Image Credit : Facebook

വാടാനപ്പള്ളി സ്വദേശി സുനിത ബെംഗളൂരുവില്‍ കൊല്ലപ്പെട്ടതില്‍  വൈകാരിക പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സുനിതയുടെ മരണത്തിലുളള തന്‍റെ ദേഷ്യവും സങ്കടവുമെല്ലാം പാര്‍വ്വതി പങ്കുവച്ചത്. സുനിത മരിച്ചതല്ല, സുനിതയെ കൊന്നതാണെന്നും തനിക്ക് കരച്ചിലടക്കാനാകുന്നില്ലെന്നും പാര്‍വതി തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഇതാദ്യമായല്ല പ്രതി കുറ്റകൃത്യം ചെയ്യുന്നതെന്നും ഇതൊരിക്കലും അയാളുടെ അവസാനത്തേത് ആകില്ലെന്നും പാര്‍വ്വതി പങ്കുവച്ച വിഡിയോയില്‍ പറയുന്നു. 

താന്‍ കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും സ്നേഹനിധിയായതും വിനയമുളളതുമായ ആളായിരുന്നു സുനിതയെന്നും ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടതെന്നും പാര്‍വ്വതി കുറിച്ചു. പാര്‍വ്വതിയുടെ വാക്കുകള്‍ ഇങ്ങനെ...'സുനിത കൊല്ലപ്പെട്ടു. സുനിത മരിച്ചതല്ല അവളെ കൊന്നതാണ്. ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെയാണ് അവള്‍ കൊല്ലപ്പെട്ടത്. കൊന്നതാകട്ടെ അവളുടെ തൊഴിലുടമയും. അയാളെ  ഇപ്പോഴും അറസ്റ്റി ചെയ്ത്   നീതിപീഠത്തിന്  മുന്നിൽ കൊണ്ടുവരപ്പെട്ടിട്ടില്ല. സുനിതയെ സ്നേഹിക്കുന്ന ഭർത്താവും നാല് വയസ്സുള്ള മകനും അവശേഷിക്കുന്നു. കൂടാതെ അവൾ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്ത 167 നായ്ക്കളും' പാര്‍വ്വതി കുറിച്ചു.

'സുനിത ഇതിനുമുന്‍പും പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു കത്തിക്കുത്തില്‍ നിന്ന്, വലിയൊരു പൊളളലില്‍ നിന്നും, മറ്റ് പല അപകടങ്ങളില്‍ നിന്നും അവള്‍ രക്ഷപ്പെട്ടിട്ടുണ്ട്. അവളുടെ കൊലയാളി അയാളുടെ നായ സംരക്ഷണകേന്ദ്രത്തില്‍ ഒരു ശമ്പളം വാഗ്ദാനം ചെയ്തതുകൊണ്ടാണ് അവൾ ആ ജോലി സ്വീകരിച്ചത്. ആ ശമ്പളം അവളുടെ കുടുംബത്തെ സഹായിക്കാനും അവള്‍ സംരക്ഷിക്കുന്ന നായ്ക്കളുടെ പരിപാലനത്തിനും സഹായകമാകുമെന്ന് കരുതിയാണ് അവള്‍ ആ ജോലി സ്വീകരിച്ചത്. എന്നാല്‍ അവളുടെ നല്ല മനസ് അവളെ മരണത്തിലേക്ക് നയിച്ചുവോ?' എനിക്കിത് ഉള്‍ക്കൊളളാന്‍ കഴിയുന്നില്ലെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

സുനിതയുടെ കുടുംബത്തിനും സുനിത സംരക്ഷിച്ചുപോന്ന നായകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും കുറച്ചു കാര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും പാര്‍വ്വതി വ്യക്തമാക്കി. അതേസമയം സുനിതയുടെ കൊലയാളി ദീപക് കൃഷ്ണ പൊലീസിന്‍റെ പിടിയിലായി. കൊലപാതകത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് മുങ്ങിയ പ്രതി കന്യാകുമാരിയിൽ നിന്നാണ് പിടിയിലായത്. ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവന്നിരുന്ന ഇയാൾ മലയാളിയാണ്. 

ഷെല്‍ട്ടര്‍ ഹോമില്‍ മറ്റ് രണ്ട് യുവതികള്‍ക്കൊപ്പം ജോലിക്ക് എത്തിയതായിരുന്നു സുനിത. തെരുവുനായകളെ എടുത്തു വളർത്തി ജനശ്രദ്ധ നേടിയ യുവതികൂടിയാണവര്‍. പ്രതിമാസം 40000 രൂപയാണ് ശമ്പളമായി പറഞ്ഞിരുന്നത്. എന്നാല്‍ ജോലിക്കിടെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് ഇയാള്‍ സുനിതയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. തല ഭിത്തിയിലിടിച്ചു ക്രൂരമായി മർദ്ദിച്ചവശയാക്കിയശേഷം സുനിതയുടെ നെഞ്ചില്‍ പ്രതി പലതവണ ചവിട്ടിയെന്നും ദൃക്സാക്ഷികളായ മറ്റുരണ്ട് സ്ത്രീകളുടെയും മൊഴി. അബോധാവസ്ഥയിലായ സുനിതയെ ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍ സുനിതയ്ക്ക് മസ്തിഷ്കമരണം സംഭവിച്ചുകഴിഞ്ഞിരുന്നു. പിന്നാലെ സുനിത മരണത്തിന് കീഴടങ്ങി. കൊലയാളി ദീപക് കൃഷ്ണ മറ്റുപല കേസുകളും പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്. ദുബായില്‍ നിന്നും തട്ടിപ്പ് നടത്ത് ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോര്‍ട്ടില്‍ ഇന്ത്യയിലേക്ക് പറക്കുകയായിരുന്നു. പിന്നീട് ബെംഗളൂരുവിലായിരുന്നു താമസം. നായ്ക്കളെ വളര്‍ത്തലാണ് പ്രധാന വിനോദം. ഐടി ജീവനക്കാരനായിരുന്നു ഇയാള്‍. മൃഗാശുപത്രിയിൽ നായകളെ ചികിൽസിച്ചശേഷം പണം നൽകിയില്ലെന്നുളള തര്‍ക്കവും പിന്നാലെ അതിക്രമം നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. കൊക്കെയ്ൻ കൈവശംവച്ചതിനും തോക്ക് ഉപയോഗിച്ചതിനുമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ദീപക് കൃഷ്ണ.

ENGLISH SUMMARY:

Actress Parvathy Thiruvothuth has expressed her emotional distress over the tragic murder of Sunitha in Bengaluru. She conveyed her deep sorrow and anger, emphasizing that Sunitha was murdered, not that she died, particularly during an act of resisting sexual assault.