Image: Jayaram,Urvashi,Manorama
ഉര്‍വശിയെന്ന മഹാനടിയെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. ഏത് കഥാപാത്രവും തന്‍മയത്വത്തോടെ ആ കൈകളിലും ഭാവങ്ങളിലും ഭദ്രം. ഇപ്പോഴിതാ ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള ഉര്‍വശിയുടെ കമിറ്റ്മെന്റിനെക്കുറിച്ച് പറയുകയാണ് നടന്‍ ജയറാം. ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ് ‘പരിമള ആന്റ് കോ’. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ഉര്‍വശിയുടെ സഹോദരന്റെ മരണവാര്‍ത്ത അറിഞ്ഞത്. എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഡേറ്റ് ബ്ലോക്ക് ചെയ്ത്, വളരെ ടൈറ്റ് ഷെഡ്യൂളില്‍ നടക്കുന്ന ഷൂട്ടിങ് തടസപ്പെടാതെ ഉര്‍വശി കാര്യങ്ങള്‍ കൈകാര്യം ചെയ്ത രീതി കണ്ട് അമ്പരന്നുപോയെന്നാണ് ജയറാം പറയുന്നത്. ജീഗലാട്ട തമിഴിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയറാമും ഉർവശിയും.
നാല് ദിവസമാണ് ഷൂട്ട് വച്ചിരുന്നത്. എല്ലായിടത്തു നിന്നും പെർമിഷൻ വാങ്ങി നടത്തുന്നതുകൊണ്ടു തന്നെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് വീണ്ടും നീണ്ടുപോകും. ഷൂട്ടിങ്ങിന്റെ ആദ്യദിനം ഹാഫ് ഡേ സമയത്താണ് സഹോദരന്റെ മരണവിവരം അറിയുന്നത്. ആരായാലും തകര്‍ന്നുപോകുന്ന നിമിഷം. പക്ഷേ ഉര്‍വശി, ‘രാത്രി എനിക്ക് കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്യൂ’ എന്ന് പറഞ്ഞ് ബാക്കി ഷൂട്ടും കാര്യങ്ങളുമൊക്കെ പൂർത്തിയാക്കാനായി മാറി.
അന്നുപോയി ചടങ്ങുകളെല്ലാം കഴിഞ്ഞ് പിറ്റേ ദിവസം ഉച്ചയോടെ പാലക്കാടുള്ള ഷൂട്ടിങ് ലൊക്കേഷനിലേക്ക് തിരിച്ചെത്തി. ആ സിനിമയിലെ ഏറ്റവും വലിയ കോമഡി രംഗമാണ് അന്ന് ചിത്രീകരിച്ചത്, അത് ഉര്‍വശി ചിരിച്ചുകൊണ്ടു തന്നെ അഭിനയിച്ചു– ഇത് പറഞ്ഞതിന് പിന്നാലെ ജയറാം തൊട്ടടുത്തിരുന്ന ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.
അതേസമയം ഒപ്പം ജയറാം ആയതുകൊണ്ട് മാത്രമാണ് തനിക്കത് സാധിച്ചത് എന്നായിരുന്നു ഉര്‍വശിയുടെ മറുപടി. അനിയനെ നന്നായറിയാവുന്ന ജയറാം ആ സംഭവത്തെക്കുറിച്ച് ഒന്നും ചോദിച്ചില്ല, അനിയനും ജയറാമിനും കോമണ്‍ സുഹൃത്തുക്കള്‍ ആണുളളത്. ജയറാം എന്തെങ്കിലും ചോദിച്ചിരുന്നെങ്കില്‍ താന്‍ അപ്സറ്റ് ആയേനെ. ആര്‍ട്ടിസ്റ്റുകളാരും അങ്ങനെ ചോദിക്കില്ലെന്നും അതുകൊണ്ടാണ് ആ കോമഡി സീന്‍ ആ സമയത്ത് അഭിനയിക്കാനായതെന്നും ഉര്‍വശി പറയുന്നു.