സംഗീതനിശയ്ക്കിടെ ഖലിസ്ഥാനി പതാക വീശിയ സംഘത്തോട് സ്ഥലം വിട്ട് പോകാന്‍ ആവശ്യപ്പെട്ട് ദില്‍ജിത്ത് ദോസഞ്ച്. കാനഡയിലെ കാല്‍ഗറിയില്‍ നടന്ന ഓറ ടൂര്‍ എന്ന പരിപാടിക്കിടെയാണ് ഒരു സംഘമാളുകള്‍ ഖലിസ്ഥാനി പതാകയുമായി എത്തിയത്. ഇവരെ കണ്ടയുടന്‍ തന്നെ ദില്‍ജിത്ത് പാട്ട് പാടുന്നത് നിര്‍ത്തിവച്ചു. ഖലസ്ഥാനി പതാക കണ്ടയിടത്തേക്ക് ചൂണ്ടി, ഈ ശല്യം നിര്‍ത്തണമെന്നും വേറെ എങ്ങോട്ടെങ്കിലും പോകണമെന്നും പറഞ്ഞു. തന്റെ സംഗീതം പഞ്ചാബിനെ പ്രതിനിധീകരിക്കാനാണെന്നും ഇത് ഇത്തരം രാഷ്ട്രീയ പ്രകോപനങ്ങൾക്കുള്ള ഇടമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതാദ്യമായല്ല ദില്‍ജിത്തിന്‍റെ പരിപാടിക്കിടെ ഖലിസ്ഥാനി പതാകകള്‍ പ്രത്യക്ഷപ്പെടുന്നത്. അമിതാഭ് ബച്ചൻ അവതാരകനായ 'കോന്‍ ബനേഗാ ക്രോർപതി' പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ ഖലിസ്ഥാനി വാദക്കാര്‍ ദില്‍ജിത്തിനെതിരെ തിരിഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയോടും സംഗീതത്തോടും ചേര്‍ന്നുനില്‍ക്കുന്ന ദില്‍ജിത്ത് ആര്‍എസ്എസ്, ബിജെപി ഏജന്‍റാണെന്നായിരുന്നു ഇവരുടെ വാദം.
താൻ ഏത് പ്ലാറ്റ്‌ഫോമിൽ പോയാലും ഞാൻ എപ്പോഴും പഞ്ചാബിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും ദില്‍ജിത്ത് വേദിയില്‍ പറഞ്ഞു. ദേശീയ മാധ്യമങ്ങൾ പഞ്ചാബിനെക്കുറിച്ച് വേണ്ടത്ര സംസാരിക്കുന്നില്ല എന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. പഞ്ചാബിനുവേണ്ടി എല്ലായിടത്തും ഞാൻ പോയി. പഞ്ചാബിന്റെ പ്രശ്നങ്ങൾ ഞാൻ അവിടെ അവതരിപ്പിച്ചു. ആവശ്യമുള്ളപ്പോഴെല്ലാം ഞാൻ എന്റെ സംസ്ഥാനത്തിന് ഉദാരമായി സംഭാവന നൽകിയിട്ടുണ്ട്. ഒരു ടെലിവിഷന്‍ ഷോയിൽ ഞാന്‍ പങ്കെടുത്തതില്‍ നിങ്ങൾക്ക് ഇപ്പോഴും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, എത്ര പതാകകൾ വേണമെങ്കിലും ഉയര്‍ത്തിക്കോളൂ, ദില്‍ജിത്ത് പറഞ്ഞു. താരത്തിന്‍റെ വാക്കുകളെ ഹര്‍ഷാരവത്തോടെയാണ് ആരാധകര്‍ വരവേറ്റത്. പരിപാടിയില്‍ നിന്നുമുള്ള വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
അതേസമയം പരിപാടിക്കിടെ ജീവിതത്തെ പറ്റി ദില്‍ജിത്ത് സംസാരിച്ചതും ശ്രദ്ധ നേടുന്നുണ്ട്. ഇതിനകം തന്നെ താന്‍ ഈ ലോകം വിട്ടുപോയിരിക്കുകയാണെന്നും തനിക്ക് മരണത്തെ ഒരു പേടിയുമില്ലെന്നുമാണ് ദില്‍ജിത്ത് പറഞ്ഞത്. കഴിഞ്ഞ ഡിസംബറില്‍ ഈ ശരീരത്തില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ഈ ശരീരം വിട്ടുപോകുന്നതിനു മുമ്പ് എനിക്ക് ഇനിയും കുറച്ചു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. തനിക്ക് ആരോടും ഒരു വിദ്വേഷവും ഇല്ലെന്നും എല്ലാവരോടും സ്‌നേഹം മാത്രമാണുള്ളത്. ജീവിതത്തില്‍ സ്‌നേഹവും ബഹുമാനവും ക്ഷമയും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും ദില്‍ജിത് പറഞ്ഞു.