mammootty-dubai

Instagram

തന്‍റെ ഏറ്റവും പുതിയ ചിത്രമായ പേട്രിയറ്റിനെ കുറിച്ചുളള പ്രേക്ഷകരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മമ്മൂട്ടി. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ടുകൊണ്ടല്ല സിനിമ കാണേണ്ടതെന്നും സ്വന്തം ഇഷ്ടപ്രകാരം സിനിമ കാണണമെന്നും മമ്മൂട്ടി പറഞ്ഞു. തീര്‍ച്ചയായും ഇത് പ്രേക്ഷകര്‍ക്ക് വേണ്ടിയുളള സിനിമയാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ദുബായില്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാനെത്തിയതായിരുന്നു മമ്മൂട്ടി. ഇവിടെ വച്ചാണ് സിനിമയെക്കുറിച്ചുളള സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് മമ്മൂട്ടി മറുപടി നല്‍കിയത്.

മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ...'സിനിമ ഏതായാലും ഇറങ്ങി. പലതരത്തിലുളള അഭിപ്രായങ്ങളുണ്ട്. നല്ലതാണ്, ചീത്തയാണ്, പകുതി കൊളളാം, മുക്കാലും കൊളളാം എന്നൊക്ക. അങ്ങനെ എല്ലാവര്‍ക്കും ഓരോ അഭിപ്രായങ്ങളുണ്ടാകും. ഇത് നിങ്ങളില്‍ പലരും കേട്ടുകാണും. അതൊക്കെ കേട്ടിട്ടായിരിക്കും നിങ്ങള്‍ വന്നിരിക്കുന്നത്. എന്തായാലും നിങ്ങള്‍ക്ക് ഒരു അഭിപ്രായമുണ്ടാകുമല്ലോ...അത് തന്നെയാണ് വേണ്ടത്. ഈ സിനിമ പ്രേക്ഷകര്‍ക്ക് വേണ്ടി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും രസിക്കണം എന്ന തരത്തിലാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നതെന്നും' മമ്മൂട്ടി പറഞ്ഞു. 

'നമ്മള്‍ കാണാത്ത ഒരു വിഷയമാണ്. ചില ആളുകള്‍ പറയും ഞങ്ങള്‍ ഇത് പലപ്രാവശ്യം കണ്ടിട്ടുളളതാണെന്ന്. അവരുടെ അല്‍ഭുതകരമായ കാഴ്ചകളെപ്പറ്റി നമുക്കൊന്നും പറയാന്‍ പറ്റില്ല. എക്സ്പീരിയന്‍സ് ദിസ് സിനിമ. നമ്മുടെ സ്വകാര്യതയിലേക്കുളള ഒളിഞ്ഞുനോട്ടം വളരെ രൂക്ഷമായിക്കൊണ്ടിരിക്കുന്നൊരു  കാലമാണ്. നാട്ടുകാര്‍ക്ക് ആര്‍ക്കും എന്തും കാണാം..എന്തും പറയാം എന്ന അവസ്ഥയിലേക്കാണ് വന്നുനില്‍ക്കുന്നത്. അതിന്‍റെ ഒരു മുന്നറിയിപ്പാണ് സിനിമ. ഇതൊരു ബോധവത്കരണ സിനിമയൊന്നുമല്ല. പക്ഷേ അതിന് ശ്രമിച്ച ആളുകള്‍ക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമാണ് സിനിമയുടെ പ്രധാന കഥാതന്തുവെന്നും' മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയും മോഹന്‍ലാലും നാളുകള്‍ക്ക് ശേഷം ഒന്നിച്ചെത്തിയ ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചെയ്ത ചിത്രത്തിന്‍റെ റിലീസ് ചെയ്ത് മൂന്നാം ദിനം വന്‍സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നയന്‍താര, രേവതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ വന്‍താര നിര തന്നെ ചിത്രത്തിലുണ്ട്. ചിത്രം ആദ്യ ദിനം തന്നെ 29.1 കോടിയോളം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ENGLISH SUMMARY:

Mammootty has responded to audience criticisms of his latest film, Patriot. He stated that people should watch movies based on their own preferences rather than being influenced by others' opinions.