നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടൻ ടിനി ടോം. ദൈവത്തിന് സത്യം അറിയാം, നമുക്ക് വേണ്ടി ദൈവം പോരാടും എന്ന കുറിപ്പോടെയാണ് പോസ്റ്റ്. കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ടിനിക്ക് ജാമ്യം അനുവദിച്ചത്. 

'ദൈവത്തിന് സത്യം അറിയാം... അവിടുന്ന് നമുക്കുവേണ്ടി പോരാടും... ആവേ മരിയ... കൃപാസനം വിശ്വാസി' എന്ന കുറിപ്പോടെ കൃപാസനത്തിൽ മാതാവിന്റെ രൂപത്തിൽ തൊടുന്ന ഫോട്ടോയാണ് ടിനി പങ്കുവെച്ചിട്ടുള്ളത്. അൻസിബയുടെ പരാതിയിൽ  സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരുന്നത്. 

അൻസിബ ജിഹാദിയെന്നും മതതീവ്രവാദിയെന്നും പ്രചരിപ്പിക്കാൻ ടിനി ടോം ശ്രമിച്ചെന്നായിരുന്നു അൻസിബയുടെ പരാതി. അൻസിബയ്ക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ടിനി ടോം അൻസിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പൊലീസിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി ടിനി ടോമിനെതിരെ അന്വേഷണത്തിന് നിർദേശിച്ചത്.

കഴിഞ്ഞ മാസം 30നാണ് അൻസിബയുടെ പരാതിയില്‍ കേസെടുക്കാന്‍ എറണാകുളം ജില്ല സെഷൻസ് കോടതി നിര്‍ദ്ദേശിച്ചത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം (Bns 74), ലൈംഗിക സൂചനയോടെയുള്ള പരാമർശം(Bns 75), സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം( Bns79), മത സ്പർദ്ധ വളർത്തൽ (Bns 299), മതവികാരം വൃണപ്പെടുത്താൽ(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവിൽ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.

ENGLISH SUMMARY:

Tini Tom anticipatory bail was granted following a complaint filed by actress Anziba Hassan. He posted on Facebook with a message stating that God knows the truth and will fight for them.