താന്‍ സംസാരിച്ചതില്‍ തെറ്റുപറ്റിയിട്ടുണ്ടെന്നും ആര്‍ട്ടിഫിഷ്യല്‍ ഫെയ്സ് ഉണ്ടാക്കി ഒരാളോടും സംസാരിക്കാന്‍ തനിക്ക് പറ്റില്ലെന്നും നടന്‍ ജയറാം. സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുവരുന്ന ട്രോളുകളെക്കുറിച്ച് വനിതയോട് സംസാരിക്കുകയായിരുന്നു ജയറാം.
‘താന്‍ പറഞ്ഞതില്‍ തെറ്റുപറ്റിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യലായി ഒരു ഫെയ്സ് ഉണ്ടാക്കി ഒരാളോടും സംസാരിക്കാന്‍ തനിക്ക് പറ്റില്ല, പെട്ടെന്നിതൊക്കെ മാറ്റി ഗൗരവത്തില്‍ സംസാരിക്കാനും സാധിക്കില്ല. ട്രോളുകള്‍ മാക്സിമം ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. പിന്നെ ഇതെല്ലാം തൊഴിലിന്റെ ഭാഗമായി കഴിഞ്ഞു, എല്ലാവരും കളിയാക്കുന്നു, അതുകൊണ്ട് മറ്റെന്തെങ്കിലും പണിക്കു പോകാമെന്ന് വിചാരിക്കാനും പറ്റില്ല. പത്ത് മുപ്പത്തിയെട്ട് വര്‍ഷമായി ചെയ്യുന്ന കാര്യമാണിത്– ജയറാം പറയുന്നു.
ഈ അടുത്തകാലത്തായി ഏറ്റവുമധികം ട്രോളുകള്‍ക്ക് ഭാഗമായ നടനാണ് ജയറാം. ട്വന്റി20 സിനിമയിലെ ക്ലൈമാക്സ് സീനിലെ അസാന്നിധ്യത്തിന് കാരണം വിവരിച്ചതുള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ വലിയ ട്രോളായി മാറിയിരുന്നു. രണ്ട് അഭിമുഖങ്ങളില്‍ രണ്ട് കാരണങ്ങള്‍ പറഞ്ഞതും ആളുകള്‍ ആഘോഷിച്ചു. ക്ലൈമാക്സ് ഷൂട്ടിങ് സമയത്ത് ശബരിമലയില്‍ പോയെന്ന് ഒരു അഭിമുഖത്തിലും കുടുംബത്തോടൊപ്പം ദീപാവലി ആഘോഷത്തിലായിരുന്നുവെന്ന് മറ്റൊരു അഭിമുഖത്തിലും ജയറാം പറഞ്ഞിരുന്നു.
വിനയവും പഴയ പ്രസ്താവനകളുമെല്ലാം കുത്തിപ്പൊക്കിയായിരുന്നു ജയറാമിനെതിരെ പരിഹാസങ്ങള്‍ നിറഞ്ഞത്. ഇതിനിടെ നന്നായി നുണ പറയുന്ന വ്യക്തിയാണ് ജയറാമെന്ന നടന്‍ ബൈജുവിന്റെ തമാശരൂപേണയുള്ള പ്രസ്താവനയും തലക്കെട്ടുകളായിരുന്നു.