'അമ്മ' അഡ്ഹോക്ക് കമ്മറ്റിയുടെ കൺവീനർ സ്ഥാനത്തു നിന്ന് രാജിവച്ച് രമേശ് പിഷാരടി. അമ്മ സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞ പിഷാരടി ഒരു അധികാരസ്ഥാനത്തും കടിച്ചു തൂങ്ങാൻ താല്പര്യമില്ലെന്നും വ്യക്തമാക്കി. നേരത്തെ എറണാകുളം മുന്‍സിഫ് കോടതി ശ്വേതമേനോന്റെ ഹര്‍ജിയില്‍ അഡ്ഹോക് കമ്മിറ്റിക്ക് വിലക്കേര്‍പ്പെടുത്തി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഹര്‍ജിയില്‍ രമേഷ് പിഷാരടിക്ക് കോടതി നോട്ടീസ് അയച്ചു.
സിനിമയെ വെല്ലുന്ന ആക്ഷനും നാടകീയ രംഗങ്ങളുമായി താരസംഘടനയായ 'അമ്മ'യിൽ ചേരിതിരിവും ഭരണപ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. അമ്മ കുത്തഴിഞ്ഞ സംവിധാനമായി മാറിയെന്നും, ഉള്ളിലുള്ളത് കോമാളിക്കൂട്ടങ്ങളാണെന്നും ഭരണസമിതിയിൽ നിന്ന് രാജിവച്ച ജോയ് മാത്യു ആരോപിച്ചു. അഡ്ഹോക്ക് സമിതിക്ക് നിയമസാധുതയില്ലെന്നും തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് തുടരുന്നതെന്നും പറഞ്ഞ പ്രസിഡന്‍റ് ശ്വേത മേനോനെതിരെ നാളെ ഒരു വിഭാഗം കൊച്ചിയിൽ വാർത്താസമ്മേളനം നടത്തും.
അധികാരക്കൊതിയും പടലപ്പിണക്കവുമുള്ള ഒരു സംഘമായി 'അമ്മ' മാറിയെന്നാണ് ജോയ് മാത്യുവിന്റെ രൂക്ഷവിമർശനം. സംഘടനയുടെ അന്തസ്സ് പൂർണമായി നഷ്ടപ്പെട്ടു. ന്യൂനപക്ഷം ശരി പറഞ്ഞാൽ പോലും ഇവിടെ അംഗീകരിക്കുന്നില്ല. സ്ത്രീകൾ വന്നതുകൊണ്ട് മാത്രം എല്ലാം ശരിയാകില്ലെന്നും, സംഘടന നടത്തിക്കൊണ്ടുപോകാൻ ഇപ്പോഴുള്ളവർക്ക് അറിയില്ലെന്നും ജോയ് മാത്യു തുറന്നടിച്ചു. ശ്വേത മേനോനെ ഒരു കൂട്ടം ആളുകൾ ചേർന്ന് ആക്രമിച്ചപ്പോൾ ഉണ്ടായ വൈകാരിക പ്രതികരണമാണ് അവരുടെ രാജിയെന്നും ജോയ് മാത്യു പറഞ്ഞു.
പതിനേഴംഗ ഭരണസമിതിയിൽ നിന്ന് നേരത്തെ അൻസിബയും ലക്ഷ്മി പ്രിയയും രാജിവച്ചിരുന്നു. ജയൻ ചേർത്തലയും കൈലാഷും ഇന്നലെ രാജിവച്ചു. എന്നാൽ തന്റെ നിരപരാധിത്വം തെളിയിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ശ്വേത മേനോൻ. ശ്വേതഔദ്യോഗികമായി രാജിവച്ചിട്ടില്ലെന്നിരിക്കെ അഡ്ഹോക്ക് സമിതി രൂപീകരിച്ചത് ജനറൽ ബോഡിയുടെ അംഗീകാരത്തോടെയാണെന്നാണ് രമേഷ് പിഷാരടി എംഎൽഎയും കെ.ബി.ഗണേഷ് കുമാറും അറിയിച്ചത്. ശ്വേത ഉൾപ്പെടെയുള്ള ഭരണസമിതി കസേരയിൽ കടിച്ചുതൂങ്ങാൻ ശ്രമിച്ചാൽ സ്ത്രീകൾ 'അമ്മ' ഓഫീസിന് മുന്നിൽ സത്യാഗ്രഹമിരിക്കുമെന്നാണ് ഉഷയുടെ മുന്നറിയിപ്പ്. ഉഷയും മാല പാർവതിയും അൻസിബ ഹസനും നാളെ കൊച്ചിയിൽ മാധ്യമങ്ങളെ കാണും.