അമ്മയിലെ തര്‍ക്കങ്ങളില്‍ വിമര്‍ശനവുമായി നടന്‍ സുധീര്‍. ‘അമ്മ’ സംഘടനയെ പടുത്തുയർത്തിയ ഒരുപാട് ആളുകളുണ്ടെന്നും നിങ്ങൾ പരസ്പരം ചെളി വാരിയെറിയുമ്പോൾ കൊള്ളുന്നത് അവർക്കാണെന്നും സുധീര്‍ പറഞ്ഞു. സംഘടനയെ എന്തിനാണ് ഇങ്ങനെ നാറ്റിക്കുന്നതെന്നും തനിക്കിത് പറയാന്‍ ഒരു മടിയുമില്ലെന്നും സുധീര്‍ പറഞ്ഞു. 

'എന്തായാലും കൊള്ളാം കേട്ടോ, രാവിലെ എഴുന്നേറ്റ് ഇൻസ്റ്റഗ്രാം തുറന്നപ്പോൾ ടിനി ടോമിന്റെ അഭിമുഖം, ‘ഞാൻ അങ്ങനെയല്ല, ഞാൻ മറ്റേതല്ല’, എന്റെ പൊന്നു ടിനി, നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്. എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നത്.

നമുക്കിതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടല്ല, നിങ്ങൾ നിങ്ങളുടെ പ്രഫഷനില്‍ ശ്രദ്ധിക്ക്. അൻസിബയോടും കൂടിയാണ്, നിങ്ങളും നിങ്ങളുെട കാര്യം നോക്കി ജീവിക്ക്. ‘അമ്മ’ സംഘടനയെ പടുത്തുയർത്തിയ ഒരുപാട് ആളുകളുണ്ട്, നിങ്ങൾ പരസ്പരം ചെളി വാരിയെറിയുമ്പോൾ കൊള്ളുന്നത് അവർക്കാണ്. ഈ സംഘടന പൊന്നുപോലെ കൊണ്ടു നടന്നവരുണ്ട്. ഇതിനു വേണ്ടി ജീവൻ കളഞ്ഞവരുണ്ട്. സമയം കളഞ്ഞവരുണ്ട്. അവരുടെയൊക്കെ മുഖത്ത് ചെളി വാരിയെറിയുകയാണ്. കഷ്ടം, അത് ഏറ്റുപിടിക്കാൻ മറ്റുചില കോമാളികളും. എന്ത് ആവശ്യത്തിന്. വേറെ വല്ലോ പണിക്കും പൊയ്ക്കൂടെ.

‘അമ്മ’യുടെ കൈനീട്ടം കാത്തിരിക്കുന്ന എത്രയോ പേരുണ്ട് സംഘടനയിൽ. കണ്ണിന്റെ ചികിത്സ ചെയ്യുന്നവർ, മറ്റു ചികിത്സ നേടുന്നവർ ഒരുപാട് പേരുണ്ട്. എന്തിനാണ് സംഘടനയെ ഇങ്ങനെ നാറ്റിക്കുന്നത്. ഇതൊക്കെ പറയാൻ എനിക്കൊരു പേടിയുമില്ല,' സുധീര്‍ പറഞ്ഞു. 

താരസംഘടനയായ ‘അമ്മ’യിൽനിന്നു രാജിവച്ച ജോയിന്റ് സെക്രട്ടറി അൻസിബ ഹസന്റെ ആരോപണങ്ങളോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പിന്നാലെ പ്രതികരിച്ച് കൂടുതൽ താരങ്ങൾ രംഗത്തെത്തി. അൻസിബയ്ക്കെതിരെ തൃപ്പൂണിത്തുറ ഹിൽപാലസ് വനിതാസെല്ലിൽ പരാതി നൽകിയത് വൈസ് പ്രസിഡന്റ് കൂടിയായ താനാണെന്നും വ്യക്തിപരമായ കാരണങ്ങളാണു പിന്നിലെന്നുമാണ് നടി ലക്ഷ്മിപ്രിയ പറഞ്ഞത്. ഭരണസമിതിയിൽ ചേരിതിരിവുണ്ടെന്നും എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പിനെ തൃപ്തിപ്പെടുത്താനായി തന്നെ അമ്മ ഓഫിസിലെത്തുന്നതിൽനിന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഒരു മാസത്തേക്കു വിലക്കിയെന്നും പല കാര്യങ്ങളും പ്രസിഡന്റ് ശ്വേത മേനോൻ അറിയുന്നില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. കുടുംബമേളയ്ക്കിടെ ടിനി ടോം തന്നെ കയ്യേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും അമ്മ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും നീന കുറുപ്പ് നൽകിയ പരാതിയുടെ വിശദാംശങ്ങളും പുറത്തുവന്നിരുന്നു.

ENGLISH SUMMARY:

Sudheer criticizes AMMA's internal disputes, highlighting how mudslinging harms those who built the organization and are awaiting its support. He urges actors to focus on their craft rather than engaging in gossip and damaging the reputation of the esteemed association.