കാമാക്ഷി (ചിത്രം : instagram/kam.at.oxford/)
ലോക പ്രശസ്തമായ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് വംശീയാധിക്ഷേപം നേരിട്ടുവെന്ന് പരാതി. പിഎച്ച്ഡി വിദ്യാര്‍ഥിനിയായ കാമാക്ഷിയാണ് താന്‍ വംശീയ അധിക്ഷേപത്തിനിരയായതായി വെളിപ്പെടുത്തിയത്. ക്യാംപസിനുള്ളില്‍ തന്നെ ഷോപ്പിങിനായി ഇറങ്ങിയപ്പോള്‍ അപരിചിതയായ യുവതി അടുത്തെത്തി 'നിന്നെ നാറുന്നു' എന്ന് പറഞ്ഞുവെന്ന് കാമാക്ഷി വെളിപ്പെടുത്തുന്നു. ഇതാദ്യമായല്ല സര്‍വകലാശാലയ്ക്കുള്ളില്‍ നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടി വരുന്നതെന്നും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.
'ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയട്ടെ, വളരെ സന്തോഷത്തോടെയാണ് ഞാന്‍ ക്യാംപസിനുള്ളിലെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയത്. അപ്പോഴാണ് വെള്ളക്കാരിയായ യുവതി എനിക്കടുത്തേക്ക് വന്ന് അധിക്ഷേപിക്കാന്‍ തുടങ്ങിയത്. ഞാനാദ്യം ഗൗനിച്ചില്ല. വീണ്ടും അടുത്തേക്ക് വന്ന ശേഷം അവര്‍ എന്നെ നാറുന്നുവെന്ന് അവര്‍ പറഞ്ഞിട്ട് പോയി, മരവിച്ചു പോയി അത് കേട്ടപ്പോള്‍'- യുവതി ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ വെളിപ്പെടുത്തി. എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്ത് അമ്പരന്ന് നില്‍ക്കുന്നതിനിടെ അവര്‍ ഇറങ്ങിപ്പോയെന്നും യുവതി പറയുന്നു.
'എന്റെ അച്ഛന് ഏറ്റവും പ്രിയപ്പെട്ട വളരെ നേര്‍ത്ത ഗന്ധമുള്ള പെര്‍ഫ്യൂമാണ് ഞാന്‍ ആ സമയത്ത് ഉപയോഗിച്ചിരുന്നത്. എനിക്കാകെ സങ്കടവും വിഷമവും അസ്വസ്ഥതയുമായി. ആ ദിവസം മുഴുവന്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല'- കാമാക്ഷി തുറന്ന് പറയുന്നു.തെരുവില്‍ പലപ്പോഴും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ക്യാംപസിനുള്ളിലും ഇതിപ്പോള്‍ സാധാരണമായി എന്നും യുവതി പറയുന്നു. ഇത്തരം ആക്ഷേപം കേട്ടത് കൊണ്ട് താന്‍ പുറത്തിറങ്ങുന്നത് നിര്‍ത്താനോ തനിക്ക് പ്രിയപ്പെട്ട പെര്‍ഫ്യൂം ഉപയോഗിക്കാതിരിക്കാനോ പോകുന്നില്ലെന്നും പോരാട്ടം തുടരുമെന്നും കാമാക്ഷി കൂട്ടിച്ചേര്‍ത്തു.
കടുത്ത വംശീയ അധിക്ഷേപം നടത്തുന്ന നഥാന്‍ കഫ്നാസെന്ന പ്രഫസറുടെ പരിപാടി നടത്തിയതിന്റെ പേരില്‍ ഓക്സ്ഫഡ് സര്‍വകലാശാല കഴിഞ്ഞ ദിവസം വിവാദത്തിലകപ്പെട്ടിരുന്നു. 'കഴിവിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ വളരെ കുറച്ച് കറുത്ത വര്‍ഗക്കാര്‍ മാത്രമേ സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ കാണൂവെന്നായിരുന്നു കഫ്നാസിന്റെ വിവാദ പ്രസ്താവന. ഇത്തരം പ്രസ്താവന നടത്തിയ വ്യക്തിയ സര്‍വകലാശ ക്ഷണിച്ചതില്‍ നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായെത്തിയത്. തീവ്രവലതുപക്ഷം സര്‍വകലാശാലയില്‍ ആധിപത്യം ഉറപ്പിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു.