ദിവ്യ എസ്.അയ്യര്‍, കെ.കെ.രാഗേഷ്. കെ.കെ.ശൈലജ.
വിഴിഞ്ഞം തുറമുഖം എം.ഡി. സ്ഥാനത്തുനിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയ നടപടിയിൽ വലിയ വിവാദങ്ങളുടെ ആവശ്യമില്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. ഭരണപരമായ സ്വാഭാവിക നടപടി മാത്രമാണിതെന്നും, എന്നാൽ പദ്ധതി പൂർണമായും കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാകാൻ പാടില്ലെന്നും അവർ ഓർമ്മിപ്പിച്ചു. ഈ മാറ്റത്തെ 'ഡീൽ' എന്ന് വിശേഷിപ്പിച്ച് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. അദാനിക്കുവേണ്ടിയെന്നായിരുന്നു വിമര്‍ശനം. ഇതിന് മറുപടിയായി, ഇത് സ്വാഭാവിക നടപടിയാണെന്നും രാഗേഷിന പ്രത്യേക താൽപ്പര്യത്തിന് പിന്നിലെന്തെന്നും തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തിരിച്ചടിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, നേതൃമാറ്റം സി.പി.എം. രീതിയല്ലെന്നും തോൽവിക്ക് എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. തിരുത്തൽ നടപടികളിലൂടെ പാർട്ടി തിരിച്ചുവരുമെന്നും, ഇടതുപക്ഷം ക്ഷീണിക്കാതെ മുന്നോട്ടുപോകാൻ ആവശ്യമായ ക്രമീകരണങ്ങൾ നേതൃത്വം സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.തെറ്റ് തിരുത്തി വരുന്നവർ പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നതിൽ കുഴപ്പമില്ലെന്ന എം വി ജയരാജന്റെ പ്രസ്താവനയിൽ പാർട്ടി സെക്രട്ടറി ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുള്ളതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ശൈലജ പറഞ്ഞു.
എയിംസ് എവിടെ സ്ഥാപിക്കണമെന്നതില്‍ സംസ്ഥാന സർക്കാരിൽ അഭിപ്രായ ഐക്യം ഇല്ലെന്ന് മുന്‍ ആരോഗ്യമന്ത്രികൂടിയായ .കെ.ശൈലജ പറഞ്ഞു. എവിടെയെങ്കിലും എയിംസ് വന്നാല്‍ മതി എന്നാണ് നിലപാട് ആരോഗ്യവകുപ്പ് ആര് കൈകാര്യം ചെയ്താലും വൃത്തിയായി ചെയ്യണം. ഏതുപാർട്ടി ഭരിച്ചാലും ദൈനംദിന പ്രവർത്തനങ്ങളില്‍ ആരോഗ്യവകുപ്പ് നിലപാട് ഏറ്റെടുത്തില്ലെങ്കിൽ പല പ്രശ്നങ്ങളുമുണ്ടാകുമെന്നും കെ.കെ.ശൈലജ ഡല്‍ഹിയില്‍ പറഞ്ഞു.