Image Credit : Facebook
നടി അന്‍സിബ ഹസനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ലക്ഷ്മിപ്രിയ. അന്‍സിബയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരാതിക്ക് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും ലക്ഷ്മിപ്രിയ തുറന്നടിച്ചു. അന്‍സിബയ്ക്ക് പിന്നില്‍ മതവർഗീയ വാദികളാണെന്ന് ആരോപിച്ച ലക്ഷ്മിപ്രിയ മാനനഷ്ടത്തിന് താന്‍ പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ലക്ഷ്മിപ്രിയയുടെ വാക്കുകള്‍
'ഇത് എന്നോ കഴിഞ്ഞുപോയി..രണ്ടുപേരും ഷേക്ക്ഹാന്‍ഡ് കൊടുത്ത് പിരിഞ്ഞ ഒരു കാര്യമാണ്. ക്ഷമ പറയുന്നുണ്ടോ എന്ന ഒരു ചോദ്യം മാത്രമാണ് തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്മ മാഡത്തിന്‍റെ ഭാഗത്തുനിന്ന് അഡീഷണൽ ആയിട്ട് വന്നിട്ടുള്ളത്. ആകെ ഇരുപത് മിനിറ്റ് സമയം മാത്രമാണ് അൻസിബയും ഞാനും മാഡവുമടക്കം എല്ലാവരും കൂടി ഒരുമിച്ചിരുന്ന് സംസാരിച്ചിട്ടുള്ളത്. അതില്‍ തന്നെ അന്‍സിബ അവരുടെ കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയും അവര്‍ പറയുന്നപോലെ ഒരു റിപ്പോര്‍ട്ട് തയാറാക്കാം എന്ന് പറഞ്ഞ് തീര്‍പ്പാക്കിയ കാര്യമാണിതൊക്ക. മുപ്പത്തിയഞ്ചു മിനിറ്റ് ഇരുപത് സെക്കൻഡ് സമയത്തോളം എന്‍റെ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച വിലപ്പെട്ട റെക്കോര്‍ഡും നമ്മുടെ കയ്യിലുണ്ടായിരുന്നു. നമ്മുടെ നിരപരാധിത്വം തെളിയിക്കാനും സാധിച്ചു. ഇത്തരം കാര്യങ്ങളാണ് അവിടെ ഉണ്ടായത്'.
'ജനുവരി 30ാം തിയതി കഴിഞ്ഞ കാര്യമാണിത്. പിന്നീട് മെയ് പകുതിയോടെ പുതിയ പുതിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പറഞ്ഞുകൊണ്ട് കേരളത്തിന്‍റെ പൊതു സമൂഹം ചർച്ച ചെയ്യുന്ന രീതിയിൽ വലിയൊരു വിവാദമാക്കി കൊണ്ടുവന്നതിനു പിന്നിൽ തീർച്ചയായിട്ടും കൃത്യമായ അജണ്ടയുണ്ട്. അത് തീർച്ചയായിട്ടും അന്വേഷിക്കപ്പെടേണ്ടത് തന്നെയാണ്. അന്‍സിബ കോടതിയെ സമീപിച്ചോട്ടെ ഞാന്‍ എന്തായാലും പത്തു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടുകൊണ്ട് നാളെ തന്നെ എന്‍റെ അഡ്വക്കേറ്റ് കൃഷ്ണരാജ് മുഖാന്തരം കേസ് ഫയൽ ചെയ്യുകയാണ്. വളരെ നിസാരമായിട്ട് രണ്ടുപേര് തമ്മിൽ ഫോണിൽ രണ്ടു മിനിറ്റ് സംസാരിച്ചാല്‍ തീരുമായിരുന്ന കാര്യം, പറയാനോ എനിക്ക് കൃത്യമായ മറുപടി നല്‍കാനോ തയാറാകുന്നില്ല. ഒരു മാസത്തോളം ഞാന്‍ കാത്തിട്ടാണ് ഞാന്‍ പരാതി നല്‍കിയത്'.
'ഇത്തരത്തില്‍ ഒരു വലിയ സംഭവമാക്കി എന്‍റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന വിധത്തിൽ, എന്നിലെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ അന്‍സിബ സംസാരിക്കുന്നത് ഞാന്‍ കേട്ടു. എന്തിന് എന്‍റെ പത്തുവയസുളള മകളെ കുറിച്ചും മോശമായി സംസാരിച്ചു. എന്‍റെ ഭര്‍ത്താവ് മോശമായി സംസാരിച്ചു എന്നുവരെ അവര്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാൻ നാളെ തന്നെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയാണ്. ഞാൻ പത്തു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടുകൊണ്ട് കേസ് കൊടുക്കും' എന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
അതേസമയം നടി അൻസിബയും ലക്ഷ്മിപ്രിയയും പരസ്പരം നൽകിയ പരാതികളിൽ അടിസ്ഥാനമില്ലെന്ന് തൃക്കാക്കര എസിപിയുടെ റിപ്പോർട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും, പരാതിയിൽ കേസെടുക്കാൻ തക്കതായ സാഹചര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ കണ്ടെത്തലിൽ തൃപ്തയല്ലെന്ന് വ്യക്തമാക്കിയ അൻസിബ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.