തനിക്കെതിരെ വിഡിയോ ചെയ്ത യൂട്യൂബര്‍മാരെ പറ്റിയെഴുതിയ പോസ്റ്റില്‍ വ്യക്തത വരുത്തി നടി ലക്ഷ്മി പ്രിയ. മുമ്പ് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് മുതുവാൻ മാർ ' എന്ന പ്രയോഗത്തിലാണ് കൂടുതല്‍ വിശദീകരിച്ച് പോസ്റ്റ് പങ്കുവച്ചത്. അവര്‍ നടൻമാരല്ലെന്നും രണ്ട് പരദൂഷണക്കാരായ യൂട്യൂബർമാരാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. കൂടുതലും സ്ത്രീകളെപ്പറ്റിയുള്ള ഇക്കിളി കഥകൾ ആണ് താല്പ്പര്യമെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേര്‍ത്തു.
'നേരത്തേ ഇട്ട പോസ്റ്റിൽ അവ്യക്തത ഉണ്ട് എന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചിരിക്കുന്നതിനാൽ തിരുത്തുവാൻ ആണ് ഈ പോസ്റ്റ്. ' മുമ്പ് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് മുതുവാൻ മാർ ' എന്ന പ്രയോഗം അവ്യക്തമാണ് എന്ന് മനസിലാക്കുന്നു. അവർ രണ്ട് പരദൂഷണക്കാരായ യൂട്യൂബർമാരാണ്. നടൻമാരല്ല. രണ്ടു പേരും സിനിമാ ചരിത്രം പറയും. മരിച്ചു പോയവർ എന്നോ ജീവിച്ചിരിക്കുന്നവർ എന്നോ വ്യത്യാസമില്ലാതെ ആരെയും പറ്റി പറയും. കൂടുതലും സ്ത്രീകളെപ്പറ്റിയാണ്. ഇക്കിളി കഥകൾ ആണ് കൂടുതൽ താല്‍പര്യം. പണ്ടത്തെ ചില മഞ്ഞ മാസികകളെപ്പോലെ. ഒരാൾ അവകാശപ്പെടുന്നത് സിൽക്ക് സ്മിത മരിച്ചു കിടന്നപ്പോൾ മോർച്ചറിയിൽ നഗ്നത മറയ്ക്കാനുള്ള തുണി വാങ്ങി കൊടുത്തത് പോലും അദ്ദേഹമാണ് എന്നൊക്കെയാണ്.
പിന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ സിനിമാ വിശേഷങ്ങളും അധികം പേരും മൺ മറഞ്ഞു പോയവരും ഒക്കെ ആകുമ്പോ ശരിയാവാം എന്ന ഒരു തോന്നൽ നമുക്കും വരും. നേരിട്ട് കണ്ട ദൃക്‌സാക്ഷി വിവരണം പോലെയാണ് പറച്ചിൽ. ഇവരെല്ലാം ജോലി ചെയ്തു തന്നെ ജീവിക്കണം. അതുകൊണ്ട് ഇതുപോലെയുള്ള യൂട്യൂബർമാരെ നിരോധിക്കും വരെ ഞാൻ പോരാടും. കഴിഞ്ഞ ആഴ്ച രജിസ്റ്റർ ചെയ്ത കേസ് ഒരു തുടക്കം മാത്രമാണ്.
യൂട്യൂബിനും സെൻസറിങ് വേണം. എത്രയോ നല്ല വീഡിയോസ് ചെയ്യുന്ന ആളുകൾ ഉണ്ട്? കോഴിക്കോട് ഉള്ള ഒരു ഉമ്മയുണ്ട്. ആളുകളെ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്ന ഉമ്മ. നല്ല ഭക്ഷണം ഉണ്ടാക്കാൻ പഠിപ്പിക്കുന്നവർ, ഡാൻസ്, പാട്ട്, നാട്ടു വൈദ്യം അങ്ങനെ എത്ര എത്ര പേരുണ്ട്? അതൊന്നും ചെയ്യാതെ പരദൂഷണ വീഡിയോ ചെയ്യുന്നവരെ പൂട്ടുക തന്നെ ചെയ്യും,' ലക്ഷ്മി പ്രിയ കുറിച്ചു.
യൂട്യൂബിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകിയെന്ന് ലക്ഷ്മിപ്രിയ മുന്‍പോസ്റ്റിലൂടെ അറിയിച്ചിരുന്നു. 93 വിഡിയോകളുടെ ലിങ്കുകളും തമ്പ് ലൈൻ സ്ക്രീൻ ഷോട്ടുകളും പൊലീസില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. യൂട്യുബേഴ്സ് മാത്രമല്ല ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും തനിക്കെതിരെ വിഡിയോ ചെയ്തിട്ടുണ്ടെന്നും ഇവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു.