തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വീണ്ടും ഒന്നിച്ചതായി റിപ്പോര്‍ട്ട്. സംഗീത ഫയല്‍ ചെയ്ത വിവാഹമോചനക്കേസ് കോടതയിലിരിക്കെയാണ് പുതിയ വഴിത്തിരിവ്. കുടുംബാംഗങ്ങള്‍ ഇടപെട്ടാണ് ഇരുവരേയും വീണ്ടും ഒന്നിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. എന്തായാലും സംഗീതയും വിജയ്‌യും വീണ്ടും ഒന്നിക്കുകയാണെന്ന വിവരം ആരാധകരും ആഘോഷമാക്കുകയാണ്.
വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഇരുവരെയും അനുരഞ്ജിപ്പിച്ചതായാണ് വിവരം. ലണ്ടനിലായിരുന്ന സംഗീത ഇതിനകം ചെന്നൈയിലേക്ക് മടങ്ങിയെന്നും ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം വിജയ്‌യോ സംഗീതയോ കുടുംബാംഗങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂൺ 22ന് വിജയ്‌യുടെ ജന്മദിനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നുള്ള ഊഹാപോഹങ്ങളും ശക്തമാണ്. മുമ്പ് അച്ഛനുമായുള്ള വിജയ്‌യുടെ പിണക്കത്തിലും അമ്മ ശോഭ ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയത്. ഇതുതന്നെയാണ് ഇത്തവണയും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
അതേസമയം, സംഗീത സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലെ നടപടികളും പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയ്‌യും സംഗീതയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഒരു നടിയുമായി വിജയ്‌ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു 6 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ ഫെബ്രുവരിയില്‍ സംഗീത കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. ചെങ്കൽപ്പെട്ട് ഫാമിലി കോടതിയിലാണ് വിവാഹമോചന ഹർജി. 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്നും, അത് അവസാനിപ്പിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും തുടർന്നു എന്നും സംഗീത ഹർജിയിൽ ആരോപിക്കുന്നുണ്ട്.
നേരത്തേ വിജയ്‌യുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും ഭാര്യ സംഗീതയും മക്കളും പങ്കെടുത്തിരുന്നില്ല. വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും സംഗീതയേയും മക്കളെയും കണ്ടിട്ടില്ല. സംഗീതയുടെ വിവാഹമോചന ഹര്‍ജിക്ക് പിന്നാലെ തൃഷയുമായി ബന്ധപ്പെടുത്തി ഗോസിപ്പുകളും എത്തിയിരുന്നു. 1999 ഓഗസ്റ്റ് 25-നായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കള്‍.