janaki-spb

തെന്നിന്ത്യന്‍ സംഗീതലോകത്തെ വാനമ്പാടി എസ് ജാനകി വിടപറഞ്ഞുകഴിഞ്ഞു.  ആ സംഗീതത്തെ ഹൃദയത്തിലേറ്റിയവരെല്ലാം അത്യധികം ഹൃദയവേദനയോടെ ഒരു യുഗം അവസാനിക്കുന്നതിന് സാക്ഷിയായി. ജാനകിയമ്മയ്ക്കൊപ്പം ഒരുപാട് സംഗീതവിസ്മയങ്ങള്‍ തീര്‍ത്ത് നേരത്തെ കടന്നുപോയ സമാനതകളില്ലാത്ത പ്രതിഭയായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യം. ഒരുമിച്ച് പാടിയ നൂറുകണക്കിന് ഗാനങ്ങളിലൂടെ അവർ സൃഷ്ടിച്ച മാന്ത്രികത കേവലം ശബ്ദങ്ങളുടെ ചേർച്ചയായിരുന്നില്ല. രൂപത്തിലും ഭാവത്തിലും ശൈലിയിലും ഇത്രയേറെ സാമ്യമുള്ള മറ്റൊരു ഗായക ജോഡി ഇന്ത്യൻ സിനിമയിലുണ്ടോ എന്ന് തന്നെ സംശയമാണ്. അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴവും ആ സംഗീത ജീവിതത്തിലെ അവിശ്വസനീയമായ സമാനതകളും പരിശോധിച്ചാൽ ആരും വിസ്മയിച്ചുപോകും.

ശാസ്ത്രീയതയ്ക്ക് അപ്പുറമുള്ള പ്രതിഭ

എസ്പിബിയുടെയും എസ് ജാനകിയുടെയും സംഗീത ജീവിതത്തിലെ ഏറ്റവും വലിയ സമാനത ഇരുവരും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല എന്നതാണ്. കർണ്ണാടക സംഗീതത്തിന്റെ കർക്കശമായ ചട്ടക്കൂടുകളൊന്നും പുസ്തകം നോക്കിയല്ല അവര്‍ പഠിച്ചെടുത്തത്. എന്നാൽ ശാസ്ത്രീയ സംഗീതം വർഷങ്ങളോളം പഠിച്ചവരെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഇരുവരും സെമി-ക്ലാസിക്കൽ ഗാനങ്ങൾ പാടി ഫലിപ്പിച്ചത്. 'ശങ്കരാഭരണം' എന്ന ഒറ്റ ചിത്രത്തിലെ ഗാനങ്ങള്‍ ഇതിന് ഏറ്റവും വലിയ തെളിവാണ്. അത്രയും ക്ലാസിക്കൽ ടച്ചുള്ള, കർണ്ണാടക സംഗീതത്തിന് പ്രാധാന്യമുള്ള പാട്ടുകൾ പാടാൻ കെ.വി.മഹാദേവന്‍ എന്ന സംഗീതസംവിധായകന്‍ തിരഞ്ഞെടുത്തത് ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത എസ്.പി.ബിയെയും ജാനകിയമ്മയെയുമായിരുന്നു. ‘ശങ്കരാ നാദശരീരാപരാ’, ‘സാമജവരഗമനാ’ എന്നീ പാട്ടുകളിലൂടെ അവർ സംഗീത ലോകത്തെ വിസ്മയിപ്പിച്ചു. കേൾവിക്കാരെ രാഗങ്ങളുടെ പരകോടിയിലെത്തിക്കാൻ അവർക്ക് ജന്മസിദ്ധി മാത്രം മതിയായിരുന്നു.

അസാമാന്യമായ ശ്വാസനിയന്ത്രണം

സംഗീത ലോകം ഈ രണ്ടു ഗായകരിലും ഒരേപോലെ അത്ഭുതത്തോടെ നോക്കിക്കണ്ട മറ്റൊരു പ്രത്യേകത ഇവരുടെ അസാധ്യമായ ശ്വാസനിയന്ത്രണമാണ്. മിനിറ്റുകളോളം നീളുന്ന സംഗതികളും വരികൾക്കിടയിൽ ഒട്ടും ഇടവേളകളില്ലാത്ത 'ബ്രെത്‌ലെസ്സ്' ആയ ഗാനങ്ങളും യാതൊരു പ്രയാസവുമില്ലാതെ അവർ പാടിത്തീർത്തു. പാട്ടിൽ എവിടെയാണ് അവർ ശ്വാസമെടുത്തത് എന്ന് കണ്ടുപിടിക്കാൻ വലിയ സംഗീതജ്ഞർ പോലും പാടുപെട്ടു. ഏത് കഠിനമായ താളവഴികളും ആ ശ്വാസനിയന്ത്രണത്തിൽ ഭദ്രമായിരുന്നു.

ഏത് ശൈലിക്കും ചേര്‍ന്ന വഴക്കം

ഒരു വശത്ത് അതീവ ശാന്തമായ ഭക്തിഗാനങ്ങളും ആര്‍ദ്രമായ പ്രണയ മെലഡികളും പാടുമ്പോൾ തൊട്ടടുത്ത നിമിഷം തികച്ചും വെസ്റ്റേൺ ആയ അല്ലെങ്കിൽ ചടുലമായ തട്ടുപൊളിപ്പൻ പാട്ടുകളിലേക്ക് കൂടുമാറാന്‍ എസ് ജാനകിക്കും എസ്പിബിക്കും അനായാസമായിരുന്നു. തമിഴിൽ 'ഇളമൈ ഇദോ ഇദോ' പോലുള്ള ഫാസ്റ്റ് നമ്പറുകൾ പാടിയ അതേ എസ്.പി.ബി തന്നെയാണ് 'മണ്ണിൽ ഇന്ത കാതൽ...' എന്ന് പാടി നമ്മളെ കരയിപ്പിച്ചത്. മലയാളത്തിൽ സൂര്യകാന്തി, നാഥാ നീ വരും, നിറങ്ങള്‍ തന്‍ നൃത്തം എന്നീ മെലഡികൾ സമ്മാനിച്ച അതേ ജാനകിയമ്മ തന്നെയാണ് മൗനമേ നിറയും മൗനമേ പാടിയതും, കൊഞ്ചുന്ന ശബ്ദത്തില്‍ കൊക്കമന്ദി, മമ്മി മമ്മീ എന്നീ പാട്ടുകളും കുസൃതിപ്പാട്ടുകള്‍ പാടി അദ്ഭുതപ്പെടുത്തിയതും. ശബ്ദം കൊണ്ട് അഭിനയിക്കാൻ ഇരുവർക്കുമുള്ള കഴിവിനും സമാനതകളില്ല.

ഇരുവരുടെയും ലൈവ് പെർഫോമൻസുകൾ നോക്കിയാലും തികഞ്ഞ പെര്‍ഫക്ഷനോടെ സ്റ്റേജ് കീഴടക്കാന്‍ ഇരുവര്‍ക്കും പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു.  ജാനകിയമ്മയ്ക്കൊപ്പമുള്ള പാട്ടിനൊപ്പം എസ്.പി.ബി സ്റ്റേജിൽ കാട്ടുന്ന കുസൃതികളും അവർ തമ്മിലുള്ള ആ കെമിസ്ട്രിയും കാണാൻ തന്നെ പ്രത്യേക ഭംഗിയായിരുന്നു. ഒരാള്‍ പാടുമ്പോൾ മറ്റെയാള്‍ എങ്ങനെ പ്രതികരിക്കുമെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞു. അത്രമേല്‍ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അവരുടെ വ്യക്തിത്വം തികച്ചും ലളിതമായിരുന്നു. ഒരു പുതിയ ഗായകനോട് പോലും വിനയത്തോടെ മാത്രം സംസാരിച്ചിരുന്ന എസ്.പി.ബി. എല്ലാവരെയും അമ്മയുടെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന ജാനകിയമ്മ, ഈ ലാളിത്യം കൂടിയാണ് അവരിരുവരെയും പകരക്കാരില്ലാത്തവണ്ണം ജനഹൃദയങ്ങളില്‍ കുടിയിരുത്തിയത്.

എസ്.പി.ബാലസുബ്രഹ്മണ്യവും എസ്.ജാനകിയും ഒരുമിച്ച് പാടി ഹിറ്റാക്കിയ പാട്ടുകളുടെ പട്ടിക നോക്കിയാല്‍ അവ ദക്ഷിണേന്ത്യൻ സിനിമയുടെ ചരിത്രം കൂടിയാണ്. ഇളയരാജ, എം.എസ്. വിശ്വനാഥൻ തുടങ്ങിയ വലിയ സംഗീതസംവിധായകർക്ക് കീഴിൽ അവർ ഒരുപിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. തമിഴിൽ 'ദളപതി'യിലെ ‘സുന്ദരി കണ്ണാൽ ഒരു സേതി’, മലരേ മൗനമാ എന്നിവ ഇന്നും പ്രണയിതാക്കളുടെ ഹൃദയമിടിപ്പാണ്. തെലുങ്കിലെ ശങ്കരാഭരണത്തിലെയും സാഗരസംഗമത്തിലെയും ഗാനങ്ങൾ ക്ലാസിക്കുകളാണ്. നെഞ്ചിക്കുള്ളേ ഇന്നാരെന്ന്, വൈഗേ നദിവോരം, രാജാധിരാജ, സാമിക്കിട്ട സൊല്ലി, കണ്ണുക്കൊരു നിലവാ, സിവകാമി എന്നിങ്ങനെ ഇരുവരും ചേര്‍ന്നൊരുക്കിയ പ്രിയഗാനങ്ങള്‍ എണ്ണിയാലൊടുങ്ങില്ല. മലയാളത്തില്‍ പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയ്ക്കുവേണ്ടി ‘ഏഴാഴി നീന്തി’ എന്ന ഗാനവും ഈ സംഗീത ജോഡികള്‍ക്കായി സൃഷ്ടിക്കപ്പെട്ടതാണ്. ‘കര്‍ണാ’ എന്ന സിനിമയില്‍ വിദ്യാസാഗര്‍ ഈണം പകര്‍ന്ന ‘മലരേ മൗനമാ’ ജാനകിയുടെ ഭാഗം പാടി റെക്കോര്‍ഡ് ചെയ്തശേഷമായിരുന്നു സ്വന്തം ഭാഗംപാടാന്‍  എസ്.പി. ബാലസുബ്രഹ്മണ്യം എത്തിയത്. ജാനകി നല്‍കിയ ഭാവം പകരാന്‍ സാക്ഷാല്‍ എസ്.പി.ബി നേരം വെളുക്കുവോളം പാടി. അന്നത്തെ സ്റ്റുഡിയോ വാടക പോലും എസ്.പി.ബി നൽകിയെന്നാണ് സംഗീതലോകത്തെ കഥ.

ഒരു പാട്ടിലേക്ക് ഇരുവരുടെയും  ശബ്ദങ്ങൾ ഒന്നുചേരുമ്പോൾ വല്ലാത്തൊരു മാന്ത്രികതയായിരുന്നു. അത്രമേൽ ഒഴുക്കോടെയും താളലയങ്ങളോടെയുമായിരുന്നു ആ ശബ്ദങ്ങളുടെ കൂടിച്ചേരല്‍. ഒരു സംഗീതജ്ഞൻ എന്ന നിലയിൽ എസ്.പി.ബിക്ക് എസ്. ജാനകിയോടുണ്ടായിരുന്ന ആദരവ് വളരെ വലുതായിരുന്നു. ഏത്ര പ്രയാസമേറിയ പാട്ടും പൂര്‍ണതയോടെ പാടിത്തീര്‍ക്കാനുള്ള ജാനകിയമ്മയുടെ കഴിവും ശ്വാസ നിയന്ത്രണവുംഎസ്.പി.ബി പല അഭിമുഖങ്ങളിലും അത്ഭുതത്തോടെ പങ്കുവെച്ചിട്ടുണ്ട്.

എസ്.പി.ബി യാത്രയായപ്പോൾ ജാനകിയമ്മ അതീവ ദുഃഖത്തോടെ പറഞ്ഞിരുന്നു – ‘എന്റെ ഒരു പാതി നഷ്ടപ്പെട്ടു’ എന്ന്. കാരണം, അവർ വെറുമൊരു സംഗീത ജോഡിയായിരുന്നില്ല, സംഗീതത്തിലെ ഇരട്ടസഹോദരങ്ങളെപ്പോലെയായിരുന്നു. ഇപ്പോള്‍ ജാനകിയമ്മയും പാട്ടിന്‍റെ കൂടൊഴിഞ്ഞെങ്കിലും ശബ്ദം കൊണ്ട് അവര്‍ തീര്‍ത്ത മാന്ത്രികതകള്‍ക്ക് സംഗീതമുള്ളിടത്തോളം കാലം മരണമില്ല.

SP Balasubrahmanyam and S Janaki: A Musical Symphony:

SP Balasubrahmanyam and S Janaki were legendary singers who created musical magic together. Their unparalleled chemistry and vocal synchronicity made them an iconic duo in Indian cinema, leaving behind a rich legacy of timeless melodies