Image: Facebook (TheVirDasOfficial/KanganaRanaut)
അടുത്തിടെ സിദ്ധാർത്ഥ് കണ്ണന്റെ പോഡ്‌കാസ്റ്റിൽ സിമി ചന്ദോക്കെ നടത്തിയ വെളിപ്പെടുത്തലാണ് വർഷങ്ങൾക്ക് മുൻപിറങ്ങിയ 'റിവോൾവർ റാണി' എന്ന ചിത്രത്തെച്ചൊല്ലി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 'റിവോൾവർ റാണി'യുടെ ഷൂട്ടിങിനിടയിൽ ഒരു ചുംബന രംഗത്തില്‍ സംവിധായകൻ 'കട്ട്' പറഞ്ഞിട്ടും കങ്കണ നടന്‍ വീർ ദാസിനെ ചുംബിക്കുന്നത് നിർത്തിയില്ലെന്നും, ഒടുവിൽ നടന്റെ ചുണ്ട് കടിച്ചുമുറിച്ച് ചോര വരുത്തിയെന്നുമായിരുന്നു സിമിയുടെ ആരോപണം. സിമിയുടെ വാക്കുകളാകട്ടെ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തു.
എന്നാല്‍ പിന്നാലെ മറുപടിയുമായി വീര്‍ ദാസ് രംഗത്തെത്തി. പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്നായിരുന്നു വീര്‍ പറഞ്ഞത്. ‘ഞാന്‍ കാര്യങ്ങൾ വ്യക്തമാക്കാം. ഈ പ്രചാരണം വെറും സങ്കൽപ്പം മാത്രമാണ്. കങ്കണ സെറ്റിൽ പൂർണ്ണമായും പ്രൊഫഷണൽ ആയിരുന്നു. അവർ കഴിവുള്ള ഒരു കലാകാരിയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. അവർക്കെതിരെയുള്ള ഈ പ്രചാരണം തികച്ചും തെറ്റാണ്. എന്റെ കോമഡിയുടെ പേരിൽ കുറച്ചു അവർ എന്നെ തീവ്രവാദി എന്ന് വിളിച്ചിട്ടുണ്ടാകാം, എന്നാൽ സെറ്റിൽ ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല’– വീര്‍ എക്സില്‍ കുറിച്ചു. വിഷയത്തില്‍ വീര്‍ എന്തുകൊണ്ട് മറുപടി പറയുന്നില്ല എന്ന ഒരു കമന്‍റിന് മറുപടിയായിട്ടായിരുന്നു വീറിന്‍റെ പ്രതികരണം.
വീർ ദാസ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി കങ്കണയുമെത്തി. വീർ ദാസിന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ മറുപടി. വീര്‍ ദാസിന് നന്ദി പറഞ്ഞ താരം ഈ ആരോപണം ഉന്നയിച്ച ആള്‍ ആരാണെന്നും പരിഹസിച്ചു. ‘നന്ദി വീർ, പക്ഷേ ആരാണ് അവൾ? ഏതോ ഒരു ‘വിചിത്ര ജീവി’ അവരുടെ സെക്സ് ഫാന്റസികൾക്ക് വേണ്ടി നമ്മുടെ പേരുകള്‍ ഉപയോഗിക്കുന്നു. ഞാൻ നിന്റെ രക്തം കുടിക്കുന്നെന്നും നീ ഒരു പതിറ്റാണ്ടിന് ശേഷവും ആ ട്രോമയിൽ ഇന്ന് കരയുന്നു എന്നൊക്കെ പറയുന്നത് എത്ര വിചിത്രമാണ്’– കങ്കണ എക്സിൽ കുറിച്ചു. 2023 ലും ഇത്തരത്തില്‍ ചുംബന വിവാദം ഉയര്‍ന്നപ്പോളും കങ്കണ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഹൃത്വിക് റോഷന് ശേഷം താൻ പാവം വീർ ദാസിന്റെ മാന്യതയും കളഞ്ഞോ എന്നായിരുന്നു അന്ന് കങ്കണ ചോദിച്ചത്.
സായ് കബീർ സംവിധാനം ചെയ്ത് 2014 ഏപ്രിലിൽ പുറത്തിറങ്ങിയ ചിത്രമാണ് 'റിവോൾവർ റാണി'. കങ്കണ റണാവത്തും വീർ ദാസുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പീയൂഷ് മിശ്ര, സക്കീർ ഹുസൈൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ചിത്രം ഇറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം 2021-ൽ വീർ ദാസ് അവതരിപ്പിച്ച ‘ഐ കം ഫ്രം ടു ഇന്ത്യാസ്’ എന്ന കോമഡി ഷോ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇന്ത്യയിലെ സ്ത്രീ സുരക്ഷ, കർഷക സമരം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഷോയ്‌ക്കെതിരെ കങ്കണ ശക്തമായി രംഗത്തുവരികയും ചെയ്തു. അന്ന് കങ്കണ ഇൻസ്റ്റാഗ്രാമിലൂടെ വീർ ദാസിനെ ‘ക്രിമിനൽ’ എന്നും അദ്ദേഹത്തിന്റെ കോമഡിയെ ‘സോഫ്റ്റ് ടെററിസം’ എന്നും വിശേഷിപ്പിച്ചിരുന്നു. ഇതാണ് ഇരുവരുടേയും ബന്ധവും വഷളാക്കുന്നത്.