സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴയേല്‍ക്കുന്നവരാണ് രാഷ്ട്രീയ നേതാക്കള്‍. യു ടേണ്‍ പോലുള്ള നിലപാട് മാറ്റങ്ങളും നാക്കുപിഴകളും മുതല്‍ നേതാക്കളുടെ ശരീര ഭാഷവരെ ട്രോളുകള്‍ക്ക് വിഷയമാകുന്നത് നാം നിത്യേന കാണാറുണ്ട്.  ഇതിനു പുറമേ വാര്‍ത്താ മാധ്യമങ്ങളിലെ കാര്‍ട്ടൂണുകളും ആക്ഷേപ ഹാസ്യ പരിപാടികളും വേറെ. എല്ലാംകൂടിയാകുമ്പോള്‍ ചില നേതാക്കള്‍ക്ക് ചിലപ്പോള്‍ പിടിവിട്ടുപോകും. ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് ട്രോള്‍ ആക്രമണം നേരിട്ട രാഘവ് ഛദ്ദയാണ് ഒടുവിലത്തെ ഉദാഹരണം.  

ബി.ജെ.പിയില്‍ ചേര്‍ന്നതിന് തന്നെ പരിഹസിക്കുന്ന സമൂഹ മാധ്യമ പോസ്റ്റുകള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു രാഘവ് ഛദ്ദ. ''ഛദ്ദ പണത്തിനു വേണ്ടി സ്വയം വിറ്റു" എന്ന പോസ്റ്റുകൾ പിന്‍വലിക്കണമെന്നായിരുന്നു ഹര്‍ജി.  ഈ ആശയമുള്ള പോസ്റ്റുകള്‍ തനിക്ക് അപകീര്‍ത്തികരമെന്നാണ് ഛദ്ദയുടെ വാദം.  ഇത്തരം അപകീർത്തി പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ അതോടൊപ്പം കോടതി പറഞ്ഞത് രാഷ്ട്രീയക്കാര്‍ക്കുള്ള ഓര്‍മപ്പെടുത്തലായിരുന്നു.  

രാഷ്ട്രീയക്കാർ രാഷ്ട്രീയ നർമ്മങ്ങൾ സഹിക്കാൻ ശീലിക്കണമെന്നും, ആക്ഷേപഹാസ്യപരമായ വിമർശനങ്ങൾ അപകീർത്തിപ്പെടുത്തലായി കണക്കാക്കാനാകില്ലെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികളിലെയും സഖ്യങ്ങളിലെയും മാറ്റങ്ങൾ, ഭരണം, നയങ്ങൾ എന്നിവയെക്കുറിച്ചുള്ള തമാശകൾ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.  ഏതൊരു രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട രാഷ്ട്രീയക്കാരന്റെയും നടപടികൾ പൊതുജനങ്ങളിൽ നിന്നോ എതിർ കക്ഷികളിൽ നിന്നോ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തും, അത് ചിലപ്പോൾ ആക്ഷേപഹാസ്യത്തിന്റെ രൂപത്തിലായിരിക്കാമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നിരീക്ഷിച്ചു.

ഏതൊരു വിമർശനത്തിലും പരാതിപ്പെടുന്ന വിധത്തില്‍ തൊലിക്കട്ടിയില്ലാത്തവരാകരുത് പൊതുപ്രവർത്തകര്‍,  വിമർശനങ്ങളെ വിനയത്തോടെ കാണണം. അധികാര സ്ഥാനങ്ങളിലുള്ള പൊതുപ്രവർത്തകർ അനിവാര്യവുമായ ഒരു വശമെന്ന നിലയിൽ, ആക്ഷേപഹാസ്യ നർമ്മങ്ങൾ നേരിടേണ്ടിവരും.  അത് എത്രതന്നെ അപ്രിയമാണെങ്കിലും സഹിഷ്ണുതകാണിക്കണമെന്നും കോടതി ഓര്‍മ്മപ്പെടുത്തി.

രാഘവ് ഛദ്ദയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച അശ്ലീല ഉള്ളടക്കങ്ങൾ നീക്കാന്‍ കോടതി നിർദ്ദേശിച്ചു. ഹർജിയിൽ പറയുന്ന അപകീർത്തികരമെന്ന് ആരോപിക്കപ്പെടുന്ന ഉള്ളടക്കങ്ങളിൽ ഭൂരിഭാഗവും രാഷ്ട്രീയത്തിലെ ഛദ്ദയുടെ തീരുമാനങ്ങളെക്കുറിച്ചുള്ള ആക്ഷേപഹാസ്യങ്ങളാണ്, ഇത്തരം തീരുമാനങ്ങൾക്ക് ഒരേസമയം പൂച്ചെണ്ടുകളും കല്ലേറുകളും ലഭിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. വ്യക്തിയുടെ അന്തസ്സ് തകർക്കാൻ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ്ഫേക്ക് വീഡിയോകളും രൂപമാറ്റം വരുത്തിയ ചിത്രങ്ങളും ഉപയോഗിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് പ്രസാദ് വ്യക്തമാക്കി. 

ENGLISH SUMMARY:

The Delhi High Court recently provided a significant perspective on the tolerance expected from politicians regarding social media satire. While hearing a plea by Raghav Chadha against defamatory posts related to his political affiliation change, the Court ordered the removal of obscene and deepfake content. However, Justice Subramonium Prasad emphasized that politicians must develop "thick skin" and be tolerant of political satire, as criticism—sometimes in a humorous or mocking form—is an inevitable aspect of public life. The Court observed that decisions made by political figures are bound to invite both appreciation and sharp criticism, and satirical remarks on political shifts or policies cannot be equated with defamation.