല്ലേ ചെയ്യേണ്ടത്,' യമുന റാണി പറഞ്ഞു.
അമ്മയെ 'കാവിവല്‍ക്കരിക്കാൻ' ശ്വേതാമേനോൻ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസം നടിമാർ ഉന്നയിച്ചത്. അദാനിയിൽനിന്ന് 15 കോടി ശ്വേത അമ്മയ്ക്കായി ഉറപ്പാക്കിയെന്ന ബിജെപി വനിത നേതാവിന്‍റെ പരാമർശം പുറത്തുവിട്ടാണ് മാല പാർവതിയും അൻസിബ ഹസനും ഉൾപ്പെടെ മാധ്യമങ്ങളെ കണ്ടത്. സ്ത്രീകളുടെ പരാതികളിൽ പൊലീസ് ഉപേക്ഷ കാണിക്കുകയാണെന്നും ഓപ്പറേഷൻ തൂഫാനൊപ്പം ആഭ്യന്തര മന്ത്രി ഇക്കാര്യത്തിനും പ്രാധാന്യം നൽകണമെന്നും അൻസിബ ആവശ്യപ്പെട്ടു.