ഇരുപതിനായിരത്തോളം ഗാനങ്ങളെ വിട്ടുതന്ന് എസ്.ജാനകി വിടപറഞ്ഞു. 60 വര്‍ഷം നീണ്ട സംഗീത സപര്യയില്‍ നിരവധി പേരോടൊത്ത് പാടിയ യുഗ്മഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു. കന്നട നടനും ഗായകനുമായ ഡോ. രാജ്കുമാര്‍, എസ്.പി.ബാലസുബ്രഹ്മണ്യം, യേശുദാസ്, പി.ബി.ശ്രീനിവാസ് തുടങ്ങി പല തലമുറകളിലെ ഗായകരുമൊത്ത് തെന്നിന്ത്യയിലാകെ തരംഗം സൃഷ്ടിക്കാന്‍ ജാനകിയ്ക്ക് കഴിഞ്ഞു. പക്ഷെ സിനിമാ ചരിത്രത്തിലെ തന്നെ ഒരു പക്ഷെ അത്യ അപൂര്‍വ കൂട്ടുകെട്ട് ഇവരില്‍ ആരുമായുമല്ല. അഞ്ച് ഗാനങ്ങള്‍ ഒന്നിച്ച് പാടി അതില്‍ നാലെണ്ണം പുറത്തിറങ്ങി. നാലെണ്ണവും ഹിറ്റും ഒരു ദേശീയ പുരസ്കാരവും. മറ്റാരുമല്ല മറ്റൊരു സൂപ്പര്‍ താരം കമല്‍ ഹാസനുമൊത്താണ് ജാനകിയുടെ ഹിറ്റ് കൂട്ടുകെട്ട്.
1978 ല്‍ ഭാരതിരാജയുടെ ഹിറ്റ് ചിത്രം സിഗപ്പ് റോജാക്കളിലാണ് ആദ്യത്തെ കമല്‍ – ജാനകി കൂട്ടുകെട്ട്. ഒരു വേദിയില്‍ കമല്‍ ഹാസന്‍ പാടിയ ഇംഗ്ലിഷ് ഗാനം കേട്ടാണ് സിഗപ്പ് റോജാക്കളില്‍ ഇളയരാജ കമലിനെ ഗായകനായി പരീക്ഷിക്കുന്നത്. സൂപ്പര്‍ഹിറ്റായ ചിത്രത്തിനൊപ്പം നിനൈവോ ഒരു പറവൈ എന്ന ഗാനവും പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചു. വാലി എഴുതിയ വരികള്‍ക്ക് ഇളയരാജ ഈണം നല്‍കിയതോടെ കമല്‍ഹാസന്‍ – ജാനകി കൂട്ടുകെട്ട് ക്ലാസിക്കായി.
വീണ്ടും ആ ക്ലാസിക് കൂട്ടുകെട്ടിന് 12 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 1990ല്‍ കമല്‍ ഹാസന്‍ മൂന്ന് വേഷത്തില്‍ അഭിനയിച്ച മൈക്കിള്‍ മദന കാമരാജന്‍ വരെ. കമല്‍ ഹാസനൊപ്പം ഉര്‍വശിയുമെത്തിയ ചിത്രത്തില്‍ 'സുന്ദരി നീയും സുന്ദരന്‍ ഞാനുമെന്ന' ഹിറ്റിലൂടെ ഇരുവരും വീണ്ടുമൊന്നിച്ചു. കെ.ജെ. യേശുദാസ് ആദ്യം ഗായകനായി ഇളയരാജ നിശ്ചയിച്ചത്. എന്നാല്‍ യേശുദാസിന്റെ തിരക്ക് മൂലം ട്രാക്ക് പാടിയ കമല്‍ തന്നെ, ഒറിജിനലും പാടിയാല്‍ മതിയെന്ന ഇളയരാജയുടെ തീരുമാനമാണ് വീണ്ടും ഇരുവരെയും ഒന്നിപ്പിച്ചത്. മലയാളവും തമിഴും ഇഴചേര്‍ന്നു കിടക്കുന്ന ക്ലാസ്സിക് ഗാനത്തിന്റെ മലയാളം വരികള്‍ എഴുതിയത് പൂവച്ചല്‍ ഖാദറും തമിഴ് വരികള്‍ പഞ്ചു അരുണാചലവും ആണ് എഴുതിയത്. അനുരാഗവും ഭക്തിയും ആരാധനയും ചേരുന്ന ഗാനം കേദാരം രാഗത്തിലാണ് ഇളയരാജ ചിട്ടപ്പെടുത്തിയത്.
തൊട്ടടുത്ത വര്‍ഷം ഇരുവരും ചേര്‍ന്ന് ഒരുക്കിയത് എന്നും ഓര്‍ത്തിരിക്കുന്ന പ്രണയകാവ്യം. സന്താന ഭാരതിയുടെ ഗുണ ചിത്രത്തിലെ 'കണ്‍മണി അന്‍പോട് കാതലന്‍'. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ അത്യപൂര്‍വ പ്രണയത്തിന് ഗാനഭാഷ്യം നല്‍കുമ്പോഴും ഇളയരാജ തിരഞ്ഞെടുത്തത് കമല്‍ഹാസനെയും ജാനകിയെയും തന്നെ. പ്രണയിനിക്ക് അയക്കുന്ന കത്തില്‍ ആരംഭിച്ച്, മെലഡിയായി പരിണയിക്കുന്ന അപൂര്‍വത ഗാനം എക്കാലത്തെയും വലിയ ഹിറ്റായി. സംഭാഷണങ്ങളും കൂടിചേരുന്ന വാലിയും പുതിയ പരീക്ഷണത്തിന് ഈണം നല്‍കിയതും ഇളയരാജ. കത്തിലെ സംഭാഷണങ്ങള്‍ എഴുതിയത് കമല്‍ ഹാസ്സനും. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പ്രേമത്തിലും മഞ്ഞുമ്മല്‍ ബോയ്സിലൂടെയും സൂപ്പര്‍ഹിറ്റ് ജോഡികള്‍ കാലങ്ങള്‍ക്ക് ശേഷവും പുതിയ തലമുറയുടെ പ്രണയത്തിനും ഭാഷ്യം രചിച്ചു. ഇളയരാജ താനും തമ്മിലെ പ്രണയലേഖനമാണ് ഈ ഗാനമെന്നായിരുന്നു പിന്നീട് കമല്‍ ഹാസ്സന്‍ കണ്‍മണിയെ അന്‍പോട് കാതലിനെ വിശേഷിപ്പിച്ചത്.
വീണ്ടും തൊട്ടടുത്ത വര്‍ഷം കമല്‍ – ജാനകി ജോഡികള്‍ ഒന്നിച്ചത് ഭരതന്‍ തുടങ്ങിവെച്ച് തേവര്‍ മകന് വേണ്ടി. തമിഴ് നാടേടി ഗാനങ്ങളുടെ രീതിയില്‍ ഇളയരാജ ചിട്ടിപ്പെടുത്തിയ 'ഇഞ്ചി ഇടുപ്പഴകാ' എന്ന ഗാനത്തിന് വാലി വരികളെഴുതി. ജാന്‍പുരി രാഗത്തില്‍ രചിച്ച ഈ പ്രണയഗാനത്തിലൂടെ ജാനകിയെ തേടിയെത്തിയത് ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം. 15 വര്‍ഷത്തിന് ശേഷം തമിഴില്‍ ജാനകിയെ തേടിയെത്തിയ രണ്ടാമത്തെ ദേശീയ പുരസ്കാരം. 2015ല്‍ പുറത്തിറങ്ങിയ സൈസ് സീറോ എന്ന ചിത്രത്തിലും ഈ ഗാനം റീമിക്സ് ചെയ്തു.
1986 ല്‍ വിക്രമെന്ന കമല്‍ ഹാസന്‍ ചിത്രത്തിലെ 'മീണ്ടും മീണ്ടും വാ' ഗാനത്തില്‍ ആദ്യം പരിഗണിച്ചത് കമല്‍ ഹാസ്സനെ ആയിരുന്നു. ട്രാക്കും പാടിയെങ്കിലും ഇളയരാജ പിന്നീട് എസ്.പി. ബാലസുബ്രഹ്മണ്യത്തെ തീരുമാനിച്ചു. ഒടുവിൽ ഹിറ്റ് യുഗ്മഗാനം പാതി മുറിഞ്ഞപ്പോൾ ‘ഗാനം ഇനിയും കേൾക്കാം, പക്ഷേ സ്നേഹം എവിടെയാണ് തേടേണ്ടത് അമ്മേ’ എന്നായിരുന്നു എക്സില്‍ കമൽഹാസന്റെ അനുസ്മരണം.