അമ്മ സംഘടനയുടെ നേതൃസ്ഥാനത്തേക്ക് ഇനിയില്ലെന്ന് നടി അന്‍സിബ ഹസന്‍. സ്നേഹവും പിന്തുണയും നല്‍കിയവര്‍ക്ക് നന്ദിയെന്നും 'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ  ആഗ്രഹിക്കുന്നില്ല എന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അന്‍സിബ പറഞ്ഞു. 

'സ്നേഹത്തിന് നന്ദി... പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയിൽ നിന്നാകട്ടെ', എന്ന ക്യാപ്ഷനോടെയാണ് കുറിപ്പ് പങ്കുവച്ചത്. 

'പ്രിയപ്പെട്ടവരേ, എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എൻ്റെ ഏറ്റവും വലിയ പുരസ്ക‌ാരം.

'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി,' അന്‍സിബ കുറിച്ചു. 

'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അൻസിബ ഹസൻ രാജിവെച്ചതിനെ തുടർന്ന് വലിയ രീതിയിലുള്ള ആഭ്യന്തര തർക്കങ്ങളും വിവാദങ്ങളുമാണ് സംഘടനയ്ക്കുള്ളിൽ ഉടലെടുത്തത്. ഈ പ്രശ്നങ്ങളെത്തുടർന്ന് ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിന് പിന്നാലെ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള 'അമ്മ'യുടെ മുഴുവൻ ഭരണസമിതിയും കൂട്ടരാജി വക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചേര്‍ന്നു. 

ENGLISH SUMMARY:

Actress Anshiba Hasan has announced her decision not to contest for leadership positions in the AMMA organization. She expressed gratitude for the love and support received, stating that change is essential and should come from a strong young generation.