യൂട്യൂബിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി നടി ലക്ഷ്മിപ്രിയ. 93 വിഡിയോകളുടെ ലിങ്കുകളും തമ്പ് ലൈൻ സ്ക്രീൻ ഷോട്ടുകളും പൊലീസില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. യൂട്യുബേഴ്സ് മാത്രമല്ല ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും തനിക്കെതിരെ വിഡിയോ ചെയ്തിട്ടുണ്ടെന്നും ഇവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ലക്ഷ്മിപ്രിയ പറയുന്നു.
'ജീവിക്കാൻ ഒരു നിവർത്തിയുമില്ലാത്ത അവന്റെയൊക്കെ അമ്മമാരെ ഉൾപ്പെടെ അപരാദം മാത്രം പറഞ്ഞു ജീവിക്കുന്ന യൂട്യൂബർ മാരെ വിളിച്ച് ഒരു പാർട്ടി കൊടുക്കണം. നല്ല കശുമാവിൻ വാറ്റ് ഇളനീരൊഴിച്ചു കൊടുക്കണം. എന്നിട്ട് എന്റെ ഗുണ്ടകളെ കൊണ്ട് തല്ലി നടു ഒടിക്കണം. ദാരികന്റെ ശിരസ്സ് പിളർന്നത് പോലെ അല്ല മക്കളേ, ജരാസന്ധനെ ഒരു കാലിൽ പിടിച്ചു മറ്റേക്കാൽ വലിച്ചു കീറി തല തിരിച്ചിട്ട ഭീമസേനനെ പോലെ' എന്നാണ് ലക്ഷ്മിപ്രിയയുടെ വാക്കുകള്‍. 'പോയി പണിയെടുത്തു ജീവിക്കെടാ..... ജീവിപ്പിക്കും....എന്റെ തെങ്ങിൻ തോപ്പിൽ നിന്നെയൊക്കെ തൂമ്പാ എടുത്ത് കിളയ്ക്കാൻ നിർത്തും ഞാൻ. നിന്നെയൊക്കെ പണിയെടുത്തു തന്നെ ജീവിപ്പിക്കും' എന്നും ലക്ഷ്മിപ്രിയ ഫെയ്സബുക്കില്‍ എഴുതി.
'ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും ഉണ്ട്. നാക്കിനു മാത്രം ആരോഗ്യമുള്ള മുതുവാന്മാർ. മക്കളെ ഒന്നും ചെറുപ്പത്തിൽ പണിയെടുത്തു നോക്കി കാണൂല്ല. വയസായപ്പോൾ അവരും തിരിഞ്ഞു നോക്കില്ല. അപ്പോ കണ്ണിൽ കണ്ടത് പോലെ ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകളെ പ്രത്യേകിച്ച് പെണ്ണുങ്ങളെപ്പറ്റി എന്ത് അപരാദവും പറയും. അവന്മാർക്കും 'പണി ' കൊടുക്കും. എഴീച്ചു നിൽക്കാൻ ജീവനില്ലല്ലോ? വല്ല ലോട്ടറിയോ ഉപ്പ് സോഡയോ വിൽക്കട്ടെ' എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച തന്നെ ഇൻഫോപാർക്ക് സൈബർ സെൽ വിഭാഗത്തിൽ പരാതി കൊടുക്കുകയും രണ്ട് ദിവസങ്ങൾക്കു ശേഷം മൊഴി നല്‍കുകയും ചെയ്തു. പരാതിക്ക് പിന്നാലെ വീരവാദം പറഞ്ഞിരുന്നവർ ചിലരൊക്കെ വിഡിയോ ഹൈഡ് ചെയ്ത് ഓടിയിട്ടുെന്നും ലക്ഷ്മിപ്രിയ പറയുന്നു. തന്‍റെ പോരാട്ടം വിഡിയോ ചെയ്യുന്ന മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്. ഞാനും നിങ്ങളുമൊക്കെ ജോലി ചെയ്താണ് ജീവിക്കുന്നത്. അവരും പോയി പണി എടുത്ത് ജീവിക്കട്ടെ, പരദൂഷണം പറയാതെ എന്നാണ് ലക്ഷ്മിപ്രിയയുടെ വാക്കുകള്‍.