Image: Instagram,Saritha
ഒരു സിംഗിള്‍ മദറായി ജീവിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയായെന്നും അതിന് അവസരം നല്‍കിയ മക്കളുടെ അച്ഛന് നന്ദി പറഞ്ഞും സരിതയെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കഴിഞ്ഞ മാതൃദിനത്തിലാണ് സരിത ഇന്‍സ്റ്റഗ്രാമില്‍ തന്റെ അനുഭവം തുറന്നുപറഞ്ഞത്. മുന്‍ ഭര്‍ത്താവും നടനും മുന്‍ എംഎല്‍എയുമായ മുകേഷിനെ പരാമര്‍ശിച്ചാണ് സരിതയുടെ കുറിപ്പ്.
കരുത്തയായ അമ്മയായി മാറാന്‍ ഈ വര്‍ഷങ്ങളിലെ അനുഭവം തന്നെ സഹായിച്ചെന്നും രണ്ട് ആണ്‍മക്കളാണ് തന്റെ കരുത്തെന്നും സരിത പറയുന്നു. ‘എന്റെ മക്കളുടെ മുഖം കാണുന്നത് ഓരോ ദിവസവും ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ പ്രേരണ നല്‍കി. അവരുടെ കൂടെയുള്ള ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചു. പിന്നിട്ട വഴികളില്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ വന്നപ്പോഴും അതെല്ലാം അതിജീവിക്കാനുള്ള ശക്തിയെനിക്ക് ദൈവം തന്നു.
ഒരുപക്ഷേ സിംഗിള്‍ മദര്‍ ആയില്ലായിരുന്നുവെങ്കില്‍ ആ പാവം പെണ്ണായി തന്നെ ജീവിക്കേണ്ടി വന്നേനെ. ഇതിന് അവസരം നല്‍കിയ കുട്ടികളുടെ അച്ഛന് പ്രത്യേകം നന്ദി. താന്‍ അനുഗ്രഹിക്കപ്പെട്ടവളാണെന്നും തന്നെക്കുറിച്ച് അന്വേഷിച്ച് വരുന്ന ഓരോ സന്ദേശങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചുകൊണ്ടുമാണ് സരിത കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പിന് താഴെ സരിതയെ പിന്തുണച്ച് നിരവധി കമന്റുകളും നിറയുന്നുണ്ട്.