ഷമ്മി തിലകനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയ സംഭവം ഓര്‍ത്തെടുത്ത് നടനും സഹോദരനുമായ ഷോബി തിലകന്‍. പുറത്താക്കി എന്ന് തീരുമാനിച്ചതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അത് മാറ്റി പറഞ്ഞെന്ന് ഷോബി തിലകന്‍ പറഞ്ഞു. അന്ന് ഷമ്മി തിലകനെ പുറത്താക്കുന്നതില്‍ എതിര്‍ത്ത് സംസാരിച്ചത് ജഗദീഷാണെന്നും വണ്‍ 2 ടോക്സിന് നല്‍കിയ അഭിമുഖത്തില്‍ ഷോബി പറഞ്ഞു.
'അങ്ങനെ ഒരു മോശമായ പരാമര്‍ശം അമ്മയെ കുറിച്ച് നടത്തിയിട്ടില്ലാത്ത ആളെ പുറത്താക്കിയത് പുനപരിശോധിക്കണ്ടേ? എന്തുകൊണ്ട് ചെയ്യുന്നില്ല? ഇത് പറയുന്നതില്‍ എനിക്ക് പേടിക്കേണ്ട കാര്യമൊന്നുമില്ല. പുള്ളി അത് ചെയ്തിട്ടില്ല എന്ന കാര്യം എനിക്കറിയാം. അത് അമ്മ പുനപരിശോധിക്കണമായിരുന്നു.
ഷമ്മിയെ പുറത്താക്കാന്‍ കൂടിയ മീറ്റിങ്ങുണ്ട്. ആ മീറ്റിങ്ങില്‍ പുള്ളിക്കാരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും പുറത്താക്കുന്നതിനെ ആരൊക്കെ അനുകൂലിക്കുന്നു, പ്രതികൂലിക്കുന്നു എന്നും പറഞ്ഞ് ഒരു കണക്കെടുപ്പ് നടത്തുകയും ചെയ്തു. ഷമ്മി തിലകനെ പുറത്താക്കണമെന്ന് താല്‍പര്യപ്പെടുന്നവര്‍ എഴുന്നേറ്റ് നില്‍ക്കണം. ഞാന്‍ അവിടെ ഇരിക്കുകയായിരുന്നു.
പെട്ടെന്ന് തന്നെ മൂന്നിലൊന്ന് ഭൂരിപക്ഷമുണ്ട്, പുറത്താക്കാം എന്ന് തീരുമാനിക്കുന്നു. ഉടനെ ജഗദീഷ് ചേട്ടന്‍ എഴുന്നേറ്റു, അതെങ്ങനെയാണ് നിങ്ങള്‍ കാല്‍കുലേറ്റ് ചെയ്തത്, എണ്ണിനോക്കിയോ എന്ന് ചോദിച്ചു. ജഗദീഷേട്ടന്‍ പുറത്താക്കുന്നതിനെ ഭയങ്കരമായി എതിര്‍ത്ത് സംസാരിച്ചു. ഷമ്മി തിലകനെ എന്നല്ല, ഒരംഗത്തേയും പുറത്താക്കാന്‍ പാടില്ല എന്ന് പറഞ്ഞു. മമ്മുക്കയുടെ നിര്‍ദേശപ്രകാരമായിരുന്നു അങ്ങനെ പറഞ്ഞത്.
അങ്ങനെ അമ്മയുടെ ഒരു അംഗത്തേയും പുറത്താക്കാന്‍ പാടില്ല, അവരോട് വിശദീകരണം ചോദിക്കണം. അന്ന് പക്ഷേ ഭൂരിപക്ഷം അഭിപ്രായം അതാണെന്ന് പറഞ്ഞ് പുറത്താക്കി. എന്നാല്‍ അതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് പുറത്താക്കണമെന്നുള്ള അഭിപ്രായം വന്നു, അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ട് തൃപ്തികരമായ മറുപടി ലഭിക്കുമോ എന്ന് നോക്കട്ടെ, അതിനുശേഷം തീരുമാനിക്കാം എന്നാണ്,' ഷോബി തിലകന്‍ പറഞ്ഞു.