താരസംഘടനയായ അമ്മയെ  നയിക്കാൻ ആർജവവും കരുണയുമുള്ളവർ വരണമെന്ന് മുൻ ജോയന്‍റ് സെക്രട്ടറിയും നടിയുമായ അൻസിബ ഹസൻ. ശ്വേത മേനോൻ ഭരണസമിതി രാജിവച്ചൊഴിഞ്ഞതിന് പിന്നാലെയാണ് അൻസിബ ഹസൻ മനോരമ ന്യൂസിനോട് നിലപാട് വ്യക്തമാക്കിയത്. കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ആസിഫ് അലി, ധ്യാൻ എന്നിവർ അമ്മയെ നയിക്കാൻ യോഗ്യരാണ്. സംഘടനയിൽനിന്ന് വേദനയോടെ ഇറങ്ങിപ്പോയ സ്ത്രീകളെ  ഔദ്യോഗികമായി തിരിച്ചുവിളിക്കേണ്ടത് അമ്മയുടെ കടമയാണെന്നും താൻ മൽസരിക്കുന്ന കാര്യത്തെപ്പറ്റി ചിന്തിച്ചിട്ടേയില്ലെന്നും അൻസിബ പ്രതികരിച്ചു. 

നയിക്കാൻ പ്രാപ്തരായിട്ടുള്ള  ആർജവമുള്ള ആളുകൾ വരട്ടെ. കരുണയുള്ള ആളുകൾ വരണം, പുതിയ ആളുകൾ വരട്ടെ. എല്ലാ കാര്യങ്ങളിലും കൃത്യമായിട്ട് കാര്യങ്ങൾ കണ്ടുമനസ്സിലാക്കി ഒരു തീരുമാനമെടുക്കാൻ കഴിവുള്ളവരായിരിക്കണം. ഇമോഷണലി പെട്ടെന്ന് തളർന്നു പോകുന്നവർക്കൊന്നും ഒരിക്കലും സംഘടനയിൽ ഒരു പ്രധാന പൊസിഷനൊന്നും ഇരിക്കാൻ പറ്റില്ല. അത് കൃത്യമായിട്ട് മനസ്സിലാക്കുകയും നന്മയുടെ ഭാഗത്ത് നിൽക്കാനും അങ്ങനെ ചിന്തിക്കാനും ഒക്കെ കഴിവുള്ള ആളുകളായിരിക്കണം. അതുപോലെ പ്രശ്നങ്ങൾ വരുന്ന സമയത്ത് ഓടിയൊളിക്കാതിരിക്കുകയും, അല്ലെങ്കിൽ പ്രശ്നങ്ങൾ ഏതെങ്കിലും വഴിക്ക് പൊക്കോട്ടെ എന്ന് ചിന്തിക്കാത്തവരാണ് വരേണ്ടതെന്നും അന്‍സിബ വ്യക്തമാക്കി. 

'പ്രശ്നങ്ങൾ വരുമ്പോൾ നേരിടണം. അതിപ്പോൾ ക്രിമിനൽ കേസുകൾ ഒക്കെയാണെങ്കിൽ ഉറപ്പായിട്ടും അത് പോലീസ് സ്റ്റേഷനിലും കോടതിയിലും ഒക്കെ തന്നെയാണ് പോകേണ്ടത്. പക്ഷെ അങ്ങനെയല്ലാത്ത ചെറിയ ചെറിയ വഴക്കുകളും പരാതികളും പരിഭവങ്ങളും ഒക്കെ അവിടെത്തന്നെ തീർക്കാവുന്നതേയുള്ളൂ. പിന്നെ ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ടായിരുന്നു, അമ്മ സംഘടനയിൽ നിന്ന് വേദനയോടെ ഇറങ്ങിപ്പോയിട്ടുള്ള ഒരുപാട് സ്ത്രീകളുണ്ട്. അവരെയൊക്കെ തിരിച്ച വിളിക്കണം. അത് സ്നേഹത്തോടെ തന്നെ തിരിച്ചു വിളിക്കണം, ഒഫീഷ്യലി തിരിച്ചു വിളിക്കണം. വരുന്നതും വരാതിരിക്കുന്നതും ഒക്കെ അവരുടെ ഇഷ്ടമാണ്. പക്ഷേ വിളിക്കുക എന്നുള്ളത് അമ്മയുടെ കടമയാണ്. അത് നിറവേറ്റണം. അപ്പോൾ പുതിയൊരു കമ്മിറ്റി വന്നു കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് അതാണ്' എന്നും അന്‍സിബ പറഞ്ഞു. 

കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ആസിഫ് അലി, ധ്യാൻ എന്നിവർ അമ്മയെ നയിക്കാൻ യോഗ്യരാണ്. ജനങ്ങളുടെ ഇടയിൽ ഒരുപാട് സ്വാധീനമുള്ളവരാണ്. കൃത്യമായിട്ട് കാര്യഗൗരവത്തോടെ കാര്യങ്ങൾ പറയുന്ന ആളുകളാണ്. അങ്ങനെയുള്ള ആളുകളൊക്കെ വരുകയാണെന്നുണ്ടെങ്കിൽ സംഘടനയ്ക്ക് ഒരു പുതിയ മുഖംവരും, ഒരു പുതുമയാണ് വരുന്നത്. എല്ലാവരും ഭയങ്കര സന്തോഷത്തോടെ അത് അംഗീകരിക്കും എന്നാണ് തനിക്ക് തോന്നുന്നതെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Former joint secretary and actress Ansiba Hassan has stated that the Malayalam movie artists' association, AMMA, urgently requires courageous and compassionate leaders to guide it forward. Speaking exclusively to Manorama News following the sudden resignation of the Shwetha Menon-led executive committee, Ansiba emphasized that the organization needs individuals who stand ground during crises rather than fleeing from them. She explicitly named top actors Kunchacko Boban, Prithviraj Sukumaran, Asif Ali, and Dhyan Sreenivasan as highly capable candidates who could provide a progressive new face to the association. While clarifying that she has absolutely no personal intentions of contesting for any leadership roles, she noted that emotionally vulnerable individuals should avoid key administrative positions. Ansiba strongly asserted that the foremost duty of the incoming committee must be to officially and respectfully invite back the women who previously left the association in deep pain. She further added that minor internal grievances should be settled cordially within the forum, whereas major criminal matters must strictly be handed over to law enforcement and the judiciary.