കഴിഞ്ഞ ദിവസമാണ് നടന്‍ സന്തോഷ് നായര്‍ വാഹനാപകടത്തില്‍ മരിച്ചത്. നടന്‍റെ പെട്ടന്നുള്ള മരണത്തിന് പിന്നാലെ സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടികരയുന്ന വയോധികന്‍റെ വിഡിയോ വൈറലായിരുന്നു. ഈ വയോധികന്‍ ആരാണെന്ന് പറയുകയാണ് കുടുംബത്തോട് അടുത്ത് നില്ക്കുന്നവര്‍.
നിലത്ത് കിടന്ന് കരയുന്ന വയോധികന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. ഇയാള്‍ സന്തോഷ് നായരുടെ ജോലിക്കാരനാണെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍ ഇത് സത്യമല്ലെന്നാണ് വീട്ടിലെ ജോലിക്കാരന്‍ പറയുന്നത്. സന്തോഷേട്ടനുമായി അടുപ്പമുള്ളയാളാണ് അദ്ദേഹമെന്നും കേട്ടറിഞ്ഞ വന്നതാണെന്നും അവിടുത്തെ ജോലിക്കാരനല്ലെന്നും ജോലിക്കാരന്‍ പറഞ്ഞു.
ഈയൊരു പരിചയമാണ് വൈകാരിക പ്രതികരണത്തിനു കാരണമെന്നും ജോലിക്കാരൻ പറഞ്ഞു. ഇക്കാര്യം സന്തോഷ് നായരുടെ ഭാര്യയോടും മകളോടും ചോദിച്ചാൽ ആർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സന്തോഷേട്ടൻ കാണുന്നവരോട് സ്നേഹത്തോടെ ഇടപെടുന്ന ആളാണ്. ആ ഒരു പരിചയത്തിൽ അയാൾ അവിടെ വന്നു കരഞ്ഞപ്പോൾ ചാനലുകാർ വിഡിയോ എടുത്ത് വൈറൽ ആക്കിയതാണെന്നും ജോലിക്കാരന്‍ പറഞ്ഞു.
മേയ് അഞ്ചിന് പത്തനംതിട്ട ഏനാത്ത് സന്തോഷ് സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നൂറിലധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടനാണ് സന്തോഷ് കെ നായർ. 1982 ൽ ഇത് ഞങ്ങളുടെ കഥ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. ഒട്ടേറെ സിനിമകളിൽ നായകനായും സഹനടനായും വില്ലനായും തിളങ്ങി. 2014 ന് ശേഷം സിനിമയിൽ സജീവമായിരുന്നില്ല. ഗാംഭീര്യമുള്ള ശബ്ദത്തിന് ഉടമയായിരുന്ന സന്തോഷ് സീരിയലുകളിലും സജീവമായിരുന്നു.