Image credit: Aubrey strobel
അട ബൊമ്മാലെ, ദുവ ലിപയെ അറിയാത്ത മലയാളികളുണ്ടോ അല്ലേ... വാഴ 2 സിനിമ ഇറങ്ങിയതിന് ശേഷം, അല്ലെങ്കില്‍ ചിത്രത്തിലെ അട ബൊമ്മാലെ ഗാനം ഇറങ്ങിയതിന് ശേഷം മലയാളികള്‍ ഏറെ തിരഞ്ഞ പേരായിരിക്കും ദുവ ലിപ. ലോകപ്രശസ്ത ഗായികയും ഗാനരചയിതാവുമാണ് ദുവ ലിപ.
ഇപ്പോഴിതാ, ഹോളിവുഡ് നടൻ കല്ലം ടേണറുമായി വിവാഹിതയായിരിക്കുകയാണ് താരം. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഓൾഡ് മേരിലിബോൺ ടൗൺ ഹാളായിരുന്നു വിവാഹ വേദി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹം. സംഗീതലോകത്തെ ഇതിഹാസങ്ങളായ പോൾ മക്കാർട്ട്നി, റിംഗോ സ്റ്റാർ, കൂടാതെ ലിയം ഗല്ലഗർ തുടങ്ങിയ പ്രമുഖരുടെ വിവാഹങ്ങൾക്ക് വേദിയായതിനാൽ ഈ സ്ഥലം സെലിബ്രിറ്റികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്.
വിവാഹത്തേക്കാളും ദുവ ലിപ വിവാഹത്തിനായി തിരഞ്ഞെടുത്ത വസ്ത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രശസ്ത ഫാഷൻ ഹൗസായ സ്കിയാപറെല്ലിയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡാനിയൽ റോസ്ബെറി രൂപകൽപ്പന ചെയ്ത കസ്റ്റം കൂച്ചർ വസ്ത്രമാണ് താരം അണിഞ്ഞത്.
അതില്‍ പ്രത്യേക ആകർഷണമായി സ്വർണ ബട്ടണുകൾ പതിപ്പിച്ച ഐവറി നിറത്തിലുള്ള ടെയ്ലർഡ് ബ്ലേസറിനൊപ്പം അണ്‍ ഈക്വല്‍ സ്കർട്ടും ചേർന്ന വസ്ത്രം പുതിയ ട്രെന്‍ഡ് തന്നെയാണ് ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത മില്ലിനറായ സ്റ്റീഫൻ ജോൺസ് രൂപകൽപ്പന ചെയ്ത വിശാലമായ അരികുകളുള്ള തൊപ്പിയും പ്രത്യേക ആകര്‍ഷണമായിരുന്നു.
പരമ്പരാഗത വിവാഹവസ്ത്രം ഒഴിവാക്കി ഫാഷൻ-ഫോർവേഡ് ടെയ്ലറിങാണ് ദുവ ലിപ സ്വീകരിച്ചത്. വെളുത്ത ഗ്ലൗസുകളും ക്രിസ്റ്റ്യൻ ലൂബൂട്ടിന്‍റെ പോയിന്‍റഡ് പമ്പുകളും ധരിച്ച ദുവ, ബൾഗാരിയുടെ ആഭരണങ്ങളിലൂടെയാണ് തന്‍റെ ലുക്ക് പൂർത്തിയാക്കിയത്. സർപെന്റി ഹൈ-ജ്വല്ലറി നെക്ലേസും അതിനൊത്ത ഡയമണ്ട് സ്റ്റഡ് ഇയർറിംഗുകളുമാണ് ദുവ തിരഞ്ഞെടുത്തത്. മേരി ക്ലെയർ റിപ്പോർട്ടില്‍ നിന്നാണ് ദുവയുടെ ട്രെന്‍ഡ് സീക്രട്ട് പുറംലോകം അറിയുന്നത്.
ദുവ ലിപയ്ക്കൊപ്പം തന്നെ ട്രെന്‍ഡിങ് ആയിരുന്നു കല്ലം ടേണറുടെ വസ്ത്രവും. ഫെറഗാമോയുടെ നേവി നിറത്തിലുള്ള ഡബിൾ-ബ്രെസ്റ്റഡ് സ്യൂട്ടാണ് താരം ധരിച്ചത്. വിവാഹ ചടങ്ങുകള്‍ സ്വകാര്യമായി അവസാനിച്ചെങ്കിലും ആഘോഷങ്ങൾ ഇതോടെ അവസാനിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇറ്റലിയിലെ സിസിലി ദ്വീപിലെ പാലെർമോയിൽ ആഘോഷങ്ങള്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂവെന്നാണ് സൂചന.