വിവാഹജീവിതത്തിലെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരിക്കൽ തിലകൻ ചേട്ടൻ ഷേക്ക് ഹാൻഡ് തന്നു എന്ന് പറഞ്ഞ് തന്നെ തല്ലിയിട്ടുണ്ടെന്നും എന്തിനാണ് പുരുഷൻമാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കുന്നതെന്ന് ചോദിച്ചത് കേട്ട് ഞെട്ടി ഇരുന്ന് പോയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ ഒരു സിറ്റുവേഷനിൽ താനും തിരിച്ച് തല്ലിയെന്നും നിയോപ്രൈം എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞു.
'ഞാനും പുള്ളിയും വഴക്കിടുകയായിരുന്നു. മോൻ കുഞ്ഞാണ്. സാമ്പത്തിക പ്രശ്നത്തിനാണ് വഴക്ക് കൂടുന്നത്. ഡബ്ബിങ്ങിന് എത്ര കിട്ടി, അതിൽ 350 രൂപ കുറവുണ്ടല്ലോ എന്നൊക്കെ ചോദിച്ച് അദ്ദേഹം വഴക്കുണ്ടാക്കും. അന്ന് ഞാൻ പണം അദ്ദേഹത്തിനാണ് കൊടുത്തിരുന്നത്. ഇന്ന് കാണുന്ന ഭാഗ്യലക്ഷ്മിയല്ല അല്ല. ഞാനിത്രയും സംസാരിക്കുന്ന സ്ത്രീ പോലുമല്ലായിരുന്നു. ഹർട്ടായാൽ ഞാൻ വയലന്റാകും. അത് വേറെ കാര്യം. ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു ഭദ്രകാളി ഉണ്ട്. അത് പുറത്തെടുപ്പിക്കരുത്.
ഞങ്ങൾ വഴക്കിടുന്നതിനിടെ മോൻ അമ്മ, തോർത്ത് വേണം എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു. അവൻ ബാത്ത്റൂമിൽ നിന്ന് പുറത്തേക്ക് വന്ന് ഒച്ച വെച്ചപ്പോൾ പുള്ളി എടുത്ത് ഒറ്റ ഏറ്. തലയിപ്പോൾ ചുമരിൽ ഇടിക്കും എന്ന് തോന്നി ഞാൻ ഓടിപ്പോയി അയ്യോ എന്റെ കുഞ്ഞ് എന്ന് പറഞ്ഞ് എടുത്തു. എന്റെ കൺട്രോൾ വിട്ട് ഒരെണ്ണം കൊടുത്തു. കുഞ്ഞിനെ തൊട്ടാൽ ഞാൻ വെറുതെയിരിക്കില്ല,' ഭാഗ്യലക്ഷ്മി പറഞ്ഞു.
എന്റെ വരുമാനം ഭർത്താവിനെ ഏൽപ്പിക്കുന്നതായിരുന്നു ശീലം. ഞാൻ തന്നെ കൊടുത്ത് ഉണ്ടാക്കിയെടുത്ത സ്വഭാവമാണ്. പക്ഷെ പിന്നെ കണക്ക് പറഞ്ഞ് തുടങ്ങും. വർഷത്തിൽ രണ്ട് സാരിയെ എടുക്കാവൂ എന്ന് പുള്ളിക്ക് കണക്കുണ്ടായിരുന്നു. ഞാനത് അക്ഷരംപ്രതി അനുസരിച്ചിരുന്ന ഭാര്യയാണ്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞത് പോലെ എല്ലാവരും കൂടെ എന്നെ ഇങ്ങനെ ആക്കിയതാണ്. ഡബ്ബിങ്ങിന് പോയി തിരിച്ച് വരുമ്പോൾ എത്ര കിട്ടിയെന്ന് ചോദിക്കും. 75000, 1 ലക്ഷം എന്ന് ഞാൻ പറയും. ഇതിൽ 350 രൂപ കുറയുന്നുണ്ടല്ലോ അല്ലെങ്കിൽ 1500 രൂപ കുറവുണ്ടല്ലോ എന്ന് പുള്ളി ചോദിക്കും. സാരി വാങ്ങിച്ചു, സ്കേർട്ട് വാങ്ങിച്ചു എന്ന് പറഞ്ഞാൽ പുള്ളി ഷൗട്ട് ചെയ്യാറുണ്ടായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.