ഓവൻ കൂപ്പർ

ഓവൻ കൂപ്പർ

ബാഫ്റ്റ ടെലിവിഷൻ പുരസ്കാരച്ചടങ്ങിൽ നെറ്റ്ഫ്ലിക്സ് പരമ്പരയായ അഡോളസൻസിന്റെ സര്‍വാധിപത്യം. നാല് പുരസ്കാരങ്ങളുമായി ‘അഡോളസൻസ് ’ ബ്രിട്ടീഷ് ടിവി അവാർഡുകളുടെ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ചു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടുന്ന പരമ്പരയെന്ന നേട്ടവും അഡോളസന്‍സ് സ്വന്തമാക്കി. 2025 മാർച്ചിൽ പുറത്തിറങ്ങി ലോകം മുഴുവന്‍ ചർച്ചാവിഷയമായ പരമ്പര മികച്ച ലിമിറ്റഡ് സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് സ്റ്റീഫൻ ഗ്രഹാം, കൗമാരതാരം ഓവൻ കൂപ്പർ, ക്രിസ്റ്റീൻ ട്രെമാർക്കോ എന്നിവർ പുരസ്കാരങ്ങൾ നേടി. ഏഴ് തവണ നാമനിർദേശം ചെയ്യപ്പെട്ടതിനു ശേഷമാണ് സ്റ്റീഫന്‍ ഗ്രഹാമിന് തന്റെ ആദ്യ ബാഫ്റ്റ പുരസ്കാരം ലഭിക്കുന്നത്. പരമ്പരയില്‍ പിതാവിന്റെ വേഷമാണ് ഗ്രഹാമിനെ മികച്ച സഹനടനാക്കിയത്. അമ്മയുടെ വേഷമാണ് ക്രിസ്റ്റീൻ ട്രെമാർക്കോയെ മികച്ച സഹനടിയാക്കിയത്. 

 

മികച്ച സഹനടനുള്ള പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇതോടെ പതിനാറുകാരനായ ഓവന്‍ കൂപ്പർ സ്വന്തമാക്കി. പരമ്പരയില്‍ സഹപാഠിയെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട കൗമാരക്കാരന്‍ ജേമിയെ അവതരിപ്പിച്ചതിന് എമ്മി, ഗോൾഡൻ ഗ്ലോബ്, നാഷനൽ ടെലിവിഷൻ, റോയൽ ടെലിവിഷൻ സൊസൈറ്റി, ആക്ടർ പുരസ്കാരങ്ങള്‍ ഓവന്‍ കൂപ്പര്‍ ഇതിനോടകം സ്വന്തമാക്കിയിരുന്നു.  ഈ നിരയിലേക്കാണ് ബാഫ്റ്റ പുരസ്കാരവും എത്തുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാ പുരസ്കാരവും ഓവന്‍ കൂപ്പര്‍ സ്വന്തമാക്കി.  പുരസ്കാരം ഏറ്റുവാങ്ങിയുള്ള പ്രസംഗത്തിൽ, ബീറ്റിൽസ് ബാന്‍ഡിനെയും ഓവന്‍ കൂപ്പര്‍ അനുസ്മരിച്ചു. വിജയിക്കാൻ മൂന്ന് കാര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ ഒന്ന്, തീവ്രമായ അഭിനിവേശം, രണ്ട്, ഒരു സ്വപ്നം, മൂന്നാമതായി, ബീറ്റിൽസും എന്നായിരുന്നു പതിനാറുകാരന്റെ വാക്കുകള്‍. 

 

അച്ഛനും അമ്മയും രണ്ടു മക്കളുമുള്ള ഒരു സാധാരണ കുടുംബമാണ് സീരീസിലെ  കേന്ദ്രം. പതിമൂന്ന് വയസുള്ള ജേമി മില്ലർ എന്ന മകൻ തന്റെ സഹപാഠിയായ പെൺകുട്ടിയെ കൊന്ന കുറ്റത്തിന് അറസ്റ്റിലാവുന്നു. അവൻ എന്തിനങ്ങനെ ചെയ്തു എന്നുള്ള അന്വേഷണമാണ് സീരീസിന്റെ പശ്ചാത്തലം. അന്വേഷണം ചെന്നെത്തുന്നത് സമൂഹമാധ്യമങ്ങൾ പുതു തലമുറയെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ആശയങ്ങളിലേക്കാണ്.