ഇന്ത്യൻ വനിതാ ഏജന്റുമാരെ ആദ്യമായി വെള്ളിത്തിരയില്‍ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ആൽഫ ഇന്ത്യയിൽ 50 കോടി രൂപയുടെ നെറ്റ് കളക്ഷൻ മറികടന്നു. വൈ.ആർ.എഫിന്റെ സ്പൈ യൂണിവേഴ്സില്‍ നിന്നുമെത്തിയ ആദ്യ വനിതാ കേന്ദ്രീകൃതമായ ചിത്രം വമ്പന്‍ പ്രതീക്ഷയോടെയാണ് തിയറ്ററിലെത്തിയത്. എന്നാല്‍ പ്രേക്ഷകരില്‍ നിന്നുണ്ടായത് സമ്മിശ്ര പ്രതികരണം. ചിത്രം ബോക്സോഫീസില്‍ കിതയ്ക്കുകയാണ്.
80 കോടിയിലധികം രൂപ ബജറ്റിൽ ശിവ് റാവൈൽ സംവിധാനം ചെയ്ത സ്പൈ ഡ്രാമ ആല്‍ഫ, ആലിയ ഭട്ടിന്‍റെ ഇതുവരെ കാണാത്ത ആക്ഷൻ വേഷവും ഷർവാരിയുടെ അസാമാന്യ പ്രകടനവും കൊണ്ട് റിലീസിനു മുന്‍പ് തന്നെ വമ്പന്‍ ഹൈപ്പാണ് സൃഷ്ടിച്ചത്. ജൂലൈ മൂന്നിന് തിയറ്റിലെത്തിയ ചിത്രം ആദ്യ ദിനം ഒന്‍പത് കോടിയിലധികം രൂപ കളക്ഷന്‍ നേടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ബോക്സോഫീസില്‍ മുന്നേറ്റം സൃഷ്ടിക്കാനായില്ല. ലോകമെമ്പാടുമായി ചിത്രം ഇതുവരെ 85.51 കോടി നേടിയെന്ന് ബി ടൗണില്‍ നിന്നും അനലിസ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യഷ് രാജ് ഫിലിംസിന്റെ പ്രശസ്തമായ സ്പൈ യൂണിവേഴ്സിലെ ഏഴാമത്തെ ചിത്രമാണ് ആല്‍ഫ. ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഹൃതിക് റോഷന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അണിനിരന്ന ഏക്താ ടൈഗർ, ടൈഗർ സിന്ദാ ഹേ, വാർ, പഠാൻ, വാർ –2, ടൈഗർ –3 എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒരുക്കിയ ആല്‍ഫയില്‍ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിൽ കപൂര്‍ മറ്റൊരു നിര്‍ണായ കഥാപാത്രമായി എത്തുന്നു. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണെങ്കിലും സ്പൈ യൂണിവേഴ്സിലെ മറ്റു സിനിമകൾക്ക് സമാനമായ സ്റ്റൈലും സ്റ്റോറിയും ചിത്രത്തെ ദോഷകരമായി ബാധിച്ചു. വാര്‍ സിനിമയില്‍ ഹൃതിക് റോഷന്‍ അവതരിപ്പിച്ച കബീർ ധാലിവാൾ എന്ന കഥാപാത്രത്തിന്‍റെ അതിഥി വേഷവും ചിത്രത്തിന് പ്രതീക്ഷിച്ച മുന്നേറ്റം സൃഷ്ടിച്ചില്ല.
നെറ്റ്ഫ്ലിക്സിലൂടെ ശ്രദ്ധേയമായ ദ് റെയിൽവെ മെൻ സീരിസിന്‍റെ സംവിധായകന്‍ ശിവ റാവൈല്‍ ഒരുക്കിയ ആല്‍ഫ ബോക്സോഫീസില്‍ ശക്തമായ മത്സരമാണ് നേരിട്ടത്. അക്ഷയ് കുമാറിന്‍റെ വെൽക്കം ടു ദി ജംഗിൾ, അജയ് ദേവ്ഗണിന്റെ ധമാൽ –4 എന്നിവയുൾപ്പെടെയുള്ള വലിയ സിനിമകളോടാണ് മത്സരിച്ചത്. എങ്കിലും ആലിയ ഭട്ടിന്‍റെ മുൻ റിലീസായ ജിഗ്രയേക്കാൾ മികച്ച കളക്ഷന്‍ നേടാന്‍ ആൽഫയ്ക്കു കഴിഞ്ഞു. നേരത്തെ ഡയറക്ട് ഒടിടി റിലീസിന് നെറ്റ്ഫ്ലിക്സ് 215 കോടിയുടെ ഓഫര്‍ മുന്നോട്ടുവെച്ചെങ്കിലും യഷ് രാജ് ഫിലിംസ് ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുകയായിരുന്നു.