കാൻ ചലച്ചിത്രമേളയിൽ റെഡ് കാര്‍പ്പറ്റില്‍ ആലിയ ഭട്ട് അവഗണിക്കപ്പെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് ആലിയയുടെ വിഡിയോ. ആലിയ റെഡ് കാര്‍പ്പറ്റിലേക്ക് എത്തുന്നത് ഫോട്ടോ എടുക്കാന്‍ കാത്തിരിക്കുന്ന പാപ്പരാസികളുടെ പ്രതികരണവുമാണ് ചര്‍ച്ചയാവുന്നത്.
ബ്ലഷ് പീച്ച് നിറത്തിലുള്ള ഗൗൺ ധരിച്ചാണ് ആലിയ വേദിയിലേക്ക് എത്തിയത്. ഓസ്‌ട്രേലിയൻ ഫാഷൻ ഡിസൈനറായ ടമാറ റാൾഫറാണ് ആലിയയുടെ ഗൗണിന്റെ ഡിസൈനർ. സ്ട്രാപ്‌ലെസ് ഗൗണിന്റെ മുകൾഭാഗം കോർസെറ്റ് സ്‌റ്റൈലിലായിരുന്നു. ഇതിനൊപ്പം കൈകളിൽ ദുപ്പട്ട പോലുള്ള ഡ്രാപ്പ് കൂടി ധരിച്ചു. ബ്ലഷ് പിങ്ക് നിറത്തിലുള്ള രത്‌നക്കല്ലുകൾ പതിപ്പിച്ച ചോക്കറും അതിനൊത്ത കമ്മലുമായിരുന്നു ആഭരണം.
റെഡ് കാർപ്പറ്റിലേക്ക് നടന്ന ആലിയയെ മിക്ക പാപ്പരാസികളും അവഗണിച്ചു. പലരും ക്യാമറ താഴ്ത്തുകയും മറ്റ് സെലിബ്രിറ്റികളെ ശ്രദ്ധിക്കുകയും ചെയ്യുകയായിരുന്നു. അതേസമയം ചുരുക്കം ചിലര്‍ ചിത്രങ്ങളെടുക്കുകയും ചെയ്തു.
പാപ്പരാസികള്‍ അവഗണിച്ചെങ്കിലും ആലിയ ആത്മവിശ്വാസത്തോടെ മറുവശത്തേക്ക് തിരിയുകയും മുന്നോട്ട് നടക്കുകയും ചെയ്തിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ആലിയയെ ഫോട്ടോഗ്രാഫര്‍മാര്‍ തിരിച്ചറിയുന്നു പോലുമില്ലെന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ ആലിയ ആത്മവിശ്വാസത്തോടെ നടന്നുനീങ്ങിയതിനെ പ്രശംസിക്കുന്നവരുമുണ്ട്.
കാൻ പോലെയുള്ള വലിയ വേദികളിൽ ഹോളിവുഡ് താരങ്ങളല്ലാത്തവരെ ഫോട്ടോഗ്രാഫർമാർ ചിലപ്പോൾ ശ്രദ്ധിച്ചെന്നു വരില്ലെന്നും ഇത് ആലിയയ്ക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ലെന്നും പറയുന്നവരുണ്ട്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ ആലിയയുടെ നിരവധി ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്നും ഇവര്‍ വാദിക്കുന്നു.