കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജോഫിന്‍ ടി.ചാക്കോ. ഉമ്മന്‍ ചാണ്ടി മരിച്ച 2023, ജൂലൈ 18 മുതലാണ് കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിയതെന്ന് ജോഫിന്‍ പറഞ്ഞു. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ ശക്തനാണ് പുതുപ്പള്ളിയില്‍ വിശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. 

'2023 ജൂലൈ 18 , ഈ ദിവസം മുതലാണ് കേരളത്തിൽ കോൺഗ്രസ് തിരിച്ചു വരവ് ആരംഭിച്ചത്. ആരായിരുന്നു ഉമ്മൻ ചാണ്ടി എന്നും, എങ്ങനെ ആവണം ഒരു നേതാവ് എന്നും ജനങ്ങൾ മനസ്സിലാക്കിയത് അന്ന് മുതലാണ്. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ നൂറിരട്ടി ശക്തനാണ് പുതുപ്പളി പള്ളിയുടെ മുറ്റത് തിരുമേനിമാർക്കൊപ്പം വിശ്രമിക്കുന്ന ഉമ്മൻ ചാണ്ടി,' സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ ജോഫിന്‍ പറഞ്ഞു. 

അതേസമയം ഇത്തവണ പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന്‍ ജയിച്ചത്. 52,907 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിച്ച ചാണ്ടി ഉമ്മന്‍ നേടിയത് 84,031 വോട്ടാണ്. അരനൂറ്റാണ്ടുകാലം ഉമ്മൻചാണ്ടിയെ മാത്രം നിയമസഭയിലേക്ക് അയച്ച മണ്ഡലം അദ്ദേഹത്തിന്റെ മരണശേഷമാണ് ചാണ്ടി ഉമ്മന്റെ കൈ പിടിച്ചത്. 2023 ലെ ഉപതിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ ചാണ്ടി ഉമ്മൻ മണ്ഡലം നിലനിർത്തി. അന്ന് 37,719 വോട്ടിന്റെ ലീഡാണ് നേടിയത്. 2021ൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ അന്ന് നേടിയിരുന്നു. 

ENGLISH SUMMARY:

Jofin T Chacko's perspective on the UDF wave in the Kerala Assembly Elections highlights the Congress comeback starting from July 18, 2023, the day Oommen Chandy passed away. He believes Oommen Chandy resting in Puthuppally is even more powerful than when he was alive.