അനീതിക്കതിരെ ശബ്ദിച്ച തന്നെ ടാര്‍ഗറ്റ് ചെയ്തു എന്നാരോപിച്ച് അമ്മയിലെ അംഗങ്ങള്‍ക്ക് ടിനി ടോമിന്റെ തുറന്ന കത്ത്. ഇനി സംഘടനയിലെ ഭരണസമിതിയില്‍ ഇല്ലെന്നും അമ്മയിലെ ഒരു അംഗം മാത്രമായിരിക്കും താനെന്നും ടിനിടോം വ്യക്തമാക്കി. ആരോടും പറയാതെ ഭരണസമിതിയില്‍ നിന്ന് ഇറങ്ങിയതിന് സഹപ്രവര്‍ത്തകരോട് നടന്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നുണ്ട്.
2018മുതല്‍ മോഹന്‍ലാലിന്റെ കൂടെയും പിന്നീട് ശ്വേത മേനോന്റെ കൂടെയും സത്യസന്ധമായി അമ്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൊലീസ് എഫ് ഐ ആർ എടുക്കാതെ നിരുപാധികം തള്ളി കളയുകയും ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. ഇതൊന്നും ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല.
എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു എന്നും ഔദ്യോഗിക ഭാരവാഹിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞെങ്കിലും അമ്മയിലെ അംഗങ്ങള്‍ക്ക് സഹോദരനായി എപ്പോഴും കൂടെയുണ്ടാകുമെന്നും ടിനി ടോം കത്തില്‍ വ്യക്തമാക്കി.
'ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ, അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്‌സിക്യൂട്ടീവില്‍ ലാലേട്ടന്റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി , എനിക്ക് കഴിയും വിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടിരിന്നു. ആരോപണങ്ങള്‍ പൊലീസ് എഫ് ഐ ആർ എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല. എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു. സത്യമേ ജയിക്കൂ അതാണ് തെളിഞ്ഞത്. ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങി പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല, എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും. എന്ന് നിങ്ങളുടെ സ്വന്തം സഹോദരന്‍ ടിനി ടോം' ഇതായിരുന്നു ടിനി ടോമിന്റെ വാക്കുകള്‍.
കഴിഞ്ഞ ദിവസം നടന്ന ജനറല്‍ബോഡി മീറ്റിങ്ങിലാണ് അമ്മയുടെ 17 അംഗ ഭരണസമിതിയും ഒന്നിച്ച് രാജിവെച്ചത്. സംഘടനയുടെ കാര്യങ്ങൾ താല്‍ക്കാലികമായി നടത്തുന്നതിനായും ഭാരവാഹികളെ തീരുമാനിക്കുന്നതിനും നിലവിൽ ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.