ബാലാമണി ‘ന്റെ ഗുരുവായൂരപ്പാ’ എന്ന് വിളിക്കുമ്പോള്‍ മലയാളിയുടെയും മനസില്‍ തെളിയുന്ന കൃഷ്ണന്‍റെ മുഖമാണ് തെന്നിന്ത്യൻ താരം അരവിന്ദ് ആകാശ്. 'നന്ദന'ത്തിലൂടെ മലയാളികളുടെ മനം കവർന്ന നടന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം തന്‍റെ ദീർഘകാല പങ്കാളിയെ വരണമാല്യം അണിയിച്ച് ജീവിതസഖിയാക്കിയിരിക്കുകയാണ് അദ്ദേഹം.

ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് അൻപതാം വയസ്സിലേക്ക് കടക്കുന്ന അരവിന്ദ് വിവാഹിതനാകുന്നത്. സാധ്വി ആര്‍.എസ് ആണ് വധു. ഈ വർഷം ആദ്യമായിരുന്നു വിവാഹ നിശ്ചയം. ഇന്നലെ മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ച് നടന്ന മനോഹരവും ലളിതവുമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമാ മേഖലയിൽ നിന്നുള്ള ചുരുക്കം ചില സഹപ്രവർത്തകരും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

2007 ല്‍ പുറത്തിറങ്ങിയ വെങ്കട്ട് പ്രഭുവിന്റെ 'ചെന്നൈ 28' ചിത്രത്തിലെ അരവിന്ദിന്‍റെ സഹതാരങ്ങളും വിവാഹത്തില്‍ പങ്കുചേരാൻ ക്വാലാലംപൂരിൽ എത്തിയിരുന്നു. സിനിമയിലെ സൗഹൃദം ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന ഇവരുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. മാത്രമല്ല, പുതിയ ജീവിതത്തിലേക്ക് കടക്കുന്ന പ്രിയതാരത്തിന് ആശംസകളുമായി നിരവധി ആരാധകരും എത്തുന്നുണ്ട്.

രണ്ട് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമകളിൽ സജീവ സാന്നിധ്യമാണ് അരവിന്ദ് ആകാശ്. 2002ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ‘നന്ദന’മാണ് ആദ്യ ചിത്രം. അമ്മ സിനിയിലെ ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍ ആയിരുന്നു. ആദ്യം ബാക്ക്ഗ്രൗണ്ട് ഡാന്‍സറായി തുടങ്ങി, പിന്നെ നൃത്തസംവിധായകനായി. പിന്നീട് അഭിനയത്തിലേക്ക്. തമിഴിലായിരുന്നു നടനായുള്ള അരങ്ങേറ്റമെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം നന്ദനമായിരുന്നു. 'ചെന്നൈ 600028', 'ഗോവ', 'മങ്കാത്ത' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്തിന്‍റെയും പ്രിയ നടനാണ് അരവിന്ദ്.

ENGLISH SUMMARY:

Popular South Indian actor Arvind Akash, who famously captured Malayali hearts as Lord Krishna in the classic movie Nandanam, has officially tied the knot with his long-time partner. Entering a new chapter of his life as he approaches his fiftieth year, the actor's beautiful yet minimalist wedding ceremony took place in Kuala Lumpur, Malaysia. The intimate event was closely attended by immediate family members, close personal friends, and a selected handful of film industry colleagues. Notably, his close friends and co-stars from Venkat Prabhu's hit 2007 Tamil movie Chennai 600028 traveled all the way to Malaysia to bless the couple. Over a successful career spanning more than two decades, Arvind initially began his journey in the entertainment industry as a background dancer and choreographer. Following the joyous announcement, multiple candid photos and celebratory videos from the international wedding venue have gone viral across various social media platforms.