ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ രണ്‍വീര്‍ സിങ് ചിത്രം ധുരന്ധർ വെളിപ്പെടുത്തുന്നു എന്ന ആരോപണം പരിശോധിക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തോടും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോടും (സിബിഎഫ്‌സി) നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി. എസ്എസ്ബിയിലെ ഹെഡ് കോൺസ്റ്റബിൾ ദീപക് കുമാർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സിനിമ ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രവർത്തനങ്ങളുടെ രീതി വെളിപ്പെടുത്തുന്നുവെന്നും ഇത് രാജ്യത്തിന്‍റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും പറയുന്നത്. സിനിമ ഒരു സാങ്കൽപ്പിക സൃഷ്ടിയായിരിക്കാം എന്നാല്‍ ഉദ്യോഗസ്ഥൻ ഉന്നയിച്ച ആശങ്കകൾ അവഗണിക്കാൻ കഴിയില്ലെന്നും സിനിമയുടെ സ്വാധീനം നിഷേധിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സൈന്യത്തിന്‍റെ പ്രവർത്തനങ്ങളുടെയും ചിത്രീകരണം സിനിമയിൽ വളരെ വ്യക്തമാണെന്നും അത് രാജ്യത്തിന്‍റെ സുരക്ഷയെ വെല്ലുവിളിക്കുന്നതാണെന്നും ഹർജിക്കാരൻ വാദിക്കുന്നു. ഔദ്യോഗിക രഹസ്യ നിയമം പാലിച്ചല്ല സിനിമ നിർമ്മിച്ചിരിക്കുന്നതെന്നും വിവിധ രംഗങ്ങൾ സായുധ സേനയുടെ തന്ത്രപരമായ പ്രക്രിയയെ വെളിപ്പെടുത്തുന്നുവെന്നും കോടതയില്‍ നേരിട്ട് ഹാജരായ ഹര്‍ജിക്കാരന്‍ വാദിക്കുകയും ചെയ്തു. ഇന്ത്യയുടെ രഹസ്യ ഏജന്‍റുമാരുടെ വിദേശ രാജ്യങ്ങളിലെ രഹസ്യ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും ചിത്രം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഇത് രാജ്യത്തിന്‍റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ചിത്രത്തിനെതിരെ സൈനികന്‍ മോഹിത് ശര്‍മയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. തങ്ങളുടെ മകന്‍റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിര്‍മ്മിച്ചതെന്നാണ് അവർ ആരോപിച്ചത്. ഇത് സംബന്ധിച്ച് മോഹിത് ശർമ്മയുടെ മാതാപിതാക്കൾ കോടതിയിൽ ഹർജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തന്‍റെ ആശങ്കകൾ വ്യത്യസ്തമാണെന്നും ഇത്തരമൊരു സിനിമയിറങ്ങുമ്പോള്‍ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി സിബിഎഫ്‌സി കൂടിയാലോചിക്കുന്നില്ലെന്നും ദീപക് കുമാർ പറഞ്ഞു. ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആശങ്കകൾക്ക് ഒരു തെളിവുമില്ല എന്ന് പറയാനാവില്ലെ എന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്. 

അതേസമയം, ആദിത്യ ധർ സംവിധാനം ചെയ്ത് രണ്‍വീര്‍ സിങ് നായകനായി എത്തിയ 'ധുരന്ധർ 2: ദ് റിവഞ്ച്' ഈ വര്‍ഷം ഏറ്റവും വലിയ വിജയം നേടിയ ഇന്ത്യന്‍ ചിത്രമാണ്. ലോകമെമ്പാടുമായി 1,600 കോടി രൂപയിലധികമാണ് ധുരന്ധര്‍ 2 കളക്ട് ചെയ്തത്. സഞ്ജയ് ദത്ത്, ആര്‍.മാധവന്‍, അര്‍ജുന്‍ രാംപാല്‍, സാറ അര്‍ജുന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ രണ്ട് ഭാഗങ്ങളും 1,000 കോടി രൂപയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഇന്ത്യയിലെ ഒടിടി റിലീസ് ജൂണ്‍ നാലിനാണ്. അതേസമയം, രാജ്യന്തര ഒടിടി റിലീസ് മേയ് 14നായിരുന്നു.

ENGLISH SUMMARY:

The Delhi High Court has directed the Union Ministry of Information and Broadcasting and the Central Board of Film Certification (CBFC) to review serious allegations that Ranveer Singh’s blockbuster film Dhurandhar exposes confidential tactical operations of the Indian military. A division bench comprising Chief Justice Devendra Kumar Upadhyaya and Justice Tejas Kariya issued the order based on a Public Interest Litigation (PIL) filed by SSB Head Constable Deepak Kumar, who argued that the film poses a threat to national security and sovereignty. Appearing in person, the petitioner argued that the movie violates the Official Secrets Act by explicitly portraying strategic military processes and revealing classified overseas operations conducted by India's undercover intelligence agents. While recognizing that the film is a work of fiction, the court observed that the soldier's concerns cannot be casually dismissed given the undeniable socio-political impact of cinema. Meanwhile, the Aditya Dhar directorial Dhurandhar 2: The Revenge—starring Sanjay Dutt and R. Madhavan alongside Ranveer—has become a massive global hit grossing over ₹1,600 crore, with its Indian OTT release scheduled for June 4 following its international digital premiere on May 14.