devi-02

ഫാഷൻ ലോകത്തിന്റെ ഏറ്റവും വലിയ വേദികളിലൊന്നായ പാരിസ് ഹോട്ട് ക്യൂച്ചർ വീക്ക് ഇത്തവണ ഇന്ത്യൻ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ ഡിസൈനർമാരും, സെലിബ്രിറ്റികളും, രാജ്യത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൈത്തറി-കരകൗശല പാരമ്പര്യവും ആഗോള ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

 

ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയായത് ഇന്ത്യൻ ഡിസൈനർമാരുടെ അവതരണങ്ങളാണ്. ഡിസൈനർ രാഹുൽ മിശ്ര തന്റെ പുതിയ ഹോട്ട് ക്യൂച്ചർ ശേഖരമായ "Devi: The Eternal Muse" അവതരിപ്പിച്ചു. ഇന്ത്യൻ പുരാണങ്ങളും ദേവീ സങ്കൽപ്പവും ക്ഷേത്ര ശിൽപ്പകലയും പ്രചോദനമാക്കിയാണ് ഈ കലക്ഷന്‍ . മണിക്കൂറുകളുടെ കൈപ്പണിയാണ് ഓരോ വസ്ത്രത്തിലും നിറഞ്ഞത്. ഇന്ത്യൻ എംബ്രോയ്ഡറിയും കരകൗശല വൈദഗ്ധ്യവും ലോക ഫാഷൻ വേദിയിൽ വീണ്ടും തിളങ്ങി 

devi-01

 

ഇന്ത്യൻ ഡിസൈനറായ ഗൗരവ് ഗുപ്തയുടെ കലക്ഷനും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. പാരിസില്‍ അവതരിപ്പിച്ച ശേഖരം  ആത്മീയ ചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്.  സ്ത്രീ– പുരുഷ  ഊര്‍ജങ്ങളുടെ  സന്തുലിതാവസ്ഥയും മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധവുമായിരുന്നു ഇതിന്റെ ആശയം. ശരീരത്തെച്ചുറ്റിപ്പറ്റി തിരമാലപോലെ  ഉയരുന്ന ശില്‍പരൂപങ്ങള്‍, വായുവില്‍ ഒഴുകുന്നപോലെ തൊന്നിപ്പിക്കുന്ന ഡ്രോപ്പുകള്‍, ലോഹശില്‍പങ്ങളെ ഓര്‍മിപ്പിക്കുന്ന silhoutteകള്‍ എന്നിവയാണ് വസ്ത്രങ്ങളുടെ പ്രത്യേകത.

gaurav-01

 

ഇത്തവണയുടെ മറ്റൊരു ചരിത്രനേട്ടം മനീഷ് മൽഹോത്ര സ്വന്തമാക്കി. "Maa" എന്ന ശേഖരവുമായി അദ്ദേഹം ആദ്യമായി ഔദ്യോഗിക പാരിസ് ഹോട്ട് ക്യൂച്ചർ കലണ്ടറിലേക്ക് പ്രവേശിച്ചു. ഇതോടെ ഔദ്യോഗിക പാരിസ് ഹോട്ട് ക്യൂച്ചർ വാരത്തിൽ സ്ഥാനം നേടുന്ന വളരെ കുറച്ച് ഇന്ത്യൻ ഡിസൈനർമാരുടെ നിരയിൽ മനീഷ് മൽഹോത്രയും ഇടം നേടി. ഓരോ ഡിസൈനിലൂടെയും അമ്മയുടെ ജീവിതത്തിലെ സ്വാധീനത്തിനും സ്നേഹത്തിനും ത്യാഗത്തിനുമുളള ആദരമായിട്ടാണ് ഈ കലക്ഷന്‍ അവതരിപ്പിച്ചത്. കറുപ്പ്, ഐവറി, സ്വര്‍ണം, ചുവപ്പ് തുടങ്ങിയ  നിറങ്ങള്‍ ഉപയോഗിച്ചുളള വസ്ത്രങ്ങള്‍ ഇന്ത്യന്‍ രാജകീയ പാരമ്പര്യത്തിന്റെ ഗാംഭീര്യവും ആധുനിക ക്യൂച്ചറിന്റെ സൗന്ദര്യവും ഒത്തിണക്കിയുളളതായിരുന്നു. 

gaurav-02

 

ഇന്ത്യൻ ഡിസൈനർ വൈശാലി എസ് തന്റെ പ്രത്യേക കൈത്തറി നെയ്ത്ത് സാങ്കേതികവിദ്യയും സുസ്ഥിര ഫാഷൻ ആശയങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ശ്രദ്ധ നേടി.

manish-02

 

ഡിസൈനർമാർ മാത്രമല്ല, ഇന്ത്യൻ സെലിബ്രിറ്റികളും ഇത്തവണ പാരിസിൽ വലിയ സാന്നിധ്യമായി. വ്യവസായ പ്രമുഖ ഈഷ അംബാനി രാഹുൽ മിശ്രയുടെ ഷോയിൽ അണിഞ്ഞെത്തിയ കസ്റ്റം ക്യൂച്ചർ വസ്ത്രവും അത്യപൂർവ ഡയമണ്ട് ആഭരണങ്ങളും ലോകമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. സംരംഭക സുധ റെഡ്ഡിയും നിരവധി ഫാഷൻ ഷോകളിൽ മുൻനിര അതിഥിയായി പങ്കെടുത്തു.

isha-01

 

ഇന്ത്യൻ കരകൗശല തൊഴിലാളികളുടെ കഴിവും, കൈകൊണ്ട് ചെയ്യുന്ന എംബ്രോയ്ഡറിയും, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വസ്ത്രനിർമാണ രീതികളും ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ബ്രാൻഡുകൾക്ക് പോലും അനിവാര്യമായ ഘടകങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് പാരിസ് ഫാഷൻ ലോകത്ത് ഇന്ത്യൻ കരകൗശലത്തിന് പിന്നാമ്പുറ പങ്ക് മാത്രമായിരുന്നെങ്കിൽ, ഇന്ന് ഇന്ത്യൻ ഡിസൈനർമാർ സ്വന്തം കഥകളും സംസ്കാരവും കലയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പ്രധാന സാന്നിധ്യമായി മാറിയിരിക്കുന്നു.

ENGLISH SUMMARY:

This year's Paris Haute Couture Week, one of the world's most prestigious fashion events, stood out for its strong Indian presence. Indian designers, celebrities, and the country's centuries-old textile and craftsmanship traditions captured the attention of the global fashion industry.