താരസംഘടന ‘അമ്മ’യുടെ ഓഫീസില്‍ പീഡനം നേരിട്ടെന്ന് പരാതിപ്പെട്ട ഫ്രണ്ട് ഓഫിസ് ജീവനക്കാരി അതുല്യയെ പിരിച്ചുവിട്ട നടപടി റദ്ദാക്കി. ആരോപണവിധേയനായ ട്രഷറർ ഉണ്ണി ശിവപാലിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി നിർദ്ദേശിച്ചു. കൊച്ചിയിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേത മേനോനാണ് ഇക്കാര്യമറിയിച്ചത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും ലേബർ ഓഫിസർക്കുമാണ് അതുല്യ പരാതി നല്‍കിയിരുന്നത്. അടിമകളോടെന്ന പോലെയാണ് ഉണ്ണി ശിവപാല്‍ പെരുമാറിയിരുന്നതെന്നും ശൗചാലയം വൃത്തിയാക്കൽ ഉൾപ്പെടെയുള്ള ജോലികൾ ചെയ്യിച്ചതായും അതുല്യ ആരോപിച്ചിരുന്നു. രാത്രി വൈകിയും ഫോണിലൂടെ ശല്യം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു.
പീഡനവിവരം ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനോട് പറഞ്ഞപ്പോൾ, ഉണ്ണിയെ പിണക്കരുതെന്നും അദ്ദേഹം ലോൺലിനെസ് (ഒറ്റപ്പെടൽ) അനുഭവിക്കുന്ന ആളാണ്, അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യണം’ എന്നും കുക്കു പരമേശ്വരൻ ആവശ്യപ്പെട്ടെന്നും അതുല്യ പറഞ്ഞു. പരാതി നൽകിയതിന് പിന്നാലെ തന്നെ ഏകപക്ഷീയമായി ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും അതുല്യ പരാതിപ്പെട്ടിരുന്നു. ശ്വേത മേനോനാണ് അതുല്യയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെ അറിയിച്ചത്. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മൂന്ന് പ്രധാനപ്പെട്ട തീരുമാനങ്ങളെടുത്തുവെന്നും, ഓഫിസിൽ നിന്ന് പോയ സ്റ്റാഫ് അതുല്യയെ തിരിച്ചെടുത്തതാണ് ഒന്നാമത്തെ നടപടിയെന്നും ശ്വേത പറയുന്നു.
ആ നടപടി തികച്ചും തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അതുല്യയെ തിരിച്ചെടുത്തത്. രണ്ടാമതായി, ട്രഷറർ ഉണ്ണിയ്ക്ക് അടുത്ത ജനറൽ ബോഡി വരെ ലീവിൽ പോകാനുള്ള നിര്‍ദേശം നൽകിയിട്ടുണ്ട്. അതുല്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മൂന്നാമത്തെ കാര്യം, ഫെബ്രുവരി 21-ന് അൻസിബ ഹസൻ നൽകിയ രാജിക്കത്ത് ചർച്ച ചെയ്യുകയും അത് സ്വീകരിക്കുകയും ചെയ്തു. വ്യക്തിപരമായും തൊഴില്‍പരമായുമുള്ള കാരണങ്ങളാലാണ് അൻസിബ രാജി വച്ചതെന്നും ശ്വേത പറയുന്നു.