Image Credit:facebook/OfficialParvathy
കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവന തന്‍റെ ജീവിതം മാറ്റി മറിച്ചുവെന്ന് നടി പാര്‍വതി തിരുവോത്ത്. സൂമിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. മമ്മൂട്ടി നായകനായ ചിത്രത്തിലെ ഒരു രംഗത്തിലെ സംഭാഷണത്തോടുള്ള വിയോജിപ്പായിരുന്നു പാര്‍വതി അന്ന് വ്യക്തമാക്കിയത്. ക്രൂരമായ സൈബര്‍ ആക്രമണമാണ് പാര്‍വതിക്ക് നേരെയുണ്ടായത്. ബലാല്‍സംഗ ഭീഷണിയും വധഭീഷണിയും താരത്തിന് നേരെയുണ്ടായി. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
'അന്ന് ആ സംഭവങ്ങള്‍ക്ക് ശേഷമിരുന്ന് ആലോചിച്ചപ്പോള്‍ അത് ഞാനായത് കൊണ്ട് മാത്രമുള്ള ആക്രമണം അല്ലെന്നാണ് മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞത്. എല്ലാ സ്ത്രീകളുടെയും അവസ്ഥയായിരുന്നു. ലോകം നന്നാക്കിക്കളയാനല്ലല്ലോ ആരും തിരക്കഥയെഴുതുന്നത്. അത് പാര്‍വതിക്ക് എന്തെങ്കിലും പറഞ്ഞതിനെ കുറിച്ചുള്ള ആക്രമണമല്ല, മറിച്ച് ഒരു സ്ത്രീ തന്‍റെ അഭിപ്രായം പറഞ്ഞതിനും അതില്‍ ഉറച്ച് നില്‍ക്കുന്നതിനും നല്‍കേണ്ടി വന്ന വിലയാണെന്നയായിരുന്നു ചില പുരുഷന്‍മാര്‍ തന്നെ തുറന്നടിച്ചത്' – താരം പറയുന്നു.
പിന്നീടാണ് ഉയരെ റിലീസായത്. അപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ ഒരുവശത്ത് നടന്നിരുന്നുവെന്നും പക്ഷേ പ്രേക്ഷകര്‍ തന്‍റെ സിനിമയെ സ്വീകരിച്ചുവെന്നും പാര്‍വതി പറഞ്ഞു. 'ഒരു വര്‍ഷം കഴിഞ്ഞാണ് ഉയരെ തിയറ്ററുകളിലെത്തിയത്. വമ്പന്‍ ഹിറ്റായിരുന്നു പടം. അപ്പോഴും 'ബോയ്കോട്ട് പാര്‍വതി' ആളുകള്‍ തുടര്‍ന്നു. കേരളത്തിലെ പ്രേക്ഷകര്‍ക്കൊരു പ്രത്യേകതയുണ്ട്.. നിങ്ങളെ ഇഷ്ടമാണെങ്കിലും വെറുപ്പാണെങ്കിലും നല്ല സിനിമയാണെങ്കില്‍, നിങ്ങള്‍ നന്നായി അഭിനയിച്ചെങ്കില്‍ അവര്‍ നിങ്ങളെ ആഘോഷിക്കും. അന്നത്തെ പ്രസ്താവന ഇന്ന് ആവര്‍ത്തിക്കാന്‍ ധൈര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചവരുണ്ട്. ഞാന്‍ സംസാരിക്കുന്നത് പൂര്‍ണ ബോധ്യത്തോടെയാണെന്നായിരുന്നു എന്റെ മറുപടി. ഒരു കാര്യം ഞാന്‍ പറയാം, 2017 മുതല്‍ വിശ്വസിക്കാന്‍ പോലും കഴിയാത്ത രീതിയിലാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്'- അവര്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ പുരസ്കാര ജേതാവായ പാര്‍വതി ഉള്ളൊഴുക്കിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. തമിഴില്‍ തങ്കലാനും. പ്രഥമദൃഷ്ട്യാ കുറ്റക്കാരും ഐ, നോബഡിയുമാണ് താരത്തിന്‍റേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.