മുന്‍ സുഹൃത്തുക്കളുടെ ആരോപണങ്ങളില്‍ മറുപടിയുമായി യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ്. ഷമീറിനും മമ്മു എന്ന മുഹമ്മദിനുമെതിരെ വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തുവെന്ന് നിഹാദ് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളെല്ലാം റീച്ചിന് വേണ്ടി ചെയ്യുന്നതാണ്. ക്രിമിനല്‍ കേസുകളും മാനനഷ്ട കേസുകളും രജിസ്റ്റര്‍ ചെയ്തുവെന്നും നിഹാദ് പറഞ്ഞു.
സമൂഹത്തിന് മുന്നില്‍ ഒരാളെ നാറ്റിക്കാന്‍ പറ്റുന്നതെല്ലാം അവര്‍ ചെയ്തിട്ടുണ്ട്. ആരോപണം ഉന്നയിച്ചാല്‍ പോര. തെളിവ് വേണം. ഞാന്‍ പോക്സോ കേസോ നിര്‍ബന്ധിച്ച് അബോര്‍ഷനോ ചെയ്തിട്ടുണ്ടെങ്കില്‍ ഏതെങ്കിലും പെണ്ണ് എനിക്കെതിരെ പറയണം.
എന്‍റെ വീട്ടില്‍ ഞാനില്ലാത്തപ്പോള്‍ ഡ്രഗ്സ് കയറ്റ് എന്‍റെ അലമാരയില്‍ നിന്നും എടുക്കുന്നത് വിഡിയോ എടുത്തു. എത്രമാസം മുന്നേ എടുത്തുവച്ചതാണ്. വന്ന കാലം മുതലുള്ള പ്ലാനിങ്ങാണെന്നും നിഹാദ് ആരോപിച്ചു. കേരള സര്‍ക്കാരിനോടും പൊലീസിനോടും പറയുകയാണ്, എല്ലാത്തിനേയും പിടിക്കണം. അപ്പോള്‍ പുറത്തുവരും സത്യങ്ങള്‍.
അന്വേഷണവുമായി സഹകരിക്കും. എന്നേയും അവരേയും പരിശോധിക്കണം. അലമാരയില്‍ നിന്നും മയക്കുമരുന്ന് എടുത്താല്‍ അത് എന്‍റേതാണെന്ന് എങ്ങനെ പറയും. ഡ്രഗ് ഞാന്‍ ഉപയോഗിക്കുന്നത് കാണിക്കണ്ടേ.
പുറത്തുവന്ന ഓഡിയോ ക്ലിപ്പുകള്‍ എഐ ആണെന്നും ആരുടെ ശബ്ദം വേണമെങ്കിലും എഡിറ്റ് ചെയ്യാനാവുമെന്നും നിഹാദ് പറഞ്ഞു. മാനനഷ്ട കേസില്‍ നിന്നും കിട്ടുന്ന പണം രോഗികള്‍ക്കോ അനാഥാലയങ്ങള്‍ക്കോ കൊടുക്കുമെന്നും നിഹാദ് കൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്ന് ഉപയോഗവും ലൈംഗിക ചൂഷണവും പോക്സോ വകുപ്പും അടക്കം ചുമത്താവുന്ന കുറ്റകൃത്യങ്ങളാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദും സുഹൃത്തായ ഷമീറും പരസ്പരം ആരോപിച്ചത്. തന്‍റെ വീട്ടിലേക്ക് ഡ്രഗ്സ് കയറ്റിയെന്ന ആരോപണം ആദ്യം നിഹാദായിരുന്നു ഉന്നയിച്ചത്. പിന്നാലെ നിഹാദിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷമീറും ലൈവിലെത്തിയതോടെയാണ് ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നത്. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പണം നല്‍കി പെണ്‍കുട്ടികളെ സ്വാധീനിച്ച് സംഭവം ഒതുക്കിയെന്നും ഷമീര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വരെ നിഹാദ് ഉപയോഗിച്ചുവെന്നും ഷമീര്‍ ആരോപിച്ചു. പഴയ കാര്യമാണെങ്കിലും പോക്സോ പോക്സോ അല്ലാതായി മാറുമോ എന്ന് ഷമീര്‍ തന്നെ ഒരു വിഡിയോയില്‍ ചോദിക്കുന്നുണ്ട്.