thoppi-mammu-shameer

TOPICS COVERED

യൂട്യൂബര്‍ തൊപ്പിയുടേയും സുഹൃത്തുക്കളുടേയും ആരോപണ പ്രത്യോരോപണങ്ങളില്‍ നിയമ നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. മയക്കുമരുന്ന് ഉപയോഗവും ലൈംഗിക ചൂഷണവും പോക്സോ വകുപ്പും അടക്കം ചുമത്താവുന്ന കുറ്റകൃത്യങ്ങളാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദും സുഹൃത്തായ ഷമീറും പരസ്പരം ആരോപിച്ചത്. 

തന്‍റെ വീട്ടിലേക്ക് ഡ്രഗ്സ് കയറ്റിയെന്ന ആരോപണം ആദ്യം നിഹാദായിരുന്നു ഉന്നയിച്ചത്. പിന്നാലെ നിഹാദിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷമീറും ലൈവിലെത്തിയതോടെയാണ് ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നത്. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പണം നല്‍കി പെണ്‍കുട്ടികളെ സ്വാധീനിച്ച് സംഭവം ഒതുക്കിയെന്നും ഷമീര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വരെ നിഹാദ് ഉപയോഗിച്ചുവെന്നും ഷമീര്‍ ആരോപിച്ചു. പഴയ കാര്യമാണെങ്കിലും പോക്സോ പോക്സോ അല്ലാതായി മാറുമോ എന്ന് ഷമീര്‍ തന്നെ ഒരു വിഡിയോയില്‍ ചോദിക്കുന്നുണ്ട്. 

നിഹാദിന്‍റെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വിഡിയോയും ഇവര്‍ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് കടുത്ത നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. തൊപ്പി ഫയല്‍സ് ആണ് പുറത്തുവന്നതെന്നും വിഡിയോ കണ്ട് ഞെട്ടിയെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് ആണ് രംഗത്തെത്തിയത്. 

പ്രഥമ ദൃഷ്ട്യാ എന്‍ഡിപിഎസ് ആക്റ്റ് ചുമത്താവുന്ന കുറ്റമാണ് ഇരു കൂട്ടരും പരസ്പരം ആരോപിച്ചിരിക്കുന്നത്. മയക്കുമരുന്ന് നിര്‍മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവില്‍ വാങ്ങുക തുടങ്ങിയവയെല്ലാം എന്‍ഡിപിഎസ് ആക്റ്റിന്‍റെ പരിധിയില്‍ വരും. 

നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മമ്മു എന്നറിയപ്പെടുന്ന മുഹമ്മദും ഷമീറും രംഗത്തെത്തിയതോടെയായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമായത്. തൊപ്പിയുടെ അടിവസ്ത്രങ്ങള്‍ വരെ തങ്ങള്‍ അലക്കിയിരുന്നുവെന്നും തൊപ്പി പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ മര്‍ദിക്കുമെന്നും ഇരുവരും വെളിപ്പെടുത്തി.

ക്യാമറയില്‍ കാണാത്ത ഒരു രൂപവും സ്വഭാവവും അവനുണ്ട്. അത് ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ അറിയൂ. അടിമകളെ പോലെയാണ് കാണുന്നത്. ലൈവ് തീർന്നു കഴിഞ്ഞാൽ പച്ച തെറിയാണ് വിളിക്കുക. മുഖത്ത് കാലുകൊണ്ട് ചവിട്ടും. ശാരീരികമായ ഉപദ്രവങ്ങളും തൊപ്പിയുടെ ഭാഗത്ത് നിന്നും നേരിട്ടതായും മുഹമ്മദും ഷമീറും പറഞ്ഞു.

ENGLISH SUMMARY:

The YouTube Thoppi controversy involves serious allegations and counter-allegations between the YouTuber and his friends, leading to calls for legal action on social media. These accusations include drug use, sexual exploitation, and POCSO offenses, prompting a strong public reaction demanding thorough investigation and arrests.